Connect with us

Gulf

ജോര്‍ദാനിലെ രാജ്യാന്തര സമ്മേളനം: ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കാന്തപുരം

Published

|

Last Updated

അമ്മന്‍(ജോര്‍ദാന്‍): ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി റോയല്‍ ആലുല്‍ ബൈത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്ലാമിക് തോട്ട് സംഘടിപ്പിക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും. “പ്രവാചക ജീവിതത്തിന്റെ ചരിത്ര ആഖ്യാനങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം. സമ്മേളനത്തിലെ പഠന സെഷനില്‍ “നബി ചരിത്രത്തിലെ സവിശേഷ ദിനങ്ങളും പ്രാധാന്യങ്ങളും” എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രബന്ധാവതരണം ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. സയ്യിദ് ഹബീബ് അലി ജിഫ്രി, ഡോ. ഹിശാം നശാബ എന്നിവരും ഈ സെഷനില്‍ സംസാരിക്കും. വൈകുന്നേരം ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമൊത്തു നടക്കുന്ന കൂടിക്കാഴ്ചയിലും കാന്തപുരം പങ്കെടുക്കും.
മുസ്‌ലിം ലോകത്തെ പ്രധാന ധൈഷണിക പണ്ഡിത കൂട്ടായ്മകളില്‍ ഒന്നായ ദി റോയല്‍ ആലുല്‍ ബൈത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്ലാമിക് തോട്ട് മൂന്ന് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന പണ്ഡിത സമ്മേളനങ്ങളില്‍ ലോകത്തിലെ പ്രസിദ്ധരായ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കാണ് ക്ഷണം. ആധുനിക കാലഘട്ടത്തിലെ അക്കാദമിക- ശാസ്ത്രീയ ജ്ഞാന ഗവേഷണ മേഖലകളിലേക്ക് പ്രവാചക ചരിത്രത്തെ വസ്തുനിഷ്ഠമായി പരിചയപ്പെടുത്തുക എന്നതാണ് സമ്മളനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. 35 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest