പാലങ്ങളിലെ ടോളുകള്‍ നിര്‍ത്തലാക്കും: സുധാകരന്‍

Posted on: October 13, 2016 9:32 am | Last updated: October 13, 2016 at 9:32 am
SHARE

g-sudakaranകൊച്ചി: പൊതുമരാമത്തിന് കീഴിലുള്ള മുഴുവന്‍ പാലങ്ങളിലെയും ടോളുകള്‍ നിര്‍ത്തലാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പോ ഇതിനു കീഴിലുള്ള കമ്പനിയോ നിര്‍മിക്കുന്ന പാലത്തിന് ഇനി ടോള്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാതയില്‍ നാലിടത്തെ ടോള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഉണ്ടായിരുന്ന 15 ടോളുകളില്‍ രണ്ടെണ്ണം നിര്‍ത്തി. ബാക്കിയുള്ളവ ഓരോന്നായി നിര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോള്‍ പിരിക്കുന്ന കരാറുകാര്‍ പലപ്പോഴും ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല. 218 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലങ്ങള്‍ക്ക് ഇതുവരെ ടോള്‍ പിരിച്ചതില്‍നിന്ന് ആറ് കോടിയേ കിട്ടിയിട്ടുള്ളൂ എന്നാണ് നേരത്തേ നിയമസഭയില്‍ അവതരിപ്പിച്ച കണക്ക്. ഇത് പരിശോധിക്കേടണ്ടതാണ്.
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഫയല്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ നിര്‍മാണം ആരംഭിക്കും. ഇതിന് പണം പ്രശ്‌നമാകില്ല.
തീരദേശ ഹൈവേ നിര്‍മാണം, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത നാല് വരിയാക്കല്‍ തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ട്. സംസ്ഥാനത്തെ എല്ലാ റോഡുകളും ഓട അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here