ഭിന്നത സൃഷ്ടിച്ചവർ ഐക്യത്തെ കുറിച്ച് സംസാരിക്കുന്നത് അസംബന്ധം: മന്ത്രി കെ.ടി. ജലീൽ

Posted on: October 31, 2016 1:15 am | Last updated: October 31, 2016 at 11:54 am

kt-jaleelകൂറ്റനാട്: രാഷ്ട്രീയമായ ലക്ഷ്യങ്ങൾക്ക് മതത്തേയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി മുസ് ലിം സമുദായത്തിലെ ഐക്യവും സമാധാനവും തകർത്തവർ ഇപ്പോൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. ആളുകളെ കൊല്ലുകയും പള്ളികളും മദ്റസകളും പൂട്ടിക്കുകയും മതപണ്ഡിതന്മാരെ അവഹേളിക്കുകയും ചെയ്തവർക്ക് ഐക്യത്തെ പറ്റി മിണ്ടാൻ അവകാശമില്ല. ഐക്യത്തെക്കുറിച്ച് പറയാൻ അർഹതയുണ്ടാവണമെങ്കിൽ ഒരു ജനതയെ ഒന്നായിക്കാണാൻ സാധിക്കണം. അതിന് കഴിയാതെ ഐക്യത്തെക്കുറിച്ച് പറ്റി മിണ്ടരുതെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറങ്ങാടി പറക്കുളം സ്വലാഹുദ്ദീൻ അയ്യൂബി കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഞാൻ വഖഫ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇത്തരത്തിലുളള ഒരുപാട് പരാതികൾ എൻറെ മുമ്പിൽ വരികയുണ്ടായി. പളളികളിൽ ജുമുഅ പോയിട്ട് നിസ്കാരം പോലും നടത്താനാവാത്ത ദുർഗതി. ഇതൊക്കെ ഉണ്ടാക്കുന്നവർ ഐക്യത്തെ കുറിച്ച് പറയുന്നത് യഥാർത്ഥ ഐക്യം ആഗ്രഹിച്ചല്ല.

ബഹുമത സാമൂഹിക സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിൽ ഏക സിവിൽ കോഡ് ഒരിക്കലും നടപ്പാക്കാൻ  സാധിക്കില്ല. മറ്റുമതസ്ഥരുമായി ഇടകലർന്ന് ജീവിക്കുന്നത് മതവിരുദ്ധമല്ല. അതിന് പ്രോത്സാഹനജനകമായ നിലപാട് സ്വീകരിച്ചവരാണ് സുന്നികൾ. അതിന് വിരുദ്ധമായി നമ്മുടെ നാട്ടിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് പരിഷ്കർത്താക്കൾ എന്ന്  അവകാശപ്പെടുന്നവരാണ്. അതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. അത് തിരിച്ചറിയാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

അയ്യൂബി പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉറുസെ അയ്യൂബി ഉദ്ഘാടനം ചെയ്തു. ഒറവിൽ ഹൈദർ മുസലിയാർ അദ്ധ്യക്ഷനായിരുന്നു. വി.ടി. ബൽറാം എംഎൽഎ മുഖ്യാതിഥിയായി. ഡോ. അബ്ദുസ്സലാം മുസ് ലിയാര്‍ ദേവര്‍ശോല മുഖ്യപ്രഭാഷണം നടത്തി. സൈദലവി ബാഖവി, പി.കെ. ഉമർ ഫൈസി മാരായംകുന്ന്, സ്വാലിഹ് മുസ്ലിയാർ കക്കിടിപ്പുറം,
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഇ. വി. അബ്ദുറഹ്മാൻ, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറസാഖ് സഅദി ആലൂര്‍, ഡോ. ഹുറൈർകുട്ടി, എ എ അബ്ദുല്ലക്കുട്ടി, എൻ. മൊയ്തീൻകുട്ടി ഹാജി,
അബ്ദുല്‍ കബീര്‍ അഹ് സനി, അശ്റഫ് അഹ്സനി ആനക്കര, അയ്യൂബി ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി വി അബൂബക്കര്‍ മാസ്റ്റര്‍, സി.എം. ഉമർ, കേരള ഹസ്സനാജി, വിവ കുഞ്ഞാപ്പ ഹാജി, കെ.പി. ഉബൈദുല്ല ഹാജി, ജമാലുദ്ദീൻ ഫൈസി, അബ്ദുറഹ്മാൻ ഹാജി കുഞ്ഞിക്കാസ്,  അബ്ദുന്നസ്വീര്‍ സലഫി, ഫൈസൽ സഖാഫി കൂടല്ലൂർ, , ജാബിർ ഒ., സഫ് വാന്‍ റഹ് മാനി, സെക്രട്ടറി കെ. ഷെബീര്‍ സംബന്ധിച്ചു.