നിങ്ങളുടെ കുട്ടികള്‍ മതം പഠിക്കുന്നത് എവിടെ നിന്നാണ്?

നിങ്ങളുടെ കുട്ടികള്‍ മതം പഠിക്കുന്നത് എവിടെ നിന്നാണ്? കുട്ടികള്‍ സിനിമ കാണുന്നുണ്ടോ, മദ്യപിക്കുന്നുണ്ടോ, അനാവശ്യപ്രവര്‍ത്തനങ്ങളില്‍ സമയം കളയുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടാകും. എന്നാല്‍ അവര്‍ ദീന്‍ പഠിക്കുന്നത് എങ്ങനെ എന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടോ? തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മുസ്ലിം സമുദായത്തിലെ ചില ചെറുപ്പക്കാര്‍ നാടുവിട്ട വാര്‍ത്തകള്‍ വായിക്കുന്ന ഒരു കാലത്ത് തീര്‍ത്തും പ്രധാനപ്പെട്ട ചോദ്യമാണിത്. മതവിഷയങ്ങള്‍ പഠിക്കാന്‍ നമ്മുടെ കുട്ടികള്‍ റഫര്‍ ചെയ്യുന്നത് എന്തൊക്കെയാണ്? ആരെയാണ് അവര്‍ കേട്ടുകൊണ്ടിരിക്കുന്നത്? ഇസ്ലാമിന്റെ അടിസ്ഥാന പഠനങ്ങളും ആശയപഠനങ്ങളും കുട്ടികള്‍ വായിക്കുന്നതും മനസ്സിലാക്കുന്നതും എവിടെ നിന്നാണ്? ഓണ്‍ലൈന്‍ വായനയില്‍ അവര്‍ എവിടെയൊക്കെ എത്തിപ്പെടുന്നു? നമ്മുടെ കുട്ടികളുടെ നിഷ്‌കളങ്കമായ ചിന്തകളെ തെറ്റായ സ്വാധീനിക്കാന്‍ ആരെങ്കിലും മനഃപൂര്‍വം ശ്രമിക്കുന്നുണ്ടോ?
Posted on: October 24, 2016 9:36 am | Last updated: October 24, 2016 at 9:36 am

madrasaഒരു ചോദ്യം കൊണ്ട് തുടങ്ങാം: നിങ്ങളുടെ കുട്ടികള്‍ മതം പഠിക്കുന്നത് എവിടെ നിന്നാണ്? കുട്ടികള്‍ സിനിമ കാണുന്നുണ്ടോ, മദ്യപിക്കുന്നുണ്ടോ, അനാവശ്യപ്രവര്‍ത്തനങ്ങളില്‍ സമയം കളയുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടാകും. എന്നാല്‍ അവര്‍ ദീന്‍ പഠിക്കുന്നത് എങ്ങനെ എന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടോ?
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മുസ്ലിം സമുദായത്തിലെ ചില ചെറുപ്പക്കാര്‍ നാടുവിട്ട വാര്‍ത്തകള്‍ വായിക്കുന്ന ഒരു കാലത്ത് തീര്‍ത്തും പ്രധാനപ്പെട്ട ചോദ്യമാണിത്. മതവിഷയങ്ങള്‍ പഠിക്കാന്‍ നമ്മുടെ കുട്ടികള്‍ റഫര്‍ ചെയ്യുന്നത് എന്തൊക്കെയാണ്? ആരെയാണ് അവര്‍ കേട്ടുകൊണ്ടിരിക്കുന്നത്? ഇസ്ലാമിന്റെ അടിസ്ഥാന പഠനങ്ങളും ആശയപഠനങ്ങളും കുട്ടികള്‍ വായിക്കുന്നതും മനസ്സിലാക്കുന്നതും എവിടെ നിന്നാണ്? ഓണ്‍ലൈന്‍ വായനയില്‍ അവര്‍ എവിടെയൊക്കെ എത്തിപ്പെടുന്നു? നമ്മുടെ കുട്ടികളുടെ നിഷ്‌കളങ്കമായ ചിന്തകളെ സ്വാധീനിക്കാനും സാമൂഹിക വിരുദ്ധ, ദേശവിരുദ്ധ, ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മടിയേതുമില്ലാതെ ചെയ്യാന്‍ അവരെ തയ്യാറാക്കാനും ആരെങ്കിലും മനഃപൂര്‍വം ശ്രമിക്കുന്നുണ്ടോ?
അടുത്തിടെ നാം വായിച്ച ചില വാര്‍ത്ത കള്‍ ഒട്ടും ആശ്വാസകരമല്ല. വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗവുമായി ബന്ധപ്പെട്ട് സലഫീ പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. മുസ്ലിംകളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്, അമുസ്ലിം കലണ്ടര്‍ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളാണ് അറസ്റ്റിലേക്ക് നയിച്ച ഇയാളുടെ പ്രസംഗത്തില്‍ പരമാര്‍ശിച്ചിട്ടുള്ളത്. മുസ്ലിംകളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്ലിംകളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അദ്ദേഹം പറയുന്നു. വിനോദ യാത്രക്ക് വേണ്ടി മുസ്ലിംകളല്ലാത്തവരുടെ സ്ഥലങ്ങളില്‍ പോകരുത്, ഇതര മതവിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ഥികക്കുക പോലും ചെയ്യരുതെന്നും അയാള്‍ പറഞ്ഞുകളഞ്ഞു.
കേരളത്തില്‍ ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയും അന്വേഷണം നേരിടുകയും ചെയ്യുന്നവരെല്ലാം സലഫി പ്രസ്ഥാനവുമായി അടുപ്പമുള്ളവരാണ് എന്നതാണ് വാര്‍ത്ത. സംസ്ഥാനത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുപതോളം പേര്‍ ഒരു പ്രത്യേക സലഫിധാരയില്‍ അകപ്പെട്ടതാണെന്ന നിഗമനം ശരിയാണ് എന്ന് ദൃഢപ്പെടുത്തുന്നതാണ് അതിനു ശേഷം കണ്ണൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായവരുടെ വിശ്വാസപശ്ചാത്തലം. യമനില്‍ 1980ല്‍ ഉദയം ചെയ്ത ദമ്മാജ് സലഫിസം എന്ന വിചിത്ര വിശ്വാസ വഴിയിലേക്കാണ് കേരളത്തില്‍ നിന്നുള്ളവര്‍ പലായനം ചെയ്തതെന്നാണ് ലഭ്യമാവുന്ന ബലപ്പെട്ട സൂചനകള്‍. കേരളത്തില്‍ ഇതിനുമുമ്പ് അധികം അറിയപ്പെടാതിരുന്ന ദമ്മാജ് സലഫിസത്തെക്കുറിച്ച് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണങ്ങള്‍ മുന്നേറുകയാണ്.
ഏറ്റവും ഒടുവില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പാഠപുസ്തക വിവാദവും ചര്‍ച്ചയായി. അവിടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത് മതനിരപേക്ഷതക്ക് യോജിക്കാത്ത പാഠങ്ങളാണെന്നാണ് പറയുന്നത്.
ഇത്തരം വാര്‍ത്ത കള്‍ മുസ്ലിം സമുദായത്തിന് ഏല്‍പ്പിച്ച പരുക്കുകള്‍ വളരെ വലുതാണ്. കേരളത്തില്‍ വിവിധ ഗ്രൂപ്പുകളായി ചിതറിക്കിടക്കുന്ന മുജാഹിദ് സംഘടനകള്‍, ഇസ്ലാമികഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജന്മമെടുത്ത ജമാഅത്തെ ഇസലാമിയും അനുബന്ധ സംഘടനകളും, രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി മതജീവിതത്തെ സൈനികപരിശീലനമായും പരസ്പരം കൊലനടത്താനും ആഹ്വാനം ചെയ്യുന്ന സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ട പ്രത്യേകസാഹചര്യത്തിലാണ് മുസ്ലിംകള്‍ ഉള്‍ക്കൊള്ളുന്ന മതേതര സമൂഹം ഇത്തരം വാര്‍ത്തകളെ മുഖവിലക്കെടുക്കേണ്ടത്. തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം സലഫി ആശയം ജീവിതത്തില്‍ സ്വീകരിച്ചവരായിരുന്നു എന്ന് വ്യക്തമായതോടെ കാര്യങ്ങള്‍ക്ക് അല്‍പം കൂടി വ്യക്തത കൈവന്നു. കേരളീയ മുസ്ലിം സമുദായത്തിനകത്തെ നവോത്ഥാനത്തിന്റെയും പരിഷ്‌കരണത്തിന്റെയും ആളുകളായി തെറ്റിദ്ധരിച്ച സലഫികളെ എന്തോ ചില കുഴപ്പങ്ങള്‍ ഉള്ളവരാണെന്നും തീവ്രവാദപ്രവര്‍ത്ത നങ്ങളിലേക്ക് യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്യുന്നവരാണെന്നും പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങി.
ഐ എസ് ചര്‍ച്ചകളില്‍ പ്രതിക്കൂട്ടില്‍ വരുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളുടെയും ആശയസ്രോതസ്സുകള്‍ സലഫിസമാണ് എന്ന് ഇതിനകം വ്യക്തമായതാണ്. വിവിധ മതവിശ്വാസികള്‍ പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തിലേക്ക് മതപരിഷകരണം എന്ന പേരില്‍ വെറുപ്പിന്റെ രീതിശാസ്ത്രം കടത്തിക്കൊണ്ട് വന്ന നാളുകള്‍ മുതല്‍ മുസ്ലിം പാരമ്പര്യ പണ്ഡിതന്മാര്‍ സലഫികളുടെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്വന്തം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസലാമിയും സലഫികളും വിചാരണ നേരിടണം. ഇവരുടെ സലഫീ ആശയത്തിലധിഷ്ടിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി മൊത്തം മുസ്‌ലിംകളും ഇന്ന് സംശയത്തിന്റെ നിഴലില്‍ വന്നിരിക്കുകയാണ്. എല്ലാം സാമ്രാജ്യത്വ സൃഷ്ടി എന്ന് കാടടച്ചു വെടിവെച്ചാല്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ലല്ലോ. മതപരിഷകരണവാദികളുടെ കടന്നുകയറ്റത്തോടെ മതം എന്നത് തര്‍ക്കവും ബഹളവും ഏറ്റുമുട്ടലും മാത്രമായി ഒതുങ്ങി. ശാന്തസുന്ദരമായ സാമൂഹിക മതേതര കേരളത്തില്‍ വളര്‍ന്നുവന്ന ബഹുസ്വരതയും സാഹോദര്യവും ഇല്ലാതാക്കുകയും മതത്തെ വരണ്ട ആശയമായി അവതരിപ്പിക്കുകയും ചെയ്തവര്‍ തന്നെയാണ് പുതിയ സാഹചര്യത്തിലും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും അത് ജീവിത വ്യവസ്ഥയായി കൊണ്ട് നടക്കുന്നതും.
സലഫിസത്തിന് മുമ്പില്‍ ‘നവ’ ചേര്‍ത്ത് ‘നവസലഫിസം’ എന്ന സംജ്ഞയുടെ പിന്‍ബലത്തില്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് മുജാഹിദുകളും ഈ ആപത്സന്ധിയില്‍ അവരെ രക്ഷിച്ചെടുക്കാനിറങ്ങിയ വരും പ്രത്യാശിച്ചിരുന്നു. എന്നാല്‍, അത്ര ലളിതമാണോ കാര്യങ്ങള്‍? അല്ലെന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ചെറിയ പ്രയത്നം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നത്തിലല്ല അകപ്പെട്ടിരിക്കുന്നത് എന്ന് അവര്‍ക്ക് ബോധ്യമായിക്കൊണ്ടിരിക്കുന്നു.
സലഫിസവുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ ഒടുവിലത്തെ പരിണതി ജമാഅത്തെ ഇസ്ലാമി പണ്ഡിത സഭ രൂപവത്കരിച്ചു എന്നതാണ്. സമൂഹം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങള്‍ക്ക് ‘ഇസ്ലാമിക’ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനും സമുദായത്തിന് ശരിയായ ദിശ നിര്‍ണയിച്ചുകൊടുക്കാനും ഉദ്ദേശിച്ച് ജമാഅത്തെ ഇസ്ലാമി പണ്ഡിത വേദി രൂപവത്കരിച്ചു എന്നാണു പറയുന്നത്. പ്രശ്‌നങ്ങളുടെ മൗലികമായ കാരണം പ്രമാണങ്ങളെ അടിസ്ഥാനമാക്കി, പണ്ഡിതന്മാര്‍ നിലപാടുകള്‍ എടുക്കാത്തതാണ് എന്നെങ്കിലും ഇവര്‍ തിരിച്ചറിഞ്ഞല്ലോ. നല്ല കാര്യം. ഇത് തന്നെയാണ് പതിറ്റാണ്ടുകളായി പരമ്പരാഗത പണ്ഡിതന്മാര്‍ ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ശരിയായ സ്രോതസ്സുകളില്‍ നിന്ന് മതം പഠിക്കണമെന്നും പ്രമാണങ്ങള്‍ക്കുപരിയായി മറ്റുപലതിനെയും അവലംബിക്കുന്ന പ്രവണത നിര്‍ത്തണമെന്നും പറഞ്ഞപ്പോള്‍ അതിനെ പൗരോഹിത്യമെന്ന് പറഞ്ഞ് തള്ളിയവരാണിപ്പോള്‍ പണ്ഡിത സഭ രൂപവത്കരിച്ചത്.
ചുരുക്കത്തില്‍, ഇനി നമ്മുടെ കുട്ടികള്‍ വഴിതെറ്റരുത്. ഓണ്‍ലൈന്‍ മുഫ്തിമാര്‍ ദീന്‍ പറയുന്ന ഒരു കാലത്ത്, പ്രമാണങ്ങള്‍ ആധികാരികമായി ഗുരുമുഖത്തു നിന്ന് പഠിച്ചു വന്ന മതപണ്ഡിതന്മാരെ കേള്‍ക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരമുണ്ടാകട്ടെ. സമാധാനത്തിന്റെയും സൗഹാര്‍ദനത്തിന്റെയും സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കട്ടെ. അങ്ങനെ വരുമ്പോള്‍, പണ്ട് നാം ജീവിച്ച സൗഹാര്‍ദ ജീവിതം തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിക്കും.