സിനിമാരംഗങ്ങള്‍ കണ്ട് മാല മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Posted on: October 15, 2016 10:01 am | Last updated: October 15, 2016 at 10:01 am

വളാഞ്ചേരി: സിനിമ രംഗങ്ങള്‍ കണ്ട് മാലമോഷണം പഠിച്ച യുവാക്കള്‍ പിടിയിലായി. കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശികളായ മുഹമ്മദ് സുഹൈര്‍(19), അലി അക്ബര്‍(19) എന്നിവരാണ് കാടാമ്പുഴ പോലീസിന്റെ പിടിയിലായത്. കുട്ടികളുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിക്കുന്ന കേസിലാണ് സുഹൃത്തുക്കളായ ഇവര്‍ പിടിയിലാകുന്നത്.
സിനിമയിലെ മോഷണ രംഗങ്ങള്‍ കണ്ട് പഠിച്ചെടുത്താണ് ഇവര്‍ മോഷണ രംഗത്തേക്ക് ഇറങ്ങിയത്. റോഡരികിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കഴുത്തില്‍ നിന്ന് മാലമോഷ്ടിക്കാന്‍ വിദഗ്ധരാണ് പ്രതികള്‍. ഏര്‍ക്കര, മരവട്ടം എന്നീ സ്ഥലങ്ങളില്‍ നിന്ന് മാലമോഷ്ടിച്ച കേസിലാണ് അറസ്റ്റിലാകുന്നത്. ആഢംബര ജീവിതത്തിന് വേണ്ടിയാണ് പ്രതികള്‍ മോഷണം നടത്തുന്നതെന്നും വാടകക്ക് ബൈക്കുകളെടുത്ത് യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും പ്രതികള്‍ മാലമോഷണം നടത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും കാടാമ്പുഴ എസ് ഐ മഞ്ജിത് ലാല്‍ പറഞ്ഞു.കഞ്ചാവിനടിമകളായ പ്രതികള്‍ ആദ്യാമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.