മക്ക ലക്ഷ്യമായി വന്ന മിസൈല്‍ സഊദി സഖ്യസേന തകര്‍ത്തു

Posted on: October 28, 2016 9:00 pm | Last updated: October 29, 2016 at 10:18 am

houthi_12ജിദ്ദ: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്ത് വിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സഊദി സഖ്യ സേന. മക്കയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ വെച്ചാണ് മിസൈല്‍ തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് യമനിലെ സആദ പ്രവിശ്യയില്‍ നിന്ന് ഹൂതികള്‍ മക്കയെ ലക്ഷ്യമാക്കി മിസൈല്‍ അയച്ചത്. അതേസമയം ലക്ഷ്യം ജിദ്ദ വിമാനത്താവളമായിരുന്നുവെന്ന് വിമതര്‍ വ്യക്തമാക്കി.
മക്കയില്‍ നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണ് സആദ. ഹൂതി വിമതര്‍ക്കെതിരെ സഊദി സഖ്യസേന കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രത്യാക്രമണമെന്ന നിലക്ക് അതിര്‍ത്തിയില്‍ നിന്ന് സഊദി നഗരങ്ങളെ ലക്ഷ്യമാക്കി പലതവണ വിമതര്‍ ആക്രമണം നടത്തിയിരുന്നു. വിമതരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഊദി പാട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്.
യമന്‍ അതിര്‍ത്തിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള മക്കക്ക് നേരെ ഇത് രണ്ടാം തവണയാണ് ഹൂതി വിമതരുടെ ആക്രമണമുണ്ടാകുന്നത്. മക്കയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ത്വാഇഫിന് സമീപം വെച്ച് ഈ മാസം ഒമ്പതിന് ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഊദി തകര്‍ത്തിരുന്നു. അതേസമയം വ്യാഴാഴ്ച ഹൂതി വിമതരുടെ ആക്രമണത്തില്‍ സഊദിയിലെ ജിസാനില്‍ രണ്ട് നില കെട്ടിടം നിലം പൊത്തി.