ചേളാരി സമസ്തക്കെതിരെ കെ എം ഷാജിയുടെ രൂക്ഷ വിമര്‍ശം

Posted on: October 16, 2016 12:08 am | Last updated: October 16, 2016 at 12:08 am

KM SHAJIകോഴിക്കോട്: സലഫി അനുകൂല ലേഖനത്തിനെതിരെ ചേളാരി സമസ്തയുടെ എതിര്‍പ്പിനെതിരെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ എം ഷാജി എം എല്‍ എയുടെ രൂക്ഷ വിമര്‍ശം.
ചേളാരി സമസ്തയുടെ നിലപാടിനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ തന്നെ യോഗത്തില്‍ പ്രതികരിച്ചു. ചേളാരി സമസ്തയെ ഒരു വിഭാഗം ലീഗ് വിരുദ്ധരായ നേതാക്കള്‍ ഹൈജാക്ക് ചെയ്യുകയാണ്. ചേളാരി സമസ്തയും അവരുടെ പത്രവും ലീഗ് വിരുദ്ധ നയവും ശൈലിയുമാണ് സ്വീകരിച്ചു വരുന്നത്. അഴീക്കോട് മണ്ഡലത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ അവരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായതായും യോഗത്തില്‍ അദ്ദേഹം ആരോപിച്ചു.
ഇസില്‍ തീവ്രവാദത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മുജാഹിദ് സംഘടനകളെ ലീഗ് പിന്തുണക്കണമെന്ന അഭിപ്രായവും അദ്ദേഹം ഉന്നയിച്ചു.
തീവ്രവാദവുമായി ബന്ധപ്പെട്ട് മൗദൂദിസത്തെ ശക്തമായി എതിര്‍ക്കുമ്പോഴും തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന തീവ്ര സലഫിസത്തോട് മൃദുസമീപനം പുലര്‍ത്തുന്ന തരത്തിലുള്ള ഷാജിയുടെ ലേഖനം വിവാദമായിരുന്നു. ഇസിലുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ നിരീക്ഷണത്തില്‍ അവലംബിച്ച യുക്തിയും ന്യായവുമെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലെന്നായിരുന്നു ചേളാരി സമസ്ത നേതാവ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. പകല്‍ പോലെ വ്യക്തമായ ചില യാഥാര്‍ഥ്യങ്ങളെ പച്ചയായി നിഷേധിക്കാനുള്ള ശ്രമമാണ് ഷാജി നടത്തിയതെന്നും മണ്ണില്‍ തല താഴ്ത്തി ആരും കാണുന്നില്ലെന്ന് നടിക്കുന്നത് ഒട്ടകപ്പക്ഷിയുടെ നയത്തിനു തുല്യമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ കെ എം ഷാജിക്കെതിരെ നിരവധി വിമര്‍ശങ്ങളും നവ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു. ഇതിന്റെ പിന്നാലെയാണ് ഇന്നലെ നടന്ന മുസ്‌ലിംലീഗ് സെക്രേട്ടറിയറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തത്.
നേരത്തെയും കെ എം ഷാജിയും ചേളാരി സമസ്തയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ലേഖനത്തിലെ നിലപാട് കെ എം ഷാജിയുടെ വ്യക്തിപരമായ കാര്യമാണെന്നാണ് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.