Connect with us

Kerala

വീര ജവാന്‍ തോമസിന്റെ മൃതദേഹമെത്തി; 24 വര്‍ഷത്തിനുശേഷം

Published

|

Last Updated

നെടുമ്പാശേരി: ത്രീവ്രവാദികളോട് പോരാടി രാജ്യത്തിനു വേണ്ടി മരണം വരിച്ച മലയാളി ജവാന്റെ ശരീരവശിഷ്ടം 24 വര്‍ഷത്തിനുശേഷം നാട്ടിലെത്തിച്ചു.പാല കാഞ്ഞിരമറ്റം ഏഴാച്ചേരി വീട്ടില്‍ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും സഹോദരിമാരുടെയും വളരെ കാലത്തെ ആഗ്രഹമായിരുന്നു നാടിന് വേണ്ടി വീര്യമൃതു വരിച്ച ഇ തോമസ് ജോസഫിന്റെ ഭൗതികാവശിഷ്ടം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ച് സംസ്‌കാര ശുശ്രുഷകള്‍ നടത്തണമെന്നത്. ഈ ആഗ്രഹമാണ് മരണ ദിനത്തില്‍ ഒരുമിച്ച് കൂടിയ സഹപ്രവര്‍ത്തകരുടെ പ്രയത്‌നഫലമായി നാഗലാന്‍ഡില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തോമസ് ജോസഫിന്റെ ഭൗതിക അവശിഷ്ടം നാട്ടില്‍ എത്തിക്കാനായത്.
സഹപ്രവര്‍ത്തകരുടെ സഹായത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഭൗതിക അവിശിഷ്ടം കണ്ണീരോടെ യാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. തോമസ് ജോസഫിന്റെ ചേതനയറ്റ ശരീരം ഒന്നുകാണാന്‍ പോലും കഴിയാഞ്ഞതിന്റെ സങ്കടവും പേറി കഴിഞ്ഞിരുന്ന ഏഴാച്ചേരി തറവാട്ടില്‍ 24 വര്‍ഷത്തിനുശേഷം ഭൗതികാവശിഷ്ടമെത്തിയപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണു നിറഞ്ഞു. ഇന്നലെ ഉച്ചക്ക്‌ശേഷം ഒന്നരയോടെ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഭൗതീകാവശിഷ്ടം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അരമണിക്കൂറോളം നേരംപൊതുദര്‍ശനത്തിന് വെച്ചു. സൈനികമേഖലയുമായി ബന്ധപ്പെട്ട നിരവധി പേര്‍ ഭൗതീകാവിശിഷ്ടത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മദ്രാസ് റെജിമെന്റ്ഒമ്പതാംബറ്റാലിയന്‍ ഗാര്‍ഡ്ഓഫ് ഓണറും നല്‍കി.
1992 ജൂണ്‍ 12നാണ് നാഗാലാന്‍ഡിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്ന തോമസ് ജോസഫ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ, തോമസ്‌ജോസഫ് ഉള്‍പ്പെടെയുള്ള സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ തീവ്രാദികള്‍ ആക്രമണം നടത്തുകയായിരുന്നു. നാഗാലാന്‍ഡിലെ ഫേഗ് എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. 18 പേരാണ് അന്ന് വീരമൃത്യുവരിച്ചത്. തോമസ് ജോസഫ് വീരമൃത്യു അടയുമ്പോള്‍ 21 വയസ് മാത്രമായിരുന്നു പ്രായം. ആര്‍മി ക്യാമ്പ് സ്ഥിതിചെയ്തിരുന്ന ചക്കബാമ എന്ന സ്ഥലത്താണ് വീരമൃത്യു വരിച്ചവരുടെയെല്ലാം മൃതദേഹങ്ങള്‍ അന്ന് സംസ്‌കരിച്ചത്.തോമസ് ജോസഫിന്റെ പിതാവ് ജോസഫിന് മാത്രമാണ് അന്ന് സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായത്. തോമസ് ജോസഫിന്റെ ബാച്ചിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി അടുത്തിടെ ഒത്തുകൂടിയിരുന്നു. ഈ ഒത്തുചേരലിലെ തീരുമാനപ്രകാരം തോമസ് ജോസഫിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് മകന്റെ ഭൗതീകവശിഷ്ടമെങ്കിലും ലഭിച്ചാല്‍ കൊളളാമെന്ന ആഗ്രഹം റിട്ട.സുബേദാര്‍ മേജര്‍കൂടിയായ എ ടി ജോസഫും ഭാര്യ ത്രേസ്യാമ്മയും സഹോദരിമാരായ മേരിയും റോസിയും പങ്കുവെച്ചത്. തുടര്‍ന്നാണ് ഇവരുടെ ആഗ്രഹം നടപ്പാക്കുവാന്‍ വേണ്ടി സഹപ്രവര്‍ത്തകര്‍ ആര്‍മിയിലെ ഉന്നതരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് തോമസ് ജോസഫിന്റെ മാതാപിതാക്കള്‍ നാഗലാന്‍ഡില്‍ എത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കി നാഗാലാന്‍ഡില്‍ നിന്നും ഭൗതീകാവശിഷ്ടം നാട്ടിലെത്തിക്കുകയുമായിരുന്നു. സഹോദരിമാരായ മേരി, റോസമ്മ എന്നിവരും ഭൗതീകാവശിഷ്ടം ഏറ്റുവാങ്ങുന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.