അഫ്ഗാന്‍ അഭയാര്‍ഥികളുടെ പ്രതീകമായിരുന്ന ഷര്‍ബത് ഗുല പാക്കിസ്ഥാനില്‍ അറസ്റ്റില്‍

Posted on: October 26, 2016 2:39 pm | Last updated: October 27, 2016 at 10:00 am

sarbath-gulaന്യൂഡല്‍ഹി: അഫ്ഗാന്‍ ആഭ്യന്തര കലാപത്തിന്റെ ഇരകളുടെ മുഖമായിരുന്ന ഷര്‍ബത് ഗുല പാക്കിസ്ഥാനില്‍ അറസ്റ്റില്‍. പാക് പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതിനാണ് ഷര്‍ബത് ഗുല പിടിയിലായത്. പാക്, അഫ്ഗാന്‍ പൗരത്വം ഇങ്ങനെ കൃത്രിമമായി ഇവര്‍ ഉണ്ടാക്കിയെടുത്തിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി.

1984 പെഷവാറില്‍ നിന്നാണ് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കറെ ഷര്‍ബത് ഗുലയുടെ ചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് 1985ല്‍ മാഗസിന്റെ കവര്‍ചിത്രമായി ഈ ചിത്രം അച്ചടിച്ചു. അന്ന് 12 വയസായിരുന്നു ഷര്‍ബത് ഗുലയുടെ പ്രായം. ഇപ്പോള്‍ ഇവര്‍ക്ക് 40 വയസായി.

ഇവരുടെ പച്ച കണ്ണുകളാണ് ഫോട്ടോ ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത്. അഫ്ഗാന്‍ മൊണാലിസ എന്ന വിശേഷണമാണ് ചിത്രം പ്രശസ്തമായതോടെ ഷര്‍ബത് ഗുലക്ക് ചാര്‍ത്തിക്കിട്ടിയത്.