തീവ്രവാദം; സലഫി സംഘടനകള്‍ക്ക് പരോക്ഷ പിന്തുണയുമായി മുസ്‌ലിം ലീഗ്

Posted on: October 16, 2016 6:04 am | Last updated: October 16, 2016 at 12:06 am

IUMLകോഴിക്കോട് :തീവ്രവാദത്തിനെതിരെ ക്യാമ്പയിന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴും തീവ്രവാദത്തിന്റെ പേരില്‍ സലഫി സംഘടനകളെ നോവിച്ചാല്‍ തങ്ങള്‍ക്കും പൊള്ളുമെന്ന തുറന്ന് പറഞ്ഞ് മുസ്‌ലിം ലീഗ്. തീവ്രവാദം സംബന്ധിച്ച് ലീഗിന്റെ ഇരട്ടത്താപ്പ് ഇന്നലെ നടന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും നേതാക്കള്‍ ആവര്‍ത്തിച്ചു. തീവ്രവാദത്തിനെതിരായ നടപടിയുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ അമിതാവേശം കാണിക്കുന്നുവെന്നാണ് ലീഗ് നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചത്. വിവാദ പ്രസംഗത്തിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്തിനെതിരെയും വിവാദ പാഠപുസ്തകത്തിന്റെ പേരില്‍ പീസ് സ്‌കൂളിനെതിരെയും കേസെടുത്ത നടപടിയെയും നേതാക്കള്‍ വിമര്‍ശിക്കുന്നു.
ശംസുദ്ദീന്റെ പ്രസംഗത്തെ ന്യായീകരിക്കുന്നില്ലെന്നും പാഠപുസ്തകത്തിലെ വിവാദ ഭാഗം പഠിപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും പറയുമ്പോള്‍ തന്നെയാണ് അവര്‍ക്കെതിരെ കെസെടുത്തതിനെ വിമര്‍ശിക്കുന്നത്. പാഠ പുസ്തകങ്ങളില്‍ മത സൗഹാര്‍ദം തകര്‍ക്കുന്നതരത്തില്‍ പരാമര്‍ശമുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനാണ് ആവശ്യപ്പെടേണ്ടതെന്നാണ് ലീഗിന്റെ വാദം. ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ശരിയല്ലെന്നും എന്നാല്‍ യു എ പി എ ചുമത്താന്‍ പാടില്ലായിരുന്നുവെന്നും ലീഗ് നേതാക്കള്‍ പറയുന്നു. തീവ്രവാദത്തിന്റെ പേരില്‍ സലഫി നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി ബോധിപ്പിക്കാനൊരുങ്ങുകയാണ് ലീഗ് നേതാക്കള്‍. ഇന്നലെ ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ പ്രധാന ചര്‍ച്ചയും സലഫി പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു.
ഇക്കാര്യത്തില്‍ ചേളാരി സമസ്ഥയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. മാത്രമല്ല മുസ്‌ലിം സംഘടനകളെ ഇക്കാര്യത്തില്‍ യോജിപ്പിച്ച് ക്യാമ്പയിനിനും നീക്കമുണ്ട്. തീവ്രവാദത്തിന്റെ പേരില്‍ നേരത്തെയും കേരളത്തിലെ യുവാക്കളെ കേസില്‍ കുടുക്കിയിരുന്നുവെങ്കിലും അന്നൊക്കെ മൗനം പാലിച്ച ലീഗ് നേതൃത്വം സലഫി നേതാക്കളെ തൊട്ടപ്പോള്‍ രംഗത്തുവന്നത് മുസ്‌ലിം സംഘടനകളിലും ചര്‍ച്ചയായിരുന്നു.
നേരത്തെ ചേളാരി സമസ്ത സലഫിസത്തെ എതിര്‍ത്ത് രംഗത്തു വന്നപ്പോള്‍ മുസ്‌ലിം ലീഗ് വിലങ്ങു സൃഷ്ടിച്ചിരുന്നു. ഇസിലിനെ എതിര്‍ക്കാം പക്ഷേ സലഫികളെ ഒന്നും പറയരുതെന്നാണ് മുസ്‌ലിം ലീഗ് ചേളാരി സമസ്തക്കും പോഷക സംഘടനകള്‍ക്കും നല്‍കിയിരിക്കുന്ന താക്കീത്. സലഫി സംഘടനകള്‍ക്കെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കരുതെന്ന് നേരത്തെ ചേളാരി സമസ്തക്ക് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അവര്‍ ലംഘിച്ചത് ഇരു സംഘടനകളും തമ്മിലുള്ള ഉള്‍പ്പോരിന് വഴിവെച്ചിരുന്നു. ഒന്നര വര്‍ഷത്തിനിടെ ഇസിലിലേക്ക് നിരവധി മലയാളികള്‍ ചേക്കേറിയിട്ടുണ്ടെന്നും ഈ ഒഴുക്കിന് വിധേയരാകുന്നവരെല്ലാം ഒരു പ്രത്യേക ആശയധാര വെച്ചു പുലര്‍ത്തുന്നവരാണെന്നതുമാണ് സലഫികള്‍ പ്രതികൂട്ടിലാകാന്‍ കാരണം.
ബംഗ്ലാദേശ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലായിരുന്നു മുസ്‌ലിംലീഗ് പിന്തുണച്ചും ഐക്യദാര്‍ഢ്യം അറിയിച്ചും രംഗത്തെത്തിയത്. മുസ്‌ലിംലീഗിന്റെ ഈ നിലപാടിനെ എടുത്തു ചാട്ടമായി പൊതുവെ വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും ലീഗിലെ സലഫി ആശയക്കാരുടെ സമ്മര്‍ദ ഫലമായി നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല തീവ്ര വാദവുമായി ബന്ധപ്പെട്ട് സലഫി പ്രസ്ഥാനങ്ങളെ പ്രതികൂട്ടിലാക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
അതിനിടെ സലഫികളോടുള്ള അമിത പ്രീണനത്തില്‍ ചില നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് പ്രതിഷേധമറിയിച്ചതായും പറയപ്പെടുന്നു.

ALSO READ  വെൽഫെയർ പാർട്ടി ബന്ധം: പിന്നോട്ടടിച്ച് ലീഗ്