കോട്ടക്കല്‍ കൃഷിഭവനില്‍ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍

Posted on: October 15, 2016 11:10 am | Last updated: October 15, 2016 at 11:06 am
കോട്ടക്കല്‍ കൃഷി  ഭവനില്‍ സ്ഥാപിച്ച  കിയോസ്‌ക്‌
കോട്ടക്കല്‍ കൃഷി
ഭവനില്‍ സ്ഥാപിച്ച
കിയോസ്‌ക്‌

കോട്ടക്കല്‍: കര്‍ഷകര്‍ക്ക് വിരല്‍തുമ്പില്‍ വിവരം ലഭ്യമാക്കുന്ന സംവിധാനം കോട്ടക്കല്‍ കൃഷിഭവനില്‍ പ്രവര്‍ത്തന സജ്ജമായി. അഗ്മാര്‍ക്കിന്റെ കിയോസ്‌ക് സംവിധാനമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തുടക്കം കുറിച്ചതാണ് പദ്ധതിയെങ്കിലും യന്ത്രം കാലങ്ങളായി ഇവിടെ വിശ്രമത്തിലായിരുന്നു. ഒരാഴ്ച്ച മുമ്പാണ് യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ലോകത്ത് എവിടെയുമുള്ള കൃഷി സംമ്പന്ധിച്ച വിരങ്ങള്‍ കര്‍ഷകര്‍ക്ക് വിരല്‍ തുമ്പിലൂടെ ലഭ്യാമാകുമെന്നതാണ് പ്രത്യേകത. ഒരാളുടെയും സഹായമില്ലാതെ വിവരങ്ങള്‍ ഇത് വഴി ലഭിക്കും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള പദ്ധതി വിഹിതം, പച്ചക്കറി വില നിലവാരം, കൃഷി ഓഫീസുകള്‍, വിത്തുകള്‍, കൃഷിക്കാലം, വളങ്ങള്‍, കീടനാശിനികള്‍, പ്രസിദ്ധീകരണങ്ങള്‍, സര്‍ക്കാറിന്റെ വിവിധ സഹായങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ആര്‍ക്കും അറിയാമെന്നതാണ് പ്രത്യേകത. സംസ്ഥാനത്ത് വിവിധ കൃഷി ഭവനുകളിലേക്ക് ഇത്തരം യന്ത്രങ്ങള്‍ അനുവദിച്ചിരുന്നെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇത് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞിരുന്നില്ല. മെഷീന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണമാണ് ഇതിന് തടസമായതായി ചൂണ്ടിക്കാണിച്ചിരുന്നത്.
അടുത്തിടയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മെഷീന്‍ പ്രര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ആഗ്മാര്‍ക്കിന് ഒരോ ദിവസത്തേയും പച്ചക്കറി മാര്‍ക്കറ്റ് വിവിരം കൈമാറുന്ന കൃഷി ഭവനുകള്‍ക്കാണ് യന്ത്രം നല്‍കിയിരുന്നത്. കോട്ടക്കലില്‍ പ്രവര്‍ത്തനം തുടങ്ങിയ യന്ത്രം മലപ്പുറം ബ്ലോക്കിലെ കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്പെടും.