ഇസില്‍ ബന്ധം: എന്‍ ഐ എ അന്വേഷിക്കുന്നവരെല്ലാം സലഫികള്‍

Posted on: October 13, 2016 9:25 am | Last updated: October 13, 2016 at 9:25 am

niaമലപ്പുറം: ഇസിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ എന്‍ ഐ എ സംഘം അന്വേഷിക്കുന്നവരില്‍ ഏറെയും മുജാഹിദ് ഔദ്യോഗിക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍. ഏറ്റവും ഒടുവില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നതിനിടെ കേരളം വിട്ട 21 പേര്‍ ഔദ്യോഗിക മുജാഹിദ് വിഭാഗത്തില്‍ പെട്ടവരാണെന്നും വ്യക്തമായിട്ടുണ്ട്. ഇവരില്‍ 17 പേരും ടി പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ ജോലിക്കാരായിരുന്നു.
കേരളത്തില്‍ ഇസിലുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയും അന്വേഷണം നേരിടുകയും ചെയ്യുന്നവരെല്ലാം സലഫി പ്രസ്ഥാനവുമായി അടുപ്പമുള്ളവരാണ്. ദമ്മാജ് സലഫികള്‍ എന്ന പേരിലുള്ള വിഭാഗവും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആളെക്കൂട്ടുകയും ഇതിന്റെ പേരില്‍ അന്വേഷണം നേരിടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുജാഹിദ് പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് യു എ പി എ ചുമത്തിയിരുന്നു. ഇദ്ദേഹവും ഔദ്യോഗിക വിഭാഗത്തിന്റെ പ്രഭാഷകനായാണ് അറിയപ്പെടുന്നത്.
കേരളത്തിലെ സുന്നികളെ തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ച മുജാഹിദ് വിഭാഗം ഇപ്പോള്‍ ഇതിന്റെ പേരില്‍ തന്നെ വന്‍ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. ആത്മീയ തീവ്രവാദം, സൂഫി തീവ്രവാദം എന്നെല്ലാം വിളിച്ച് സുന്നികളെ തീവ്രവാദികളെന്ന് പൊതു സമൂഹത്തിന് മുന്നില്‍ മുദ്രകുത്താനാണ് മുജാഹിദ് വിഭാഗം ശ്രമിച്ചുകൊണ്ടിരുന്നത്. സുന്നികള്‍ പിളര്‍ന്നപ്പോള്‍ ആക്ഷേപിക്കുകയും ആഘോഷമാക്കി മാറ്റുകയും ചെയ്ത മുജാഹിദ് വിഭാഗം ഇപ്പോള്‍ വിവിധ വിഭാഗങ്ങളായി പിരിയുകയും ചെയ്തു. എന്നാല്‍ സലഫിസത്തിന്റെ ആശയാടിത്തറ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വന്‍ വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മുസ്‌ലിം തീവ്രവാദത്തിന് പിന്നില്‍ സലഫിസമാണെന്ന് സുന്നി സംഘടനകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
എന്നാല്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. തീവ്രവാദ പ്രസ്ഥാനവുമായി മുജാഹിദ് വിഭാഗത്തിന് ബന്ധമുണ്ടായിട്ടും ഇത്രയധികം പേര്‍ക്കതിരെ എന്‍ ഐ എ അന്വേഷണം നടത്തുമ്പോഴും സലഫികളെ തള്ളിപ്പറയാന്‍ മുസ്‌ലിം ലീഗോ കോണ്‍ഗ്രസോ തയ്യാറായിട്ടില്ല. ഇരുപാര്‍ട്ടികള്‍ക്കും ഈ പ്രസ്ഥാനവുമായുള്ള ബന്ധമാണ് ഇതിന് കാരണം.
മുസ്‌ലിംലീഗിന്റെ ഇപ്പോഴത്തെ സംസ്ഥാന ഭാരവാഹികളും എം എല്‍ എമാരും ഉള്‍പ്പെടെ നിരവധി നേതാക്കളും മുജാഹിദ് ആശയക്കാരാണ്. ഇസില്‍ ബന്ധത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന ഔദ്യോഗിക മുജാഹിദ് സംഘടനകളിലെ പ്രവര്‍ത്തകരെല്ലാം കോണ്‍ഗ്രസിലോ മുസ്‌ലിം ലീഗിലോ ഉള്‍പ്പെട്ടവരുമാണ്.
പീസ് ഫൗണ്ടേഷന്‍ ചെയര്‍മാര്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം വന്നപ്പോഴും മുസ്‌ലിംലീഗ് അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.