നിര്‍ധന വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധന സഹായ വിതരണം നിലച്ചു

Posted on: October 29, 2016 5:36 am | Last updated: October 28, 2016 at 11:37 pm

കണ്ണൂര്‍: സാമൂഹികക്ഷേമവകുപ്പ് നല്‍കിവരുന്ന സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായ വിതരണവും വിധവകള്‍ക്കുള്ള ദേശീയ കുടുംബ സഹായ നിധി വിതരണവും മുടങ്ങി. വിവാഹം നടന്ന് ഏറ്റവും ചുരുങ്ങിയത് ആറു മാസത്തിനകം ധനസഹായം നല്‍കണമെന്ന തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. വിവാഹത്തിനു നിശ്ചയിച്ചിട്ടുള്ള തീയതിക്ക് കുറഞ്ഞത് ഒരു മാസത്തിനുമുമ്പെങ്കിലും അപേക്ഷ സര്‍പ്പിച്ചാലാണ് വിധവകളുടെ പെണ്‍മക്കള്‍ക്ക് സര്‍ക്കാര്‍ ധനഹായമായി 30,000 രൂപ അനുവദിക്കുന്നത്. പാവപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ തുക വലിയ ആശ്വാസമായിരുന്നു.പഞ്ചായത്താഫീസില്‍ നല്‍കുന്ന അപേക്ഷയിന്‍മേല്‍ വളരെപ്പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും സാമ്പത്തിക സഹായം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.ഫണ്ടില്ലെന്ന കാരണമാണ് ഇതു സംബന്ധിച്ച് അന്വേഷിക്കുന്നവര്‍ക്ക് ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടി.
നേരത്തെ ഇക്കാര്യത്തിലുള്ള അറിവില്ലായ്മമൂലം പെണ്‍കുട്ടികള്‍ വിവാഹധനസഹായത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുന്നത് ആനുകൂല്യ നിഷേധത്തിനു കാരണമായിരുന്നു. ഇക്കാരണത്താല്‍ സര്‍ക്കാര്‍ നിയമഭേദഗതി നടത്തിയിരുന്നു. ഏതെങ്കിലും അപേക്ഷകര്‍ക്ക് മതിയായ കാരണങ്ങളാലാണ് സമയപരിധി പാലിക്കാന്‍ സാധിക്കാതെവന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ അവരുടെ അപേക്ഷകളില്‍ വിവാഹം നടന്ന തീയതി മുതല്‍ ആറു മാസം വരെയുള്ള കാലതാമസം ഇളവുചെയ്ത് ആനുകൂല്യം നല്‍കുകയെന്ന ഭേദഗതിയാണ് ഇതിലെടുത്തത്.ധനസഹായം തഴയപ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലുള്ള പെണ്‍കുട്ടികള്‍ക്ക് അതു വലിയ അനുഗ്രഹമായിരുന്നു.
എന്നാല്‍ സഹായ വാഗ്ദാനം പലപ്പോഴും കടലാസിലൊതുങ്ങുകയാണ്. അതേസമയം വിധവകള്‍ക്കുള്ള ദേശീയ കുടുംബ സഹായ നിധി വിതരണം തീര്‍ത്തും മുടങ്ങി. 2012ല്‍ അപേക്ഷിച്ചവര്‍ക്ക് പോലും ഇതുവരെയായിട്ടും തുക നല്‍കാനായിട്ടില്ല. സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ വിധവകള്‍ക്ക് സഹായ നിധി ലഭിക്കാനുണ്ടെന്നാണ് ഏകദേശകണക്ക്. ബന്ധപ്പെട്ട തഹസില്‍ദാര്‍ ഓഫീസുകളില്‍ അപേക്ഷകള്‍ പാസ്സാക്കി വച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ ഫണ്ട് നല്‍കുന്നില്ല.
1997ലാണ് ദേശീയ കുടുംബ സഹായനിധി തുടങ്ങിയത്. തുടക്കത്തില്‍ 10,000 രൂപയായിരുന്നു. 2012 ഒക്ടോബറിലാണ് 20,000 രൂപയായി വര്‍ധിപ്പിച്ചത്. ഇതിന് ശേഷമാണ് സഹായനിധി വിതരണം താളംതെറ്റിയത്. ഈ ആനുകൂല്യം ഒഴിവാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതെന്നാണ് ആക്ഷേപം. വരുമാന പരിധി കൂട്ടിയാല്‍ മാത്രമെ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. വരുമാനത്തിന്റെ പേരില്‍ ഒട്ടേറെ അപേക്ഷകള്‍ തള്ളപ്പെടുകയാണ്. കേരളത്തില്‍ വാര്‍ഷിക വരുമാനം 11,000ത്തിന് താഴെയുള്ളവര്‍ വിരളമാണ്. അപേക്ഷകരുടെ എണ്ണം കുറച്ച്, ആനുകൂല്യം പരിമിതപ്പെടുത്താനാണ് കേന്ദ്ര ത്തിന്റെ നീക്കമെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് ഒടുവില്‍ തുക അനുവദിച്ചത്. ഈ ഫണ്ട് അപര്യാപ്തമായിരുന്നു. അതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രമെ സഹായ നിധി നല്‍കാന്‍ പറ്റിയുള്ളൂ. 59 വയസ്സിന് മുമ്പ് ഭര്‍ത്താവ് മരിച്ചവര്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യമായ കുടുംബ സഹായ നിധി അനുവദിക്കുന്നത്. അപേക്ഷകര്‍ ബിപിഎല്‍ കുടുംബത്തില്‍പ്പെട്ടവരായിരിക്കണം. വാര്‍ഷിക വരുമാനം 11,000 രൂപയില്‍ കൂടാന്‍ പാടില്ല. ഭര്‍ത്താവ് മരിച്ചാല്‍ ഒരുമാസത്തിനകം തഹസില്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തഹസിദാര്‍ ഇത് പരിശോധനയ്ക്കായി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്ക് അയച്ചുകൊടുക്കും. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാരാണ് അപേക്ഷ പാസ്സാക്കുക. ഒരു മാസം കഴിഞ്ഞാല്‍ മാപ്പപേക്ഷയായി കലക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. കലക്ടര്‍ ഇത് തഹസിദാര്‍ക്ക് അയച്ചുകൊടുക്കും. 20,000 രൂപയാണ് സഹായ നിധിയായി ഇപ്പോള്‍ നല്‍കുന്നത്.എന്നാല്‍ ഇതും ഇപ്പോള്‍ തഴയപ്പെട്ടു.