തെറ്റു തിരുത്തല്‍ കണ്ണൂരിലെ പാര്‍ട്ടിക്ക് കരുത്തേകും

Posted on: October 15, 2016 6:00 am | Last updated: October 14, 2016 at 11:54 pm
SHARE

e-p-jayarajan-jpg-image-784-410കണ്ണൂര്‍: ഇ പി ജയരാജനെ രാജിയിലേക്ക് നയിക്കാന്‍ ആദ്യപരാതിയുയര്‍ത്തിയ കണ്ണൂരിലെ കീഴ്ഘടകങ്ങള്‍ക്ക്് പാര്‍ട്ടിയുടെ ‘തെറ്റുതിരുത്തല്‍’ നടപടി കരുത്തേകും.ബന്ധു നിയമന വിവാദത്തിന്റെ തുടക്കത്തില്‍ തന്നെ ജയരാജനെതിരെ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതും നടപടിക്കായി ആവശ്യപ്പെടുകയും ചെയ്തത് ജില്ലയിലെ പാര്‍ട്ടിയുടെ കീഴ്് ഘടകങ്ങളായിരുന്നു.ബ്രാഞ്ച്് തലം മുതല്‍ ലോക്കല്‍ ഏരിയാ തലം വരെയുള്ള അഞ്ച് കമ്മിറ്റികളില്‍ നിന്ന് നേതൃത്വത്തിന് വിവാദ നിയമനങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചു.പക്ഷെ പാര്‍ട്ടി മര്യാദ കാത്ത ഈ കീഴ്ഘടകങ്ങളൊന്നും കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ പരസ്യമായി നടത്താനോ മുതിര്‍ന്നില്ല.2010 ഏപ്രിലില്‍ വളപട്ടണം പുഴയുടെ തീരത്തെ കണ്ടല്‍ നിറഞ്ഞ പ്രദേശത്ത് പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ പേരില്‍ കണ്ടല്‍പാര്‍ക്ക് കൊണ്ടുവരുന്നതിനെച്ചൊല്ലയുണ്ടായ വിവാദത്തില്‍ ജയരാജനൊപ്പം ജില്ലയിലെ പാര്‍ട്ടി ഉറച്ചു നിന്നിരുന്നു.പിന്നീട് ലോട്ടറി വിവാദമുണ്ടായപ്പോള്‍ അത് പാര്‍ട്ടിക്കും പത്രത്തിനും വേണ്ടിയാണെന്നതിന്റെ പേരിലും അണികളില്‍ ഏറക്കുറേപ്പേരും ന്യായീകരിച്ചു.ഇക്കാര്യത്തിലുണ്ടായ ‘തെറ്റു തിരുത്തലിനെയും’ പിന്നീട് സ്വാഗതം ചെയ്തു.ആരെയും കൂസാത്ത പ്രകൃതവും വെട്ടിത്തുറന്നുള്ള സംസാരവുമുള്ള ജയരാജന്റെ ശൈലി അണികളെ എക്കാലത്തും ആവേശഭരിതമാക്കിയിരുന്നു. എന്നാല്‍ ഏറ്റവുമൊടുവിലായുണ്ടായ നിയമന വിവാദത്തെ അംഗീകരിക്കാന്‍ പാര്‍ട്ടിയംഗങ്ങളിലേറെപ്പേരും ഒരുക്കമായിരുന്നില്ല.
മന്ത്രി സ്ഥാനം ഒഴിവാക്കിയില്ലെങ്കിലും നിയമനങ്ങള്‍ റദ്ദാക്കി ശാസനയോ താക്കീതോ പോലുള്ള നടപടികളെങ്കിലും ജയരാജനു നേരെയുണ്ടായാല്‍ അവര്‍ക്കത്തൃപ്തിയേകുമായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം തന്നെ രാജിവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതോടെ പാര്‍ട്ടിയോടുള്ള വിശ്വാസവും കൂറും ശക്തിപ്പെടുത്താനിട വരുത്തുമെന്നാണ് അണികള്‍ ചൂണ്ടിക്കാണിക്കുന്നത്.അപഹാസ്യമായ രാഷ്ട്രീയ പ്രയോഗങ്ങളുടെ ഒരിടമായി പാര്‍ട്ടിയിലെ മറ്റിടങ്ങളില്‍ നിന്ന് കണ്ണൂരിനെ തരംതാഴ്ത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ ഈ തിരുത്തല്‍ നടപടിയിലൂടെ കഴിഞ്ഞതായി പ്രാദേശിക നേതാക്കള്‍ പറയുന്നു. ഏത് ഉന്നത സ്ഥാനത്തിരിക്കുന്നയാളായാലും ആരും പാര്‍ട്ടിക്ക് മുകളിലല്ലെന്ന സന്ദേശമുയത്താന്‍ ഇത് വഴി സാധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ വി എസി നെതിരെ പാര്‍ട്ടി നടപടിയുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ചും വി എസിനെ രൂക്ഷമായെതിര്‍ത്തുമുള്ള റിപ്പോര്‍ട്ടിംഗാണ് കണ്ണൂരിലെ ഘടകങ്ങളില്‍ നടന്നിരുന്നത്. പിണറായിയും ഇ പി ജയരാജനും ഉള്‍പ്പെട്ട ഔദ്യോഗിക പക്ഷത്തിന്റെ തട്ടകമായതിനാലാണ് കണ്ണൂരിലെ പാര്‍ട്ടിയില്‍ നിന്നും വി എസ്സിനെതിരായി അത്തരം വിമര്‍ശങ്ങളുയര്‍ന്നുവന്നതെന്ന വാദങ്ങളുടെ മുനയൊടിക്കാനും പാര്‍ട്ടിയുടെ ഈ നിലപാട് കാരണമായില്ലേയെന്ന ചോദ്യവും അവര്‍ ഉര്‍ത്തുന്നു. പാര്‍ട്ടികോണ്‍ഗ്രസ്സുകളിലും സമ്മേളനങ്ങളിലും കേഡര്‍മാരിലും നേതാക്കളിലും പ്രകടമായിരുന്ന തെറ്റായ പ്രവണതകളെ തിരുത്തണമെന്ന ആവശ്യമുയരാരുണ്ടായിരുന്നു. അത് അക്ഷരം പ്രതി നടപ്പാക്കുന്ന പാര്‍ട്ടിയാണ് സി പി എമ്മെന്നും നടപടി പാര്‍ട്ടിക്ക് കരുത്തേകുകയാണെന്നും ഒരു നേതാവ് പ്രതികരിച്ചു.സമരോത്സുകമായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ പര്യായമെന്ന നിലയ്ക്കും ധീരരും ത്യാഗികളുമായ സഖാക്കളുടെ കേന്ദ്രമെന്ന നിലയ്ക്കുമാണ് കണ്ണൂര്‍ പാര്‍ട്ടിയില്‍ വേറിട്ടു നില്‍ക്കുന്നത്.ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായി തുടങ്ങി സിപി എംജില്ലാ സെക്രട്ടറിയായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച,സംഘടനാപ്രവര്‍ത്തനത്തിടെ ക്രൂരമായ പൊലീസ്മര്‍ദനത്തിരയായ പലവട്ടം ജയില്‍വാസം അനുഭവിച്ച ഇ പി ജയരാജന്‍ തെറ്റു തിരുത്തി വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ പാര്‍ട്ടിക്ക് അത് വലിയ ആത്മവിശ്വാസം തന്നെയാണ് പകരുകയെന്നും അണികള്‍ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here