മസ്ജിദുല്‍ അഖ്‌സക്ക് ജൂതരുമായി ബന്ധമില്ല: യുനെസ്‌കോ പ്രമേയം

Posted on: October 15, 2016 5:43 am | Last updated: October 14, 2016 at 11:45 pm
കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍അഖ്‌സ
കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍അഖ്‌സ

ജറൂസലം: യുനെസ്‌കോയുമായുള്ള സഹകരണം ഇസ്‌റാഈല്‍ അധികൃതര്‍ റദ്ദാക്കി. അല്‍അഖ്‌സ മസ്ജിദിന് ചുറ്റും ഇസ്‌റാഈല്‍ നടത്തുന്ന ധിക്കാരപരമായ നടപടികളെ അതിരൂക്ഷമായ ഭാഷയില്‍ യുനെസ്‌കോ വിമര്‍ശിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത് ഒരു ദിവസം കഴിയുമ്പോഴാണ് അവരുമായുള്ള സഹകരണം റദ്ദാക്കിക്കൊണ്ടുള്ള ഇസ്‌റാഈല്‍ ഉത്തരവ് വരുന്നത്. മസ്ജിദുല്‍ അഖ്‌സയിലേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശം വിലക്കുന്ന ഇസ്‌റാഈല്‍ നടപടിയെ പ്രമേയം അപലപിച്ചിരുന്നു. മസ്ജിദിന് ചുറ്റും പോലീസും ഇസ്‌റാഈല്‍ സൈന്യവും നടത്തുന്ന അതിക്രമങ്ങളെയും പ്രമേയത്തില്‍ യുനെസ്‌കോ ശക്തമായി എതിര്‍ത്തിരുന്നു. ഇസ്‌റാഈല്‍ അധിനിവേശം നടത്തുന്ന ശക്തിയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അള്‍ജീരിയ, ഈജിപ്ത്, ലബനാന്‍, മൊറോക്കോ, ഒമാന്‍, ഖത്വര്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച്ച വോട്ടെടുപ്പില്‍ 24 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ആറ് പേര്‍ എതിര്‍ത്തു. 26 പേര്‍ ഹാജരുണ്ടായിരുന്നില്ല. എസ്‌തോനേഷ്യ, ജര്‍മനി, ലിത്വാനിയ, നെതര്‍ലാന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. അതേസമയം, ചൈന, റഷ്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
പ്രമേയം പാസ്സാക്കിയ വിഷയത്തില്‍ കടുത്ത അമര്‍ഷമാണ് ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്നത്. കാരണം, അല്‍അഖ്‌സ മസ്ജിദുമായി ജൂതര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങളെ മുഴുവന്‍ നിയമപരമായി തന്നെ തള്ളിക്കളയുന്നതാണ് യുനെസ്‌കോ പ്രമേയം. ജറൂസലം മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ക്കെല്ലാം വിശുദ്ധ സ്ഥലമാണെങ്കിലും മസ്ജിദുല്‍അഖ്‌സയും അതിന്റെ കോമ്പൗണ്ടും മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അത് അവരെ സംബന്ധിച്ചിടത്തോളം മാത്രമാണ് വിശുദ്ധമെന്നും പ്രമേയത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതാണ് ഇസ്‌റാഈലിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് ജൂതരെ സംബന്ധിച്ചിടത്തോളം പരിശുദ്ധമാണെന്ന് പ്രമേയത്തിലെവിടെയും പരാമര്‍ശമില്ലാത്തതിനാല്‍ ഇസ്‌റാഈലിന് ഇത് വന്‍ തിരിച്ചടിയുമാണ്.
ഈ പ്രമേയം പാസ്സാക്കിയതോടെ യുനെസ്‌കോക്കുള്ള നിയമപരമായ പിന്തുണ ഇല്ലാതായിരിക്കുകയാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുനെസ്‌കോയിലെ അസംബന്ധ നാടകം തുടരുകയാണെന്നും ടെംപിള്‍ മൗണ്ടുമായി ജൂതര്‍ക്ക് ഒരു ബന്ധവുമില്ലെന്ന അതിന്റെ പുതിയ പ്രമേയം പാസ്സാക്കിയതിലൂടെ ആ പ്രസ്ഥാനം മറ്റൊരു തെറ്റായ നടപടി സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടെംപിള്‍ മൗണ്ടുമായോ പടിഞ്ഞാറന്‍ മതിലുമായോ ജൂതര്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന പ്രമേയം, വന്‍മതിലുമായി ചൈനക്ക് ഒരു ബന്ധവുമില്ലെന്ന് പറയുന്നതിന് തുല്യമോ അല്ലെങ്കില്‍ പിരമിഡുമായി ഈജിപ്തിന് ബന്ധമില്ലെന്ന് പറയുന്നതിന് തുല്യമോ ആണെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, പ്രമേയത്തെ സ്വാഗതം ചെയ്ത് ഫലസ്തീന്‍ രംഗത്തെത്തി. ഇസ്‌റാഈല്‍ നടത്തുന്ന കാലങ്ങളായുള്ള അവരുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള സന്ദേശമാണിതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബ്ദുര്‍ദൈന ചൂണ്ടിക്കാട്ടി. ഇത് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ജറൂസലം അതിന്റെ തലസ്ഥാനമെന്ന് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയം പാസ്സായതോടെ കടുത്ത അമര്‍ഷവുമായി യു എസും രംഗത്തെത്തിയിരുന്നു. ഈ പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇത്തരം പ്രമേയങ്ങളുടെ വിഷയത്തില്‍ ആശങ്കയുണ്ടെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിലെ വിശുദ്ധ ഗേഹങ്ങളായി പരിഗണിക്കപ്പെടുന്ന മസ്ജിദുല്‍ അഖ്‌സയും അതിന്റെ കോമ്പൗണ്ടും 1967ല്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത കിഴക്കന്‍ ജറൂസലമിലാണ് നിലകൊള്ളുന്നത്. എന്നാല്‍ ഈ നടപടിക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ഒരു പിന്തുണയും കിട്ടിയിട്ടില്ല.