കെ എസ് ആര്‍ ടി സി പ്രതിസന്ധി; ശമ്പളം നല്‍കാന്‍ കടമെടുക്കില്ല; ഫീല്‍ഡില്‍ ഇറങ്ങി പണിയെടുക്കണമെന്ന് എം ഡി

Posted on: October 19, 2016 5:28 am | Last updated: October 19, 2016 at 12:29 am

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് കടംവാങ്ങി ശമ്പളം നല്‍കില്ലെന്ന് പുതിയ എം ഡി രാജമാണിക്യം. കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനകളുടെ ആദ്യ യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്ഥാപനത്തെ രക്ഷിക്കുന്നതിന് നടപടികളുണ്ടാകും. ജീവനക്കാര്‍ക്ക് ന്യായമായും മാസാവസാനം ശമ്പളം ലഭിക്കേണ്ടതു തന്നെയാണ്. അതിനുള്ള പ്രയത്‌നം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇതിനായി ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഫീല്‍ഡില്‍ ഇറങ്ങി പണിയെടുക്കണം. കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍ ഓടിക്കാനുള്ള നടപടി ഉണ്ടാകണം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കീഴ് ജീവനക്കാര്‍ക്കു മാത്രം വിട്ടുനല്‍കാതെ ഉന്നത ഉദ്യോഗസ്ഥരും ഫീല്‍ഡിലിറങ്ങി പ്രവര്‍ത്തിക്കണം. കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം ഉന്നയിച്ചു. ഒരു സാധാരണക്കാരനെന്ന രീതിയിലാണ് ഇതെല്ലാം ഉന്നയിക്കുന്നതെന്നും സ്ഥാപനത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമായ പുനഃസംഘടിപ്പിക്കല്‍ ഉണ്ടാകുമെന്ന സൂചന നല്‍കി.
ശമ്പളം വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് കെ എസ് ആര്‍ ടി സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. 93 ഡിപ്പോകളില്‍ 34 ഇടങ്ങളില്‍ മാത്രമാണ് കെ എസ് ആര്‍ ടി സി അന്ന് ശമ്പളം നല്‍കിയിരുന്നത്. എസ് ബി ടിയില്‍ നിന്ന് വായ്പ ലഭിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് കൂടി ശമ്പളം നല്‍കാന്‍ സാധിച്ചത്.
മാസം 74 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്ക് ശമ്പളത്തിന് വേണ്ടത്. 65 കോടി പെന്‍ഷനും. നേരത്തെ ഡിപ്പോകള്‍ പണയം വെച്ചാണ് ശമ്പളം കൊടുത്തത്. ഇതിനകം 63 എണ്ണം പണയപ്പെടുത്തി. ബാക്കിയുള്ളവക്ക് കൃത്യമായ ഭൂമി രേഖകളില്ലാത്തതിനാലാണ് പണയം വെക്കാന്‍ കഴിയാത്തത്. 2823.42 കോടി രൂപയുടെ ബാധ്യതയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി കെ എസ് ആര്‍ ടി സിക്കുള്ളത്. 548 കോടി രൂപ സര്‍ക്കാര്‍ വായ്പയും ഉണ്ട്. അതുകൊണ്ടുതന്നെ ബാധ്യത വര്‍ധിപ്പിക്കുന്ന രീതിയില്‍ പണയം വെച്ചും കടംവാങ്ങിയും ശമ്പളം നല്‍കില്ലെന്നാണ് പുതിയ എം ഡി രാജ മാണിക്യത്തിന്റെ നിലപാട്.