Connect with us

Articles

നടക്കാതെ പോയ സ്‌പെക്ട്രം സ്വപ്‌നങ്ങള്‍

Published

|

Last Updated

ഒക്‌ടോബര്‍ ആദ്യവാരം നടത്തിയ ടെലികോം സ്‌പെക്ട്രം ലേലം സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അവസാനിച്ചത്. 5.66 ലക്ഷം കോടി രൂപ പ്രതീക്ഷിച്ച് നടത്തിയ ലേലത്തില്‍ ലഭിച്ചതാകട്ടെ വെറും 63,500 കോടി മാത്രം. പ്രതീക്ഷിച്ചതിലും ഏതാണ്ട് അഞ്ച് ലക്ഷം കോടിയുടെ കുറവ്. ഇത്രയും വലിയൊരു കുറവ് സംഭവിക്കാന്‍ കാരണം ലേലത്തില്‍ വെച്ച 700 മെഗാഹെര്‍ട്‌സ് ബാന്‍ഡ് മൊബൈല്‍ സേവനദാതാക്കള്‍ ലേലത്തില്‍ എടുക്കാന്‍ തയ്യാറായില്ല എന്നതാണ്. 4ജി സേവനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ 700 മെഗാ ഹെര്‍ട്‌സ് ബാന്‍ഡുകള്‍ ആദ്യമായി ലേലത്തിന് വെച്ചു എന്നതായിരുന്നു ഈ ലേലം ശ്രദ്ധിക്കപ്പെടാനുണ്ടായ ഏക കാരണം. ലേലത്തില്‍നിന്ന് മൊത്തം പ്രതീക്ഷിച്ച 5.66 ലക്ഷം കോടി രൂപയില്‍ നാല് ലക്ഷം കോടി രൂപയും 700 മെഗാ ഹെര്‍ട്‌സ് ലേലത്തില്‍നിന്നായിരുന്നു. ഇതില്‍ ഒരു യൂനിറ്റ് പോലും ലേലമെടുക്കാന്‍ സേവനദാതാക്കള്‍ തയ്യാറായിരുന്നില്ല.
പ്രധാനമായും രണ്ട് കാരണങ്ങളാണ് പ്രതീക്ഷിച്ച രീതിയിലേക്ക് ലേലം മുന്നേറാതിരിക്കാന്‍ കാരണമായിട്ടുള്ളത്. ഒന്നാമത് 67,000 കോടി ഉപയോഗിച്ച് സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള, 4ജി സേവനങ്ങള്‍ക്ക് വളരെ സഹായകരമാകുമായിരുന്ന 700 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രത്തിന് നിശ്ചയിച്ച വന്‍വില തന്നെയാണ്. ഇതാണ് സേവനദാതാക്കളെ കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള ഇത്തരം സ്‌പെക്ട്രം ബാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിച്ചത്. കുറഞ്ഞ തരംഗദൈര്‍ഘ്യം ബാന്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താവിന് വളരെ മെച്ചപ്പെട്ട സേവനം നല്‍കാമായിരുന്നു. രണ്ടാമതായി മൊബൈല്‍ സേവന മേഖലയില്‍ പരസ്പരം മത്സരിക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകളുടെ അണിയറയിലെ ഐക്യമാണ്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി അരങ്ങത്ത് പുതിയ ഓഫറുകളുമായി പരസ്പരം മത്സരം സൃഷ്ടിക്കുന്ന ഇവരെല്ലാവരും അണിയറയില്‍ ഉപഭോക്താവിനെതിരാണ് എന്ന പരമാര്‍ഥമാണ് ഇതിലൂടെ തെളിയുന്നത്. റിലയന്‍സ് ജിയോ കൂടി വന്നിട്ടും വന്‍ ഓഫറുകള്‍ നല്‍കിയിട്ടും തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ എല്ലാവരും ഒന്നിക്കുന്നു എന്നതാണ് ആശ്ചര്യകരം. 4ജി ഡാറ്റയുടെ ഓഫറുകള്‍ വാരിവിതറുമ്പോഴും അതിനനുസൃതമായ ബാന്‍ഡ് സ്‌പെക്ട്രം ലേലത്തിലെടുക്കാന്‍ ആരും തയ്യാറാകാതിരിക്കുന്നത് ജനങ്ങളെ സേവിക്കാനായി മാത്രം പ്രവര്‍ത്തിക്കുകയില്ല എന്ന സത്യം ഒന്നുകൂടി വ്യക്തമാക്കുകയാണ്.
ടെലികോം രംഗത്ത് മികച്ച സേവനം നല്‍കുന്നതിന് തടസ്സം ആവശ്യമായ സ്‌പെക്ട്രത്തിന്റെ കുറവാണെന്ന് ഇത്രയും കാലം പറഞ്ഞിരുന്ന സേവനദാതാക്കള്‍ ലേലം വന്നപ്പോള്‍ വില അധികമാണെന്ന് പറഞ്ഞ് സംഘടിതമായി ലേലം പൊളിക്കുന്ന കാഴ്ചയാണ് കണ്ടത്. 700 മെഗാ ഹെര്‍ട്‌സ് ശ്രേണിയിലുള്ള സ്‌പെക്ട്രത്തിന് വന്‍വിലയിട്ട സര്‍ക്കാറും അതിനെത്തുടര്‍ന്ന് ലേലം തന്നെ പൊളിക്കാന്‍ ഒത്തൊരുമിച്ച സേവനദാതാക്കളും നഷ്ടപ്പെടുത്തിയത് ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്ന മികച്ച സേവനമാണ്. തരംഗദൈര്‍ഘ്യം കുറഞ്ഞ ഇത്തരം ശ്രേണിയിലെ സ്‌പെക്ട്രം ഉപയോഗിക്കുക വഴി 4ജി സേവനം വളരെ കാര്യക്ഷമമായി നടക്കുകയും അതുവഴി അതിവേഗ ഇന്റര്‍നെറ്റ് എന്ന ഇന്ത്യന്‍ ജനതയുടെ അഭിലാഷം സാധ്യമാകുകയും ചെയ്യുമായിരുന്നു. ഇനി സര്‍ക്കാറിന്റെ മുന്നിലുള്ള വഴി വില കുറച്ച് വീണ്ടും ലേലത്തിന് വെക്കുക എന്നത് മാത്രമാണ്. അതു തന്നെയാണ് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ ലേലത്തിലെടുക്കാതിരിക്കുക എന്നൊരു പ്രീപ്ലാന്‍ഡ് പദ്ധതിയിലേക്ക് മൊബൈല്‍ സേവനദാതാക്കളെ എത്തിച്ചത്. അത്തരം ഒരു ലേലം ഇനി പെട്ടെന്നൊന്നും നടക്കില്ല. അടുത്ത വര്‍ഷം അവസാനം മാത്രമേ ഇത്തരത്തില്‍ ലേലം നടക്കാന്‍ സാധ്യതയുള്ളൂവെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ലേലത്തിന് മുമ്പുതന്നെ വില അധികമാണെന്നറിയിച്ച കമ്പനികള്‍, ലേലം പൊളിക്കാനായി കരുക്കള്‍ നീക്കുമെന്ന് കണ്ടറിഞ്ഞ് മറുതന്ത്രം ആവിഷ്‌കരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് യഥാര്‍ഥത്തില്‍ ഈ ലേലം പൊളിയാനിടയാക്കിയത്. ഇത്രയും കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത സ്‌പെക്ട്രങ്ങള്‍ ലേലത്തില്‍ പോകാതെ, ഉപയോഗിക്കപ്പെടാതെ കിടക്കുന്നത് വന്‍നഷ്ടം തന്നെയാണെന്നതില്‍ തര്‍ക്കമില്ല.
ഈവര്‍ഷത്തെ സ്‌പെക്ട്രം ലേലത്തില്‍നിന്നും ലക്ഷക്കണക്കിന് കോടികള്‍ പ്രതീക്ഷിച്ച സര്‍ക്കാര്‍ ഇക്കഴിഞ്ഞ ബജറ്റില്‍ 64,000 കോടി രൂപ വരുമാനം ഇതുവഴി വകയിരുത്തിയിരുന്നു. ലേലം പിടിക്കുന്ന തുക 20 വര്‍ഷം കൊണ്ടാണ് കമ്പനികള്‍ സര്‍ക്കാറിന് നല്‍കേണ്ടത്. അതുകൊണ്ട് തന്നെ ബജറ്റില്‍ വകയിരുത്തിയ അത്രയും തുക സര്‍ക്കാറിന് ലഭിക്കില്ല. ഇനി അടുത്തൊന്നും സ്‌പെക്ട്രം ലേലം നടക്കാനിടയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ പദ്ധതികള്‍ക്ക് പണം ലഭിക്കാതെ വരുന്നു എന്ന പ്രശ്‌നം കൂടിയുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ എങ്ങനെ സര്‍ക്കാറിനെയും രാജ്യത്തെ സാമ്പത്തികരംഗത്തെയും സ്വാധീനിക്കുന്നു എന്നതിന്റെ കൂടി തെളിവാണ് സ്‌പെക്ട്രം ലേലം. ആരും വാങ്ങാനില്ലാത്ത സ്‌പെക്ട്രം ഇനി കമ്പനികളുടെ താത്പര്യമനുസരിച്ച്, അവര്‍ നിശ്ചയിക്കുന്ന വിലക്ക് നല്‍കേണ്ട അവസ്ഥയായിരിക്കും സര്‍ക്കാറിനുണ്ടാകുക. പദ്ധതി വിഹിതങ്ങള്‍ക്ക് വിനിയോഗിക്കേണ്ട തുക ലഭിക്കാതെ വരുമ്പോള്‍ സര്‍ക്കാറിന്റെ മുമ്പില്‍ മറ്റു വഴികളില്ലാതെ വരുന്നു.
ഇവിടെ ഇച്ഛാശക്തിയുള്ള സര്‍ക്കാറുകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്ലിന്റെ സേവനം ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് അതിലൊന്ന്. കൂടുതല്‍ കവറേജും ഡാറ്റ വേഗവും നല്‍കുമ്പോള്‍ സ്വാഭാവികമായും സ്വകാര്യ കമ്പനികള്‍ ഈ ശ്രേണിയിലുള്ള സ്‌പെക്ട്രം വാങ്ങുന്നതിലേക്ക് നിര്‍ബന്ധിപ്പിക്കപ്പെടും എന്നുറപ്പാണ്. വിപണിയില്‍ അത്തരം ഒരു മത്സരം സൃഷ്ടിച്ചതിനു ശേഷം മാത്രമേ ഇത്തരത്തിലുള്ള ലേലനടപടികള്‍ സ്വീകരിച്ചതു കൊണ്ട് കാര്യമുള്ളൂ. ഒന്നുകില്‍ സ്വകാര്യ കമ്പനികളെ വന്‍വിലകള്‍ കൊടുത്ത് സ്‌പെക്ട്രം സ്വന്തമാക്കാന്‍ പര്യാപ്തമായ സാഹചര്യം സൃഷ്ടിക്കുക, അല്ലെങ്കില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു വിലയിട്ട് കമ്പനികളെ സ്‌പെക്ട്രത്തിനായി മത്സരിക്കുന്ന അവസ്ഥയുണ്ടാക്കുക.
റിലയന്‍സ് ജിയോയുടെ വരവോടുകൂടി ഈ രംഗത്തുണ്ടായിട്ടുള്ള മത്സരം പരമാവധി മുതലെടുക്കാം എന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് യഥാര്‍ഥത്തില്‍ ഇവിടെ പാളിയിരിക്കുന്നത്. 80 ശതമാനം പേരും മൊബൈല്‍ ഡാറ്റ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതിന് അനുയോജ്യമായ 700 മെഗാ ഹെര്‍ട്‌സ് ബാന്‍ഡുകള്‍ ലേലത്തിന് വെക്കുമ്പോള്‍, അത് എളുപ്പം വിറ്റഴിക്കാവുന്ന ഒരു വിപണന തന്ത്രം കൂടി സര്‍ക്കാറിന് ആവിഷ്‌കരിക്കേണ്ടിയിരുന്നു. 700 മെഗാ ഹെര്‍ട്‌സ് ബാന്‍ഡുകള്‍ ലേലം കൊണ്ടതിന് ശേഷം മാത്രമേ മറ്റുള്ളവ ലേലത്തിന് വെക്കൂ എന്ന ഏറ്റവും ചെറിയ ഒരു വിപണനതന്ത്രം സര്‍ക്കാറിന് എടുക്കാമായിരുന്നു. രാജ്യത്തെ എല്ലാ ടെലികോം മേഖലയിലും സേവനമെത്തിക്കാന്‍ ആവശ്യമായ സ്‌പെക്ട്രം കൈവശമില്ലാതിരുന്ന കമ്പനികള്‍ അത് സ്വന്തമാക്കുകയും സര്‍ക്കാറിന് വരുമാനയിനത്തില്‍ വന്‍നേട്ടമുണ്ടാക്കുമായിരുന്നു ബാന്‍ഡിലുള്ളത് ലേലം കൊള്ളാതെയും പോയിരിക്കുകയാണ്.
എല്ലാ സേവനദാതാക്കളുടെയും കൈയിലുള്ള സ്‌പെക്ട്രം യൂനിറ്റുകളേക്കാളും അധികം യൂനിറ്റുകളാണ് ഇത്തവണ ലേലത്തിന് വെച്ചിരുന്നത്. എല്ലാ തരംഗ ദൈര്‍ഘ്യങ്ങളിലും കൂടി 2355 മെഗാ ഹെര്‍ട്‌സ്. ഇതില്‍ 40 ശതമാനമാണ് ഇപ്പോള്‍ ലേലത്തിന് പോയിട്ടുള്ളതെങ്കിലും സേവനം മെച്ചപ്പെടുത്താന്‍ കമ്പനികളെ ഇത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നുവെച്ചാല്‍ തങ്ങള്‍ക്ക് ലഭിക്കുമായിരുന്ന കൂടുതല്‍ മെച്ചപ്പെട്ട സേവനം നഷ്ടപ്പെട്ടതിനെ കുറിച്ച് ജനങ്ങള്‍ക്ക് അനുഭവപ്പെടുകയില്ല. മെച്ചപ്പെട്ട സേവനങ്ങളുമായി ഏതെങ്കിലും ഒരു സേവനദാതാവ് രംഗത്തുണ്ടെങ്കിലേ അത് മനസ്സിലാക്കാന്‍ കഴിയൂ. അതിന് സര്‍ക്കാറിന്റെ മുമ്പിലുള്ള ഏക വഴി ബി എസ് എന്‍ എല്‍ തന്നെയാണ്. 700 മെഗാഹെര്‍ട്‌സ് ഉപയോഗിച്ചാല്‍ സേവനം മെച്ചപ്പെടും എന്ന് പറഞ്ഞിരിക്കുന്നതിന് പകരം അത്തരം ബാന്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സേവനദാതാവ് രാജ്യത്ത് നിലവില്‍ വരേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ കോര്‍പ്പറേറ്റുകളുടെ സംഘടിതശക്തി ഇല്ലാതാക്കാന്‍ കഴിയൂ.
ഏതായാലും സ്‌പെക്ട്രം ലേലം വഴി സര്‍ക്കാര്‍ പ്രതീക്ഷിച്ചത്ര ഇല്ലെങ്കിലും അതിനോട് യോജിക്കുന്ന രീതിയിലെങ്കിലും വരുമാനം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടെലികോം മേഖലയില്‍ അത് വന്‍വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്നു. ഗ്രാമീണ മേഖലകളിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം കാര്യക്ഷമമാക്കാനും അതുപോലെ തന്നെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാനും ഇതുവഴി ലഭിക്കുമായിരുന്ന വരുമാനം ഉപയോഗിക്കാമെന്ന സ്വപ്‌നമാണ് പൊലിഞ്ഞത്.

Latest