പെരിന്തല്‍മണ്ണ: നഗരസഭയില്‍ വീടില്ലാത്തവര്‍ക്ക് വീടും, ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി വീടും നിര്‍മിച്ച് നല്‍കുന്നതിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വാസ യോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്ന മുഴുവന്‍പേര്‍ക്കും വീട് നിര്‍മാണത്തിന് സഹായം നല്‍കി പുനരധിവസിപ്പിക്കാനുള്ള സമഗ്ര പദ്ധതിക്കാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
960 പേരാണ് വീടില്ലാത്തവരായി ഉള്ളതെന്ന് നേരത്തെ നടത്തിയ സുസ്ഥിര വികസന സര്‍വേയില്‍ കെണ്ടത്തിയിരുന്നു. എസ് സി കോളനികളിലെ ഭൂരിഭാഗം വീടുകളും വാസ യോഗ്യമല്ല. ഇത്തരം വീടുകള്‍ പുതുക്കി പണിയാനും വീടില്ലാത്ത കോളനിവാസികള്‍ക്ക് വീട് നല്‍കാനും സമഗ്ര പദ്ധതിയാണ് നടപ്പാക്കുക. പി എം എ വൈ പദ്ധതിയില്‍ വീട് വെച്ച് നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുക.
വീടില്ലാത്തവരുടെ കൃത്യമായ കണക്കെടുക്കാന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നവം ബര്‍ 10 നകം സര്‍വേ പുര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ‘ജന സാന്ത്വന അയല്‍ സര്‍വേ’ നവംബര്‍ ഒന്ന് മുതല്‍ 20 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തും. നഗരസഭയുടെ ജീവനം പദ്ധതിയുടെയും സമ്പൂര്‍ണ ഭവന പദ്ധതിയുടെയും സര്‍വേ പ്രവര്‍ത്തനം കുറ്റ മറ്റതാക്കാനായി കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ക്ക് ശില്‍പ്പശാല നടത്തും. ഒക്ടോബര്‍ 26 ന് മനഴി സ്റ്റാന്‍ഡിലെ അഗ്രികള്‍ചറല്‍ ട്രെയ്‌നിംഗ് സെന്ററിലാണ് ശില്‍പ്പശാല നടത്തുക. പി എം ആര്‍ വൈ ഭവന പദ്ധതിയെക്കുറിച്ച് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബിജു വിശദീകരിച്ചു.
ഭവന നിര്‍മാണ പദ്ധതിയില്‍ പുതുതായി വീട് വെക്കുന്നത് ഒന്ന്, രണ്ട് വിഭാഗത്തില്‍ പെട്ട കൃഷി സ്ഥലത്താണെങ്കില്‍ അതിന് അനുമതി ലഭിക്കില്ലെന്നും പ്രാദേശിക നിലം നികത്തല്‍ കമ്മിറ്റികള്‍ നിലവിലില്ലാത്തതിനാല്‍ കൃഷി ഭൂമിയെന്ന പേരില്‍ തരിശായി കിടന്ന സ്ഥലത്ത് വീട് വെക്കാന്‍ അനുമതി നല്‍കാത്തത് പലര്‍ക്കും പ്രയാസമുണ്ടാക്കുമെന്നും അത് മറികടക്കാന്‍ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ പറഞ്ഞു. ചെയര്‍മാന്‍ എം മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു.