ചേളാരി വിഭാഗത്തിന് തോല്‍വി; മാങ്ങാട്  മദ്‌റസയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പഠനം തുടരും

Posted on: October 17, 2016 9:09 am | Last updated: October 17, 2016 at 9:09 am

samastha-officeതളിപ്പറമ്പ്: മാങ്ങാട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ചുള്ള പാഠ്യപദ്ധതി തുടരാന്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ 27 വര്‍ഷക്കാലമായി തുടര്‍ന്നുവരുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ചുള്ള പാഠങ്ങള്‍ പഠിപ്പിക്കുന്നത് ഇക്കഴിഞ്ഞ ജൂലായ് 17 മുതല്‍ പുതുതായി ചാര്‍ജെടുത്ത പ്രധാനാധ്യാപകന്‍ മാറ്റാന്‍ ശ്രമിച്ചത് പ്രശ്‌നമായിരുന്നു. കണ്ണപുരം, എസ് ഐ വളപ്പട്ടണം സി ഐ, ഡി വൈ എസ് പി എന്നിവര്‍ വിഷയങ്ങൡ ഇടപെടുകയും ഡി വൈ എസ് പിയുടെ മധ്യസ്ഥതയില്‍ ഇരു വിഭാഗത്തെയും വിളിപ്പിച്ച് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരു വിദ്യാഭ്യാസ ബോര്‍ഡിന്റെയും പുസ്തകങ്ങള്‍ തത്കാലം പഠിപ്പിക്കേണ്ടതില്ലെന്നും ഖുര്‍ആന്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നുമാണ് തീരുമാനമുണ്ടായത്.
നേരത്തെ മഹല്ല് ഭരണം നടത്തിയിരുന്നത് സുന്നി വിദ്യാഭ്യാസ ബോര്‍ഡിനെ അംഗീകരിക്കുന്ന സുന്നി വിഭാഗമായിരുന്നു. മഹല്ലിലെ ചില വ്യക്തികള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ കാരണം വഖഫ് ബോര്‍ഡില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മെയ് 12ന് നടന്ന തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മറുവിഭാഗം വിജയിച്ചിരുന്നു. ചേളാരി സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളും സംയുക്ത മുന്നണിയും സുന്നി വിഭാഗവുമായിരുന്നു അന്ന് മത്സരിച്ചത്. സുന്നികളുടെ പതിനൊന്ന് വോട്ട് അസാധുവാക്കിയാണ് വിജയിച്ചത്. ഈ വിജയം സുന്നി വിഭാഗം അംഗീകരിക്കുകയും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയുമുണ്ടായി. പിന്നീട് കമ്മിറ്റിയോ ജനറല്‍ ബോഡിയോ തീരുമാനിക്കാതെ 27 വര്‍ഷം തുടര്‍ന്നുവന്ന സിലബസ് ഒരു ദിവസം കൊണ്ട് മാറ്റാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഹേതുവായത്. നിലവിലുള്ള കമ്മിറ്റി സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ പ്രശ്‌നത്തില്‍ ഇടപെടിയിക്കുകയും ജില്ലാ സെക്രട്ടറി പി ജയരാജന്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തു. മധ്യസ്ഥ തീരുമാനപ്രകാരം അദ്ദേഹം നിശ്ചയിക്കുന്ന ഒരു അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇന്നലെ ജനറല്‍ ബോഡി ചേര്‍ന്നത്. പ്രസിഡന്റ് കെ പി മമ്മുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി തലശ്ശേരിയിലെ അഡ്വ. എന്‍ ആര്‍ ഷാനവാസ് നിയന്ത്രിച്ചു. സെക്രട്ടറി ശാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. നിലവിലുള്ള സുന്നി സിലബസ് തുടരണമെന്നാവശ്യപ്പെട്ട് സുന്നി വിഭാഗത്തിന് വേണ്ടി പി എം അബ്ദുസ്വലാഹ് അവതാരകനും പി ജമാലുദ്ദീന്‍ അനുമോദകനുമായി പ്രമേയം അവതരിപ്പിച്ചു.
ചേളാരി വിഭാഗത്തിന്റെ സിലബസ് പുതുതായി തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ റാഷിദും പ്രമേയം അവതരിപ്പിച്ചു. രണ്ട് പ്രമേയവും വോട്ടിനിട്ടു. പങ്കെടുത്ത 286 പേരില്‍ നിന്ന് ഓരോരുത്തരോടായും പരസ്യമായി അഭിപ്രായം ആരാഞ്ഞാണ് വോട്ട് രേഖപ്പെടുത്തിയത്. പങ്കെടുത്തവരില്‍ 146പേരും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് തുടരണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ പിന്തുണച്ചപ്പോള്‍ ചേളാരി വിഭാഗത്തിന്റെ പ്രമേയത്തില്‍ 125 പേരുടെ പിന്തുണയും കിട്ടി. 21 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് തുടരാന്‍ തീരുമാനമായതായി തിരഞ്ഞെടുപ്പില്‍ നേതൃത്വം വഹിച്ച അഡ്വ. എന്‍ ആര്‍ ഷാനവാസ് ജനറല്‍ ബോര്‍ഡിയോഗത്തെ അറിയിച്ചു. തികച്ചും സമാധാനപരമായിരുന്ന ജനറല്‍ ബോഡി കണ്ണപുരം എസ് ഐ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് നിലനിര്‍ത്താന്‍ സഹകരിച്ച മഹല്ലിലെ മുഴുവനാളുകളെ സുന്നി സംഘടനാ നേതാക്കള്‍ അഭിനന്ദിച്ചു.