ബേപ്പൂര്‍ ഖാസി: സുന്നത്ത് ജമാഅത്തിന്റെ ധീര ശബ്ദം കാന്തപുരം

Posted on: October 17, 2016 9:05 am | Last updated: October 17, 2016 at 9:05 am

kANTHAPURAM NEWകോഴിക്കോട്: അഹ്‌ലുസ്സുന്നത്തിന്റെ വളര്‍ച്ചക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച പണ്ഡിതനായിരുന്നു ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസിന്റെ ആരംഭം മുതല്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്നു . സമസ്തയുടെയും എസ് വൈ എസിന്റെയും സുന്നി വിദ്യാഭാസ ബോര്‍ഡിന്റെയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്ന് നേതൃത്വം നല്‍കി. സമസ്തയില്‍ പിളര്‍പ്പ് ഉണ്ടായപ്പോള്‍ സത്യത്തിന്റെ കൂടെ അദ്ദേഹം ഉറച്ചു നിന്നു. അത് കാരണം ബേപ്പൂരിലെ ഖാസി സ്ഥാനത്തു നിന്ന് നീക്കാന്‍ പലരും ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ധീരവും സത്യസന്ധവുമായ നിലപാട് കാരണം അവര്‍ക്ക് പിന്തിരിയേണ്ടി വന്നു.
ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള അനേകം മഹല്ലുകളുടെ ഖാസിയായിരുന്നു അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. മര്‍കസില്‍ നടക്കുന്ന ആത്മീയ സദസ്സുകളില്‍ എല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളില്‍ പലരും പഠിച്ചതും മര്‍കസ് സ്ഥാപനങ്ങളിലാണ്. പുഞ്ചിരി തൂകുന്ന മുഖത്തോടെ സുന്നി പ്രസ്ഥാനത്തിന് വേണ്ടി ധീരമായി നിലകൊണ്ട പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പരലോക ജീവിതം അല്ലാഹു പ്രസന്നമാക്കട്ടെയെന്ന് പ്രാര്‍ഥിച്ച കാന്തപുരം നാട്ടിലും ഗള്‍ഫിലും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കാനും പ്രാര്‍ഥിക്കാനും പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.