Connect with us

Kozhikode

പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികള്‍ക്കൊപ്പം ഭരണപക്ഷ നേതാവിന്റെ മകനെ ഉള്‍പ്പെടുത്താന്‍ നീക്കം

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ 12ന് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജിന് സമീപത്ത് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ആറംഗ സംഘത്തിലെ പ്രതികള്‍ക്കൊപ്പം നഗരത്തിലെ ഒരു പ്രമുഖ ഭരണപക്ഷ നേതാവിന്റെ മകനെ ഉള്‍പ്പെടുത്താന്‍ ഗൂഢശ്രമം.
നടക്കാവ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ, ഒരു സിവില്‍ പോലീസ് ഓഫീസര്‍, ഒരു ഹോംഗാര്‍ഡ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെ പിടികൂടാനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ടത്.
ഇതില്‍ ഷാജു എന്ന പോലീസുകാരനെ ഗുണ്ടാസംഘം മദ്യക്കുപ്പി കൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് മൂക്കിനും തലക്കും പരുക്കേറ്റിരുന്നു.
അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലായതിനെത്തുടര്‍ന്ന് ജില്ലാ ജയിലിലാണ്.
കേസില്‍ ഇനിയും നാല് പേരെ പിടികിട്ടാനുണ്ട്.
പരുക്കേറ്റ പോലീസുകാരനെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രി തന്നെ നടക്കാവിലെ ഒരു എസ് ഐ, എ എസ് ഐ, സിറ്റി െ്രെകം സ്‌ക്വാഡിലെ ഒരു പോലീസുകാരന്‍ എന്നിവര്‍ക്ക് നേതാവിന്റെ മകന്‍ സംഭവത്തിലുണ്ടെന്ന പരാതിയുമായി കോയിന്‍ ബൂത്തില്‍ നിന്ന് ഫോണ്‍ വിളി വന്നിരുന്നു. കൂടാതെ നടക്കാവ് പ്രിന്‍സിപ്പല്‍ എസ് ഐ, സിറ്റി പോലീസ് കമ്മീണര്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് അജ്ഞാത കത്തുകളും വന്നു.
കത്തിലെല്ലാം തന്നെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ പോലീസിനെ ആക്രമിച്ചിട്ടുണ്ടെന്നാണ് ഉളളടക്കം.
എന്നാല്‍ ഒളിവില്‍ പോയ നാല് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യപ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.