യുദ്ധങ്ങള്‍ കുടുംബങ്ങളിലുണ്ടാക്കിയ ആഘാതം പഠിക്കാന്‍ അരലക്ഷം ഡോളര്‍ ഫണ്ട്‌

Posted on: October 19, 2016 8:16 pm | Last updated: October 21, 2016 at 6:48 pm

difi-logo1-860x450_cദോഹ: യുദ്ധങ്ങളും പോരാട്ടങ്ങളും കുടുംബഘടനയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്താന്‍ ഖത്വറിലെയും അറബ് രാഷ്ട്രങ്ങളിലേയും ഗവേഷകര്‍ക്ക് പ്രതിവര്‍ഷം അരലക്ഷം ഡോളര്‍ വരെ ഫണ്ട് നല്‍കാന്‍ ദോഹ ഇന്റര്‍നാഷനല്‍ ഫാമിലി ഇന്‍സ്റ്റിറ്റിയൂട്ട് (ഡിഫി). ഉസ്‌റ റിസര്‍ച്ച് ഗ്രാന്റ് എന്ന പേരിലുള്ള ഇത് ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ടുമായി സഹകരിച്ചാണ് നല്‍കുകയെന്ന് രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ ഡിഫി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നൂര്‍ അല്‍ മല്‍കി അല്‍ ജിഹാനി പ്രഖ്യാപിച്ചു.
കുടുംബ രൂപഘടന, ബന്ധമറ്റുപോകല്‍, രക്ഷാകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധം എന്നിവക്ക് യുദ്ധങ്ങള്‍ ഏല്‍പ്പിച്ച ആഘാതങ്ങളും അനുബന്ധ നയങ്ങളും സംബന്ധിച്ച് ഗവേഷണം നടത്തുന്നതിനാണ് ഫണ്ട്. സമൂഹത്തിലെ ഏറ്റവും ചെറിയ യൂനിറ്റായ കുടുംബത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. യുദ്ധങ്ങളും പോരാട്ടങ്ങളും ഏല്‍പ്പിക്കുന്ന ആഘാതത്തെ മറികടക്കുന്നതിന് ഗവേഷണ സംരംഭങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നയരൂപവത്കരണവും നടക്കേണ്ടതുണ്ട്. നയ സംവാദത്തിനുള്ള വേദിയാണ് സമ്മേളനം. അറബ് ലോകത്തുടനീളമുള്ള പോരാട്ടങ്ങളും കുടുംബത്തിലുണ്ടാക്കുന്ന ആഘാതങ്ങളും ഗവേഷകരുടെയും നയരൂപവത്കരണം നടത്തുന്നവരുടെയും മുന്‍ഗണനയിലുണ്ടാകണമെന്നും അല്‍ ജിഹാനി പറഞ്ഞു.
അറബ് കുടുംബങ്ങളില്‍ യുദ്ധങ്ങളും പോരാട്ടങ്ങളും ഏല്‍പ്പിച്ച ആഘാതങ്ങള്‍ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. കൂടുംബ രൂപവത്കരണം, കുടുംബങ്ങളില്‍ യുദ്ധങ്ങള്‍ ഏല്‍പ്പിക്കുന്ന സാമൂഹിക, സാമ്പത്തിക ആഘാതം തുടങ്ങിയവ ചര്‍ച്ച ചെയ്തു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ (ഹ്യൂമനിറ്റേറിയന്‍ അഫയേഴ്‌സ്) പ്രത്യേക ദൂത ശൈഖ ഹിസ്സ ബിന്‍ത് ഖലീഫ അല്‍ താനി, അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ബൈറൂത്തിലെ ഇസ്സാം ഫാരിസ് ഇന്‍സ്റ്റിറ്റിയൂട്ട് സീനിയര്‍ ഫെല്ലോ റമി ഖൗരി, യു എന്‍ പോപുലേഷന്‍ ഫണ്ട് അറബ് സ്റ്റേറ്റ് റീജ്യനല്‍ ഡയറക്ടര്‍ ലുവായ് ശബാന, സ്ത്രീ വിവേചനം നിഷ്‌കാസനം ചെയ്യാനുള്ള കമ്മിറ്റിയംഗം നഹ്‌ല ഹൈദര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.