കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം: നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഹരജി

Posted on: October 14, 2016 12:09 am | Last updated: October 14, 2016 at 12:09 am

docterതിരുവനന്തപുരം: സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളായ കണ്ണൂരിന്റെയും പാലക്കാട് കരുണയുടെയും മുഴുവന്‍ പ്രവേശനവും റദ്ദാക്കണമെന്ന് കാണിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇരു കോളജുകളും നിയമലംഘനം നടത്തിയാണ് പ്രവേശനം നടത്തിയതെന്നും കോടതി വിധി മാനിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. ഇങ്ങനെ നടത്തിയ പ്രവേശനം മുഴുവന്‍ മേല്‍നോട്ടം വഹിക്കുന്ന ജെയിംസ് കമ്മിറ്റി നേരത്തെ റദ്ദാക്കിയിട്ടുളളതാണ്. ജെയിംസ് കമ്മിറ്റിയുടെ ആ ഉത്തരവ് നിലനിര്‍ത്തണമെന്ന് ഹരജിയില്‍ പറയുന്നു.
ഉയര്‍ന്ന റാങ്കുകാര്‍ക്ക് പ്രവേശനം നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് അവസാനത്തെ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. അതനുസരിച്ച് പ്രവേശനം നടത്താന്‍ ഒരുങ്ങിയിരുന്നെങ്കിലും രണ്ട് കോളജുകളും സ്‌പോട്ട് അലോട്ട്‌മെന്റില്‍ സഹകരിച്ചില്ല. പാലക്കാട് കരുണ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുത്തതേയില്ല. കണ്ണൂരിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും അലോട്ട്‌മെന്റിന് തയാറായില്ല. ഉയര്‍ന്ന റാങ്ക് നേടിയ മുപ്പതിലധികം പേരെ ഒഴിവാക്കിയാണ് കോളജുകള്‍ പ്രവേശനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. മുഴുവന്‍ സീറ്റിലും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തിയതെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാട്ടി കണ്ണൂരിന്റെ പ്രതിനിധികള്‍ ഒഴിഞ്ഞുമാറി. എന്നാല്‍ ഉയര്‍ന്ന റാങ്കുകാരെ പരിഗണിച്ചില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന കാര്യം സ്‌പോട്ട് അലോട്ട്‌മെന്റ് വേദിയില്‍ വെച്ച് തന്നെ പ്രതിനിധികളോട് പറഞ്ഞിട്ടും സീറ്റുകള്‍ തരാന്‍ അവര്‍ തയാറായില്ല. പ്രവേശനം കിട്ടാതെ പോയ ഉയര്‍ന്ന റാങ്കുകാര്‍ സ്‌പോട്ട് അലോട്ട്‌മെന്റിനെത്തി നിരാശയോടെ മടങ്ങേണ്ടി വന്നു. ഇത് നിയമലംഘനമാണെന്നും കരാറില്‍ ഒപ്പിടാതെ പ്രവേശനം നടത്തിയതുപോലുളള നടപടിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇതില്‍ എന്ത് നടപടി എടുക്കുമെന്നതനുസരിച്ചിരിക്കും ഈ കോളജുകളുടെയും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെയും ഭാവി. പ്രവേശനം നടത്താനുളള തീയതി കഴിഞ്ഞതിനാല്‍ ഇനിയൊരു അലോട്ട്‌മെന്റ് നടക്കണമെങ്കില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടാവണം. ജെയിംസ് കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം പ്രവേശനം മുഴുവന്‍ റദ്ദാക്കുകയാണെങ്കില്‍ മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിക്കും. അതല്ല, ഉയര്‍ന്ന റാങ്കുകാരെ ഉള്‍പ്പെടുത്തണമെന്ന നേരത്തെയുളള നിര്‍ദ്ദേശമാണ് ഹൈക്കോടതി അംഗീകരിക്കുന്നതെങ്കില്‍ ആ സീറ്റുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുറത്ത് പോകേണ്ടിവരും. പ്രവേശനം കിട്ടാതെ പോയവര്‍ക്ക് പ്രവേശനത്തിന് വഴിയൊരുങ്ങുകയും ചെയ്യും.