ഫോണ്‍ ചോര്‍ത്തല്‍: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: October 24, 2016 10:28 am | Last updated: October 24, 2016 at 12:31 pm
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് പരാതിയൊന്നും നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാറിന്റെ നയമല്ല. ജേക്കബ് തോമസിന് സര്‍ക്കാരിന് പൂര്‍ണ പിന്തുണയുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഫോണ്‍ ചോര്‍ത്തുന്നുവെന്ന ജേക്കബ് തോമസിന്റെ പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസിന് മുഖ്യമന്ത്രിയെ പോലും വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.