Connect with us

Gulf

ദോഹ- ദുബൈ റൂട്ടില്‍ ഡബിള്‍ ഡക്കര്‍ വിമാനം

Published

|

Last Updated

ദോഹ: ദുബൈയല്‍ നിന്ന് ദോഹയിലേക്ക് എ 380 ഡബിള്‍ ഡക്കര്‍ വിമാന സര്‍വീസുമായി എമിറേറ്റ്‌സ്. ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന സര്‍വീസ് ലോക വ്യോമയാന ചരിത്രത്തിലും ഇടം പിടിക്കും. എ 380 വിമാനം സര്‍വീസ് നടത്തുന്ന ലോകത്തെ ഏറ്റവും ദൂരം കുറഞ്ഞ റൂട്ടാണെന്നതാണ് സവിശേഷത.
ദുബൈക്കും ദോഹക്കുമിടയില്‍ 379 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഒരു മണിക്കൂറാണ് പറന്നെത്താന്‍ വേണ്ട സമയം. ദുബൈക്കും ദോഹക്കുമിടയില്‍ യാത്രക്കാര്‍ വര്‍ധിച്ചതു പരിഗണിച്ചാണ് വലിയ വിമാനം സര്‍വീസ് നടത്തുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ദോഹയിലേക്ക് രണ്ട് പ്രതിനിദ വിമാനങ്ങള്‍ അടുത്തിടെ എമിറേറ്റ്‌സ് വര്‍ധിപ്പിച്ചിരുന്നു.
ഒമ്പതു സര്‍വീസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതില്‍ ഒരു സര്‍വീസായിരിക്കും എയര്‍ബസ് എ 380 ഉപയോഗിച്ച് നടത്തുക. എമിറേറ്റ്‌സിന്റെ സര്‍വീസ് നഗരങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ വഹിക്കുന്ന നഗരം കൂടിയാണ് ദോഹ. ഈ വര്‍ഷം ജനുവരി മുതല്‍ ഇതു വരെ ഏഴു ലക്ഷം യാത്രക്കാരെയാണ് ദുബൈക്കും ദോഹക്കുമിടയില്‍ എമിറേറ്റ്‌സ് വഹിച്ചത്.
ഖത്വര്‍ അധികൃകരുടെ പിന്തുണയുടെ കൂടി അടിസ്ഥാനത്താലാണ് എ 380 വിമാനം സര്‍വീസ് നടത്താന്‍ അവസരമൊരുങ്ങിയതെന്ന് എമിറേറ്റ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇ കെ 841 എന്ന നമ്പറിലുള്ള രണ്ടുനില വിമാനം രാവിലെ 7.45ന് ദുബൈയില്‍നിന്നു പുറപ്പെട്ട് 8.05ന് ദോഹയില്‍ ഇറങ്ങും. തിരിച്ചുള്ള ഇ കെ 842 വിമാനം 9.50ന് പുറപ്പെട്ട് ഉച്ചക്ക് 12ന് ദുബൈയില്‍ ഇറങ്ങും. മൂന്നു തരം സീറ്റുകളാണ് വിമാനത്തിലുണ്ടാകുക.
429 എകോണമി സീറ്റുകള്‍ മെയിന്‍ ഡക്കിലായിരിക്കും. ബിസിനസ് ക്ലാസില്‍ 76 ഫഌറ്റ് ബെഡ് സീറ്റുകള്‍, അപ്പര്‍ ഡക്കില്‍ 14 ഫസ്റ്റ് ക്ലാസ് പ്രൈവറ്റ് സ്യൂട്ട് ഇങ്ങനെയാണ് ക്രമീകരണം. ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഓണ്‍ ബോര്‍ഡ് ലോഞ്ച് ഉപോയിക്കാം.
ഡബിള്‍ ഡക്കര്‍ യാത്രക്ക് എകോണമി ക്ലാസില്‍ ദോഹയില്‍നിന്നും ദുബൈയിലേക്ക് 385 റിയാലാണ് നിരക്ക നിശ്ചയിച്ചിരിക്കുന്നത്. ബാംഗോക്കിലേക്ക് 1915, ലണ്ടന്‍ 2085, ലോസ് ഏഞ്ചല്‍സ് 3415 റിയാലിലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
എ 380 വിമാനത്തില്‍ ദീര്‍ഘദൂര നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കു കൂടി ദോഹയില്‍ നിന്നു തന്നെ പുറപ്പെടാനും തിരിച്ചു വരാനും അവസരമൊരുക്കുകയാണ് പുതിയ സര്‍വീസിലൂടെ എമിറേറ്റ്‌സിന്റെ ലക്ഷ്യം.