ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി കൂടുന്നു

Posted on: October 31, 2016 12:38 pm | Last updated: November 2, 2016 at 8:17 pm
SHARE

Close up of hot dog. Fast food. Isolated over white background.ദോഹ: ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജിക്ക് വിധേയമാകുന്നവരുടെ എണ്ണം കൂടിവരുന്നതായി മെഡിക്കല്‍ വിദഗ്ധര്‍. ഭക്ഷണം പറ്റാതിരിക്കലും അലര്‍ജിയും ആരോഗ്യ പ്രശ്‌നമായി ഉയരുന്നുണ്ട്. ഭക്ഷണസാധനങ്ങളിലെ കീടനാശിനിയുടെയും കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന സാധനങ്ങളുടെയും വര്‍ധിച്ച സാന്നിധ്യമാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരത്തിലെ അസാധാരണ പ്രതിരോധ സംവിധാനം ആന്റിബോഡീസിനെ ഉത്പാദിപ്പിക്കുകയും തവിട്, പാലുത്പന്നങ്ങള്‍, കടല്‍ഭക്ഷണം തുടങ്ങിയവക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. ചില സ്വകാര്യ ക്ലിനിക്കല്‍ ലാബുകളില്‍ ഭക്ഷണ അലര്‍ജി പരിശോധനക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗമാണ് ഭക്ഷണ അലര്‍ജിക്ക് പ്രധാന കാരണമെന്ന് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുടുംബ ഡോക്ടറായ ഫാറൂഖ് അന്‍വര്‍ പറയുന്നു.
പരമ്പരാഗത ഭക്ഷണ സാധനങ്ങള്‍ക്ക് പകരം അടുക്കളകളില്‍ വിദേശ ഭക്ഷണങ്ങള്‍ വ്യാപിച്ചതും ഇതിന് കാരണമാണ്. സാധാരണ ലക്ഷണങ്ങള്‍ വെച്ചുനോക്കിയാണ് ഡോക്ടര്‍മാര്‍ ഇതിന് ചികിത്സിക്കാറുള്ളത്. ഗുരുതര ഭക്ഷണ അലര്‍ജികളില്‍ ലാബ് പരിശോധന നടത്തും. ശീതീകരിച്ച് മരവിപ്പിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണവും അലര്‍ജിക്ക് കാരണമാണ്. കഴിക്കാത്ത ഭക്ഷണമാണ് അലര്‍ജിക്ക് കാരണമെന്ന് ചിലപ്പോള്‍ ലാബ് പരിശോധന ഫലത്തില്‍ കണ്ടേക്കാം. ഇതിന് ഫാള്‍സ് പോസിറ്റീവ് എന്നാണ് പേര്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശവും നിരീക്ഷണവും അനിവാര്യമാണ്.
ആന്റിബോഡീസ് ഉത്പാദിപ്പിക്കാത്ത ഭക്ഷണം കഴിച്ചാല്‍ പോലും ചിലരില്‍ അലര്‍ജി ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇതിന് ഫുഡ് ഇന്റോളറന്‍സ് എന്നാണ് സാങ്കേതികമായി പറയുക. അലര്‍ജികളില്‍ ആന്റിബോഡീസ് ഉത്പാദിപ്പിക്കുമെങ്കിലും ഫുഡ് ഇന്റോളറന്‍സില്‍ ആന്റിബോഡീസ് ഉത്പാദിപ്പിക്കില്ല. അലര്‍ജിയേക്കാള്‍ സാധാരണമാണ് ഫുഡ് ഇന്റോളറന്‍സ്. ഇതിന്റെ ലക്ഷണങ്ങള്‍ സാവധാനത്തിലാണ് പ്രകടമാകാന്‍ തുടങ്ങുക. ഭക്ഷണം കഴിച്ച് ചിലപ്പോള്‍ മണിക്കൂറുകള്‍ എടുത്തേക്കാം ലക്ഷണങ്ങള്‍ പ്രകടമാകാന്‍.
ഭക്ഷണശാലകളില്‍ പഴക്കം ചെന്ന സാധനങ്ങള്‍ വില്‍ക്കുന്നതോ ശുചിത്വമില്ലാതെ ഭക്ഷണം പാകം ചെയ്യുന്നതോ അല്ല ഇവക്ക് കാരണം. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ അധികൃതര്‍ സദാജാഗരൂകരും നിരന്തര പരിശോധനകള്‍ നടത്താറുമുണ്ട്. അതേസമയം, മനുഷ്യനേത്രങ്ങള്‍ കണ്ടെത്തുന്നതിലപ്പുറമാണ് ഈ പ്രശ്‌നങ്ങളുടെ കാരണം.
സംസ്‌കരിച്ച ഭക്ഷണസാധനങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകളും പഴങ്ങളിലും പച്ചക്കറികളിലുമുള്ള കീടനാശിനിയും നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ സാധിക്കില്ല.
ഭക്ഷ്യവിഷബാധയും വര്‍ധിക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ. യഹ്‌യ മുളികണ്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്‌കരിച്ച ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് ഇതിന് പിന്നില്‍. ഈ രോഗത്തെ സംബന്ധിച്ച് ബോധവാന്മാരല്ലാത്തതിനാല്‍ അധിക പേരും ഡോക്ടറെ കാണുകപോലുമില്ല.
കീടനാശിനി ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നല്ലതല്ല. ഉപയോഗിക്കുന്നതിന് മുമ്പ് ഇവ ധാരാളം വെള്ളം ഉപയോഗിച്ച് കഴുകണം. പച്ചക്ക് തിന്നുന്ന കുക്കുമ്പര്‍ പോലുള്ളവ പ്രത്യേകം ശ്രദ്ധിച്ചേ ഉപയോഗിക്കാവൂ. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ആമാശയം, കുടല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കാണുക.
ചര്‍മം തടിക്കുന്നതും ശ്വസിക്കാനുള്ള പ്രയാസവുമാണ് ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here