മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍

Posted on: October 19, 2016 12:55 am | Last updated: October 19, 2016 at 12:55 am

തിരുവനന്തപുരം: വഞ്ചിയൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ പ്രവര്‍ത്തരെ മര്‍ദിച്ച കേസില്‍ അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍. വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം കോടതിയില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിടുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, ആര്‍ രതിന്‍, സുഭാഷ്, അരുണ്‍ പി നായര്‍, രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ അഞ്ച് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനു പിന്നാലെ അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കള്ളക്കേസെടുത്തു. അഭിഭാഷകനെതിരെ വധഭീഷണി മുഴക്കിയെന്നാണ് കേസ്. വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ച പോലീസ്, അഭിഭാഷകര്‍ നല്‍കിയ കള്ളക്കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്.
വെള്ളിയാഴ്ച ഇ പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് കോടതി പൊതുതാത്പര്യ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ഒരു സംഘം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. പോലീസും ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും നോക്കിനില്‍ക്കേയായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകര്‍ കോടതി മുറി വിട്ടിറങ്ങിയതോടെ അഭിഭാഷകര്‍ മാധ്യമ വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. പി ടി ഐ ലേഖകന്‍ ജെ രാമകൃഷ്ണന്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍, സി പി അജിത (ഏഷ്യാനെറ്റ് ന്യൂസ്) ജസ്റ്റീന തോമസ് (മനോരമ ന്യൂസ്) വിനോദ് (ന്യൂസ് 18 കേരള) എന്നിവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കോടതിക്കു പുറത്തെത്തിയപ്പോഴേക്കും കോടതിക്കുള്ളില്‍ നിന്ന് കല്ലേറുണ്ടാവുകയും ചെയ്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതിനു പിന്നാലെയാണ് വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.