Connect with us

Gulf

ഇന്തോനേഷ്യന്‍ വൈദ്യുതി മേഖലയില്‍ ഖത്വര്‍ കമ്പനി 492 കോടി നിക്ഷേപിക്കും

Published

|

Last Updated

ദോഹ: ഖത്വറിലെ പൊതുമേഖലാ കമ്പനിയായ നിബ്രാസ് പവര്‍ ഇന്തോനേഷ്യയിലെ വൈദ്യുതോത്പാദന പദ്ധതിയില്‍ 492 കോടി റിയാല്‍ നിക്ഷേപിക്കും. നിബ്രാസ് ചെയര്‍മാനും ഖത്വര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനിയുടെ ജനറല്‍ മാനേജരും മാനേജിംഗ് ഡയറക്ടറുമായ ഫഹദ് ബിന്‍ ഹമദ് അല്‍ മുഹന്നദി ഖത്വര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിക്ഷേപം വെളിപ്പെടുത്തിയത്. രാജ്യത്തെ ഒരു പൊതുമേഖലാ സംരംഭം ഖത്വറിനു പുറത്ത് നടത്തുന്ന വലിയ നിക്ഷേപങ്ങളിലൊന്നാണിത്.
രാജ്യത്തിനു പുറത്ത് വിവിധ ഊര്‍ജ പദ്ധതികളില്‍ ഇതിനകം നിബ്രാസ് നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ പെയ്റ്റന്‍ വൈദ്യുതോത്പാദന പദ്ധതി സംബന്ധിച്ച് മൂന്നു വര്‍ഷമായി പഠനം നടത്തി വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപം സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളും. വികസിച്ചു വരുന്ന രാജ്യങ്ങളില്‍ വൈദ്യുതി ആവശ്യവും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ ഊര്‍ജോത്പാദന രംഗത്ത് നിക്ഷേപ സാധ്യതകളുണ്ട്. സഊദി, കുവൈത്ത്, യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലും അവസരമുണ്ട്. നിബ്രാസ് കൂടുതല്‍ അവസരങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലും മികച്ച നിക്ഷേപാവസരങ്ങളുണ്ട്.
ഖത്വറില്‍ സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി ഖത്വര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി ഖത്വര്‍ പെട്രോളിയവുമായി ധാരണാപത്രം ഒപ്പു വെച്ചതായി അദ്ദേഹം അറിയിച്ചു. വൈദ്യതി ഉത്പാദനത്തിന് സൗരോര്‍ജം ഉപയോഗിക്കുന്നത് കൂടുതല്‍ പ്രകൃതി വാതകം വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് അവസരം സൃഷ്ടിക്കുമെന്നതു കൊണ്ടാണ് പദ്ധതിയുമായി രംഗത്തു വരാന്‍ ക്യു പിയെ പ്രേരിപ്പിക്കുന്നത്. സൗരോര്‍ജ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സിറാജ് എനര്‍ജി എന്ന പേരില്‍ പുതിയ കമ്പനി രൂപവത്കരിക്കുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ സൗരോര്‍ജ ഉത്പാദനം ആരംഭിക്കാനാകും. മറ്റു പുനരുത്പാദന സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതകളും കമ്പനി ആരായുന്നു. സൗരോര്‍ജോത്പാദനത്തിന് ആറു വര്‍ഷം മുമ്പുണ്ടായിരുന്ന ചെലവ് ഇപ്പോള്‍ നാലിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ സൗരോര്‍ജ മേഖലയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതലായി കടന്നു വരേണ്ടതുണ്ട്.
എണ്ണവിലക്കുറവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇലക്ട്രിസിറ്റി, വാട്ടര്‍ കമ്പനിയെയും ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ വൈദ്യുത പദ്ധതികളെ ബാധിച്ചിട്ടില്ല. മൂന്നു വര്‍ഷത്തെ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ശേഷി കമ്പനിക്കുണ്ട്. ഉമ്മുല്‍ ഹൂല്‍ പവര്‍ പ്ലാന്റ് നിര്‍മാണം 60 ശതമാനം പൂര്‍ത്തായായി.
റാസ് അബു എ 3 പദ്ധതി ഇതിനകം പൂര്‍ത്തിയായി. എന്നാല്‍ ഭാവി പദ്ധതികളെ പ്രതിസന്ധി ബാധിച്ചേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ പദ്ധതികള്‍ വൈകാം. രാജ്യത്ത് പ്രതിവര്‍ഷം വൈദ്യതി ആവശ്യം ആറു ശതമാനം വീതമാണ് വര്‍ധിക്കുന്നത്. ഓരോ മൂന്നു വര്‍ഷത്തിലും പുതിയ വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇതു കാരണമാകുന്നു.
അതേസമയം, എണ്ണവില പ്രതിസന്ധി രാജ്യത്തെ ജല പദ്ധതിളെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജല സംഭരണ സൗകര്യം നിര്‍മിക്കുന്നതിന് തയാറെടുക്കുകയാണ് രാജ്യം. ശുദ്ധജല സംസ്‌കരണ പ്ലാന്റിന്റെ ആവശ്യം കൂടി മുന്നില്‍ കണ്ടാണ് സംഭരണി സ്ഥാപിക്കുന്നത്. ഖത്വര്‍ ഇല്ക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനിയുടെ നിക്ഷേപം ഈ വര്‍ഷം 300 കോടി ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest