കാഴ്ചയില്ലാത്തവരോട് ഐക്യപ്പെട്ട് ഇരുട്ടില്‍ ഊണും അത്താഴവും

Posted on: October 14, 2016 10:14 pm | Last updated: October 18, 2016 at 8:24 pm
ദോഹ കോളജില്‍ നടത്തിയ കണ്ണുകള്‍കെട്ടിയുള്ള ഉച്ചഭക്ഷണം കഴിക്കല്‍ പരിപാടി
ദോഹ കോളജില്‍ നടത്തിയ കണ്ണുകള്‍കെട്ടിയുള്ള ഉച്ചഭക്ഷണം കഴിക്കല്‍ പരിപാടി

ദോഹ: ലോക കാഴ്ച ദിനത്തില്‍ കാഴ്ച ശക്തിയില്ലാത്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇരുട്ടത്തൊരു അത്താഴം പരിപാടിയുമായി ഖത്വര്‍ ക്രിയേറ്റിംഗ് വിഷന്‍. ഖത്വര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഒര്‍ബിസ് യു കെ എന്നിവയുടെ സഹായത്തോടെയാണ് ഒറിക്‌സ് റൊട്ടാനയില്‍ വെച്ച് പരിപാടി സംഘടിപ്പിച്ചത്.
ലോകത്തെമ്പാടുമുള്ള കാഴ്ച ശേഷിയില്ലാത്തവരുടെ അനുഭവവും വികാരങ്ങളും അറിയുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഖത്വര്‍ ക്രിയേറ്റിംഗ് വിഷന്‍ മേധാവി ഫ്‌ളോറന്‍സ് ബ്രാന്‍ഷു പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 55 ലക്ഷം കുട്ടികള്‍ക്ക് നേത്രപരിശോധനയും ചികിത്സയും ലഭ്യമാക്കുകയെന്നതാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഖത്വര്‍ ക്രിയേറ്റിംഗ് വിഷന്റെ ലക്ഷ്യം. കാഴ്ച ശക്തിയെന്ന അനുഗ്രഹത്തെയും അത് പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ചാണ് ഖത്വറില്‍ ബോധവത്കരണം നടത്തുന്നത്. ഇരുട്ടത്തെ അത്താഴം പരിപാടി ബോധവത്കരണ പരിപാടിയാണെന്നും ഫണ്ട് സ്വരൂപണമല്ലെന്നും ബ്രാന്‍ഷു പറഞ്ഞു. ക്യു എഫ് ആണ് സംഘടനക്ക് ഫണ്ട് നല്‍കുന്നത്. ഇതിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഖത്വര്‍ ചാരിറ്റിക്ക് നല്‍കിയാലും മതി. ഖത്വര്‍ ചാരിറ്റിയുമായി സംഘടനക്ക് പങ്കാളിത്തമുണ്ട്. ഖത്വറിലെ ചില സ്‌കൂളുകള്‍ ഇരുട്ടത്ത് ഉച്ചയൂണ്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ദോഹ കോളജില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഇരുട്ടത്ത് ഉച്ചയൂണ്‍ പരിപാടി നടത്തിയതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഖത്വര്‍ ക്രിയേറ്റിംഗ് വിഷന്റെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനം കുട്ടിക്കാല അന്ധതയും ചികിത്സിച്ച് ഭേദമാക്കാനാകും. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 4.73 ലക്ഷം കുട്ടികള്‍ക്ക് അന്ധതയുണ്ട്. ഇവയില്‍ പകുതിയും ചികിത്സിച്ച് ഭേദമാക്കാം.
നേരത്തെയുള്ള ചികിത്സ ലഭിക്കാത്തത് കാരണം ഇത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഇടക്കുവെച്ച് നിര്‍ത്തേണ്ടി വരികയും ജീവിതത്തില്‍ ഒറ്റപ്പെട്ടും ദാരിദ്ര്യത്തിലും കഴിയേണ്ടിയും വരുന്നു.