Connect with us

International

സാര്‍ക്ക് ഉച്ചകോടി: അഞ്ച് രാജ്യങ്ങളുടെ പിന്‍മാറ്റം ഗുണം ചെയ്യുമെന്ന് അഫ്ഗാന്‍

Published

|

Last Updated

കാബൂള്‍: ഇസ്‌ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് അഞ്ച് രാജ്യങ്ങള്‍ പിന്‍മാറിയത് അനുകൂല ഫലം ഉളവാക്കിയേക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അഫ്ഗാനിസ്ഥാന്‍, സഹകരിക്കാത്ത അംഗ രാജ്യം സമാധാനത്തിന്റെ പാതയിലേക്കും പങ്കാളിത്തത്തിലേക്കുമെത്തിയേക്കാമെന്നും പറഞ്ഞു. നവംബറില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് അഫ്ഗാനിസ്ഥാന് പുറമെ ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പിന്‍മാറിയിരുന്നു. ഉച്ചകോടി വിജയകരമായി നടത്താന്‍ അനുകൂലമായ അന്തരീക്ഷമൊരുക്കിയില്ലെന്ന് പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പിന്‍മാറ്റം. സെപ്തംബര്‍ 18ന് ഉറിയില്‍ നടന്ന തീവ്രവാദി ആക്രമണത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇതിന് കാരണമായത്. സാര്‍ക്കിനെ പിന്തുണക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും. ഉച്ചകോടിയില്‍ നിന്ന് അഞ്ച് രാഷ്ട്രങ്ങള്‍ നടത്തിയ പിന്‍മാറ്റം സാര്‍ക്കിനെ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച വഴികള്‍ ലക്ഷ്യംവെച്ചായിരുന്നുവെന്നും ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഷെയ്ദ മുഹമ്മദ് അബ്ദാലി പറഞ്ഞു. ആഗ്രഹിക്കുന്നതു പോലെയും ലക്ഷ്യം വെക്കുന്നതുപോലെയും പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സാര്‍ക്. പരസ്പര സഹകരണം, വ്യവസായം, സമാധാനം, സുസ്ഥിരത എന്നിവയെല്ലാമാണ് സാര്‍ക് അര്‍ഥമാക്കുന്നതെന്നും അബ്ദാലി പറഞ്ഞു. സാര്‍ക്കില്‍നിന്നുള്ള പിന്‍മാറ്റം നമുക്ക് അനുകൂലമായ ഫലം കൊണ്ടുവരുമെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള നല്ല ബന്ധത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest