ഒറ്റപ്പെട്ട വിധവകള്‍; അവകാശം സിദ്ധിച്ച ഭാര്യമാര്‍

ബഹുഭാര്യത്വം: പന്നിപ്പേറുകളുടെ  ചരിത്രവും വര്‍ത്തമാനവും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം

  ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ ഏറ്റവും ശക്തമായ പ്രചാരണ ആയുധമാണ് മുസ്‌ലിം ജനസംഖ്യയെക്കുറിച്ചുള്ള പേടിപ്പെടുത്തലുകളെന്ന് അര്‍ജുന്‍ അപ്പാദുരൈ നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുസ്‌ലിമാണെന്നും മുസ്‌ലിംകളെ പരാജയപ്പെടുത്താന്‍ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്നത് ഇവര്‍ ചരിത്രത്തില്‍ ഉടനീളം അവര്‍ത്തിച്ച വാദമാണ്. ഹിന്ദുത്വ ആവനാഴിയിലെ ഏറ്റവും വിഷമുള്ള ആയുധമാണ് ജനസംഖ്യയുമായി ബന്ധപ്പെട്ട വാദങ്ങള്‍. മുസ്‌ലിംകള്‍ തങ്ങളെ ജനസഖ്യാപരമായി മറികടക്കാന്‍ പോകുന്നു എന്ന ഭീതി നിര്‍മിക്കാനായി ആവര്‍ത്തിക്കപ്പെട്ട വാദങ്ങളില്‍ ഒന്ന് മാത്രമാണ് മുസ്‌ലിം ബഹുഭാര്യത്വം.
Posted on: October 23, 2016 6:00 am | Last updated: October 23, 2016 at 2:56 pm

widowഇന്ത്യയില്‍ മുസ്‌ലിം ബഹുഭാര്യത്വത്തെക്കുറിച്ചുള്ള ആശങ്കകളും വിവാദങ്ങളും എങ്ങനെ വികസിച്ചു എന്ന് ചാരു ഗുപ്ത ”തന്റെ ലൈംഗികത, അശ്ലീലത, സമുദായം; കൊളോണിയല്‍ ഇന്ത്യയിലെ സ്ത്രീകളും മുസ്‌ലിംകളും ഹിന്ദു പൊതു സമൂഹവും (Sexualtiy, Obscentiy, Communtiy Women, Muslims, and the Hindu Public in Colonial India)” എന്ന പുസ്തകത്തിലെ’ഹിന്ദു ഗര്‍ഭ പാത്രവും മുസ്‌ലിം ഗര്‍ഭവും എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കത്തില്‍ യു പിയിലും പരിസര പ്രദേശങ്ങളിലും ഹിന്ദു ആചാര പ്രകാരം പുനര്‍ വിവാഹം കഴിക്കാനാവാത്ത വിധവകളായ സ്ത്രീകള്‍ മതം മാറി മുസ്‌ലിംകളുടെ രണ്ടാം ഭാര്യ ആകുന്ന യഥാര്‍ഥ സംഭവങ്ങളും കെട്ടി ഉണ്ടാക്കിയ ആരോപണങ്ങളും ഉണ്ടാക്കിയ നഷ്ടപ്പെടുന്ന സ്ത്രീകളെക്കുറിച്ചും അവരിലൂടെ ഉണ്ടാവുന്ന മുസ്‌ലിം കുട്ടികളെക്കുറിച്ചുമുള്ള ആശങ്കകളാണ് മുസ്‌ലിം ബഹുഭാര്യത്വത്തെക്കുറിച്ചുള്ള ഹിന്ദുത്വ ശക്തികളുടെ വര്‍ഗ്ഗീയ പ്രചാരണങ്ങളിലേക്ക് നയിച്ചതെന്ന് ചാരു ഗുപ്ത നിരീക്ഷിക്കുന്നുണ്ട്.
യു പിയില്‍ ബ്രാഹ്മണ സ്വാധീനമുള്ള പ്രദേശങ്ങളില്‍ വിധവകള്‍ ജീവിതാവസാനം വരെ തനിച്ച് ജീവിക്കണം എന്ന നിര്‍ബന്ധം പുലര്‍ത്തി. വിധവകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കുടുംബത്തിന് കളങ്കം വരുത്തുമെന്ന പേടി അവരുടെ മേല്‍ ശക്തമായ സാമൂഹിക നിയന്ത്രണങ്ങളിലേക്ക് നയിച്ചു. വിധവയുമായി ബന്ധപ്പെട്ട സാമ്പത്തികവും ലൈംഗികവുമായ ആശങ്കകള്‍ക്ക് ഏറ്റവും നല്ല പരിഹാരമായി മരിച്ച ഭര്‍ത്താവിന്റെ സഹോദരനുമായി അവരെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് ഹരിയാനയിലെ ചില ജാതികള്‍ക്കിടയില്‍ പതിവായിരുന്നു.
ഇവിടെ ഹിന്ദു വിധവാ പുനര്‍ വിവാഹം അനുവദിക്കണമെന്ന ആവശ്യങ്ങള്‍ക്ക് വഴി മരുന്നിട്ടത് പ്രധാനമായും മുസ്‌ലിംകള്‍ക്കിടയില്‍ പുനര്‍ വിവാഹം മൂലമുണ്ടാവുന്ന ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചും ഹിന്ദു വിധവകള്‍ പുനര്‍ വിവാഹം ആഗ്രഹിച്ച് മുസ്‌ലിമാകുമെന്ന ഭയപ്പാടുകളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഴുതപ്പെട്ട ബുമിത്ര ശര്‍മയുടെ ‘നിയോഗ് മര്‍ദന്‍ കാ വിമര്‍ദന്‍’ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വിധവകള്‍ മുസ്‌ലിം കൈകളിലെത്തപ്പെടുന്നത് ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു എന്ന് ആരോപിക്കുന്നുണ്ട്. പ്രമുഖ ഹിന്ദി കവിയായ അയോധ്യ സിംഗ് ഉപാധ്യായ എഴുതി: ”നമ്മള്‍ നമ്മുടെ മക്കളെയും മരുമക്കളെയും ഇസ്‌ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും മടിയില്‍ കിടക്കാന്‍ അനുവദിച്ചു. തുടരെ തുടരെ നാം പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്, വിധവകളെ ബഹുമാനിക്കാതെ നാം നമ്മുടെ എണ്ണം കുറച്ചു’. മുസ്‌ലിം പുരുഷന്‍മാര്‍ ഹിന്ദു വിധവകളെ വശീകരിച്ച് മതം വളര്‍ത്തുകയാണ് എന്ന ആരോപണങ്ങള്‍ സജീവമായി. വിധവകള്‍ക്ക് മുസ്‌ലിം പുരുഷന്മാരുമായി ഇടപെടാന്‍ സാധ്യത ഉള്ള സാഹചര്യങ്ങളെത്തൊട്ടെല്ലാം വിലക്ക് വന്നു. ഹിന്ദുക്കള്‍ക്കിടയില്‍ വിധവകള്‍ വര്‍ധിക്കാന്‍ കാരണം മുസ്‌ലിം ഗുണ്ടകളുടെ കൈകളില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ ശൈശവ വിവാഹം നടത്താന്‍ നിര്‍ബന്ധിതരായത് കൊണ്ടാണ് എന്ന് ”’ഹിന്ദു സംഘടന്‍; സേവിയര്‍ ഓഫ് ഹിന്ദു റേസ്” എന്ന പുസ്തകത്തില്‍ സ്വാമി ശ്രദ്ധാനന്ദ് ആരോപിച്ചു. വിധവാ പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണം മുസ്‌ലിംകള്‍ തന്നെയാണ് എന്ന് സ്ഥാപിക്കുകയായിരുന്നു ഈ ആരോപണത്തിന്റെ ലക്ഷ്യം. ഹിന്ദു സഹോദരന്‍മാര്‍ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മൂല കാരണം മുസ്‌ലിംകളാണ് എന്ന വാദത്തിന്റെ ഭാഗമായിരുന്നു ഈ സിദ്ധാന്ത നിര്‍മിതി.
ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ ഏറ്റവും ശക്തമായ പ്രചാരണ ആയുധമാണ് മുസ്‌ലിം ജനസംഖ്യയെക്കുറിച്ചുള്ള പേടിപ്പെടുത്തലുകളെന്ന് അര്‍ജുന്‍ അപ്പാദുരൈ നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുസ്‌ലിമാണെന്നും മുസ്‌ലിംകളെ പരാജയപ്പെടുത്താന്‍ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്നത് ഇവര്‍ ചരിത്രത്തില്‍ ഉടനീളം അവര്‍ത്തിച്ച വാദമാണ്. ഹിന്ദുത്വ ആവനാഴിയിലെ ഏറ്റവും വിഷമുള്ള ആയുധമാണ് ജനസംഖ്യയുമായി ബന്ധപ്പെട്ട വാദങ്ങള്‍. മുസ്‌ലിംകള്‍ തങ്ങളെ ജനസഖ്യാപരമായി മറികടക്കാന്‍ പോകുന്നു എന്ന ഭീതി നിര്‍മിക്കാനായി ആവര്‍ത്തിക്കപ്പെട്ട വാദങ്ങളില്‍ ഒന്ന് മാത്രമാണ് മുസ്‌ലിം ബഹുഭാര്യത്വം. ജനസംഖ്യാ വര്‍ധനവ് എന്ന പുറം മോടിക്കകത്ത് ജീവിത കാലം മുഴുവനായും ഒറ്റപ്പെട്ടും ബഹിഷ്‌കൃതരുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളില്‍ ചിലര്‍ ഇസ്‌ലാം മതം സ്വീകരിച്ച സമയത്ത് രൂപപ്പെടുകയും വികസിക്കുകയും ചെയ്ത വിവാദങ്ങള്‍ പിന്നീട് ഹിന്ദുക്കള്‍ക്കിടയില്‍ പുനര്‍ വിവാഹം അനുവദിക്കപ്പെടുന്നതിലേക്ക് നയിച്ചെങ്കിലും മുസ്‌ലിംകള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിക്കപ്പെട്ടു. ആര്‍ എസ് എസ്സുകാരനായ ഗോപാല കൃഷ്ണന്‍ മാത്രമല്ല വി എസ് അച്യുതാനന്ദനും ബി ജെ പിയുടെ വി മുരളീധരനും ശോഭാ സുരേന്ദ്രനും ഹിന്ദുക്കളെ മുസ്‌ലിം ജനസംഖ്യ മറി കടക്കാന്‍ പോകുന്നു എന്ന ചരിത്രത്തിലെ ഏറ്റവും വിഷലിപ്തമായ ആരോപണം പങ്കുവെച്ചവരാണ്. ഇത്തരം പ്രസ്താവനകള്‍ പുറത്ത് വരുന്ന സമയത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ബഹുഭാര്യത്വത്തിന്റെ എണ്ണമെടുക്കാന്‍ ഓടുന്നവരും മുസ്‌ലിം സ്ത്രീയുടെ അവകാശം ഹനിക്കുകയാണ്. പരിഹാരമായി ഏക സിവില്‍ കോഡ് കൊണ്ടു വരണം എന്നും വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ കുടിയുണ്ട്. സര്‍വേകളെല്ലാം കാണിക്കുന്നത് ഒന്നാം ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്ത കുടുംബങ്ങളിലാണ് പലപ്പോഴും ബഹുഭാര്യത്വം നിലവിലുള്ളത്. ഇവിടെ ഇത്തരം സ്ത്രീകളെ ഭാര്യക്കുള്ള അവകാശങ്ങള്‍ നേടി എടുക്കാന്‍ പ്രാപ്തരാക്കുക എന്നതിന് പകരം ബഹുഭാര്യത്വം നിരോധിക്കുന്നതോടെ നിയമപ്രകാരം അവര്‍ക്ക് ലഭിക്കേണ്ട അവകാശം കൂടി നഷ്ടമാകുമെന്നാണ് ഹിന്ദു കോഡ് ബില്ലിന്റെ അനുഭവം നമുക്ക് നല്‍കുന്ന പാഠം. സ്ത്രീ ശാക്തീകരണത്തിന് വിപരീത ഫലമായിരിക്കും ബഹുഭാര്യത്വ നിരോധനം കൊണ്ട് സംഭവിക്കുക എന്നര്‍ഥം.
ഇനി തുടക്കത്തില്‍ കൊടുത്ത സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണിയിലേക്ക് വരാം. മുസ്‌ലിമിനെ ശത്രുവായി ചിത്രീകരിക്കുന്നതിന് കൊളോണിയല്‍, സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികളെ ഏറ്റവും അതികം സഹായിച്ചത് പത്ര മാധ്യമങ്ങളും സാഹിത്യ രചനകളുമായിരുന്നു. പത്രങ്ങള്‍ മുസ്‌ലിം ഗുണ്ടകള്‍ തട്ടിക്കൊണ്ട് പോകുന്ന സ്ത്രീകളെക്കുറിച്ചുള്ള കഥകള്‍ എരിവും പുളിയും ചേര്‍ത്ത് തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. സാഹിത്യകാരന്മാര്‍ മുസ്‌ലിം പുരുഷന്റെ ചതിയില്‍ പെട്ട് വീണ് പോകുന്ന ഹിന്ദു സ്ത്രീകളെക്കുറിച്ചും അവരെ രക്ഷിക്കുന്ന ഹിന്ദു വീരപുരുഷനമാരെക്കുറിച്ചും മുസ്‌ലിം സ്ത്രീകളെ സ്‌നേഹിച്ച് പിഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി ഹിന്ദു ആക്കി മാറ്റുന്ന ധീരന്മാരായ ഹിന്ദു പുരുഷന്മാരെക്കുറിച്ചും കവിതകളും കഥകളും നിര്‍മിച്ചു. മുസ്‌ലിം രാജാക്കന്മാര്‍ ഹിന്ദു സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി ചരിത്രങ്ങള്‍ നിര്‍മിച്ചു. കാളി ചരന്‍ ശര്‍മയുടെ ശിവജി വ രോഷ നാര, പ്രമുഖ ഹിന്ദി നാടക രചയിതാവായ പാണ്ടെ ശര്‍മയുടെ ചാന്ദ് ഹസീനോം കി ഖുതൂത് എന്നിവ ഈ ഗണത്തില്‍ പെടുത്താവുന്ന രചനകളാണ്. ‘ഇസ്‌ലാം കി തില്ലി തില്ലിജാര്‍’ (മുസ്‌ലിംകളുടെ വിഷരക്തം) മുസ്‌ലിംകള്‍ മത പരിവര്‍ത്തനത്തിനായി പുരുഷ വേശ്യകളെ ഉപയോഗിക്കുന്നതായി ആരോപിച്ചു. ഇവിടെ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണിയും അറിഞ്ഞോ അറിയാതെയോ ഈ നാല് കെട്ടി നാല്‍പ്പത് കുട്ടികളെ ഉണ്ടാക്കുന്ന ക്രൂരനും നിര്‍ദയനും ആയ മുസ്‌ലിം പുരുഷന്റെ ചിത്രം തന്നെയാണ് കലന്തന്‍ ഹാജിയിലൂടെ ആവര്‍ത്തിക്കുന്നത്. സംഘ് പരിവാര്‍ ഫാഷിസം അതിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് ഇസ്‌ലാമോഫോബിയ നിര്‍മിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കരുതലുള്ള എഴുത്തുകാര്‍ കുടുതല്‍ ഉത്തരവാദിത്വ ബോധം കാണിക്കേണ്ടതുണ്ട്.
നന്ദി: ജെ എന്‍ യുവിലെ വിദ്യാര്‍ഥി കൂട്ടായ്മയില്‍ സംസാരിക്കണം എന്ന് പറഞ്ഞ് സൈദ് അലിക്കയും വാസില്‍ക്കയും വിളിച്ചപ്പോള്‍ Tracing the genealogy of Kalandan Haji: Fear of daying race and steretoyping Muslim demographic behaviour’ എന്ന വിഷയം സംസാരിക്കാന്‍ വേണ്ടി നടത്തിയ റഫറന്‍സുകളാണ് ഈ ലേഖനത്തിണ് ആധാരം. സുഹൃത്തുക്കളായ സുലൈമാന്‍ കെ എം, യാസിര്‍ എന്‍ വി എന്നിവരുടെ അഭിപ്രായങ്ങള്‍ ലേഖനത്തെ സഹായിച്ചിട്ടുണ്ട്.
പ്രൊഫസര്‍ സയ്യിദുന്നിസ, ചന്ദ്രക്കലകള്‍ കൊണ്ട് തീര്‍ത്ത ബോര്‍ഡര്‍ കൊണ്ടലങ്കരിച്ച സ്ലൈഡുകള്‍ക്കും ക്ലാസുകള്‍ക്കും കടപ്പാട്.