പ്ലാസ്റ്റിക്കിനേക്കാള്‍ മാരകം; അലൂമിനിയം പൗച്ചുകള്‍ വ്യാപകം

Posted on: October 13, 2016 6:59 am | Last updated: October 13, 2016 at 12:02 am
SHARE

saco-metalizado-kit-com-10-embalagemതിരുവനന്തപുരം: പരിസ്ഥിതിക്കും ആരോഗ്യത്തിനും പ്രശ്‌നമുണ്ടാക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പ്ലാസ്റ്റിക്കിനേക്കാള്‍ അപകടകാരിയായ അലുമിനിയം ഫോയില്‍ പൗച്ചുകള്‍ വ്യാപകമാകുന്നു. പ്ലാസ്റ്റിക്കിന് പകരം കടകളും ഭക്ഷണശാലകളും ഇപ്പോള്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോയില്‍ പൗച്ചുകള്‍ പ്ലാസ്റ്റിക്കിനേക്കാള്‍ അപകടകാരികളാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പോളിമര്‍ വിഭാഗത്തില്‍പ്പെട്ടവയാണ് എല്ലാത്തരം പ്ലാസ്റ്റിക്കുകളും. ക്യാരി ബാഗുണ്ടാക്കുന്നത് പോളിഎത്‌ലിന്‍, പോളി പ്രൊപ്പിലിന്‍ എന്നിവ കൊണ്ടാണ്. 50 മൈക്രോണില്‍ (ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നാണ് ഒരു മൈക്രോണ്‍) താഴെയുള്ള കവറുകള്‍ റീസൈക്കിളിംഗിന് പറ്റില്ല . പകരമെത്തുന്ന അലുമിനിയം ഫോയില്‍ പൗച്ചുകളാകട്ടെ, കത്തിക്കാനുമാവില്ല മണ്ണിലലിഞ്ഞു ചേരുകയുമില്ല. പോളിപ്രൊപ്പിലിന്റെ മുഖം മിനുക്കിയ രൂപമാണിത്.
പോളി പ്രൊപ്പിലിന്‍ ഷീറ്റില്‍ 0.5 മൈക്രോണ്‍ കനത്തില്‍ അലുമിനിയം പൂശിയെടുക്കുന്നതാണ് മെറ്റലൈസ്ഡ് ഫിലിം. ബ്രെഡിനിടക്ക് ജാം തേക്കുന്ന പോലെ, രണ്ട് പ്ലാസ്റ്റിക് ഷീറ്റിനിടക്കും അലുമിനിയം പൂശാറുണ്ട് . വായുവിമുക്തമാക്കിയ പരിശുദ്ധ അലുമിനിയത്തില്‍ ഇലക്ട്രിക് ചാര്‍ജ് കടത്തിവിട്ടാണ് പൂശല്‍. ഐസുപോലെ തണുപ്പിച്ച ഷീറ്റിന്റെ ഒരു വശത്ത് ബാഷ്പീകൃത അലുമിനിയം പൂശുമ്പോള്‍ പ്ലാസ്റ്റിക് ലോഹീകൃതമാക്കപ്പെടുന്നു. അതോടെ, പൗച്ച് കണ്ണാടി പോലെ തിളങ്ങും. പൗച്ച് കത്തിക്കാന്‍ ശ്രമിച്ചാല്‍ ഡയോക്‌സിന്‍ എന്ന വിഷ വാതകമായിരിക്കും പുറത്തുവരിക. മെറ്റലൈസ്ഡ് ഫിലിം പൗച്ചില്‍ നിന്ന് അലുമിനിയം, കറികളിലേക്ക് കലരുന്നുവെന്ന സംശയമുണ്ട്. അലുമിനിയം, ഫാസ്റ്റ് ഫുഡ് കടകളില്‍ ചിക്കന്‍ വിഭവങ്ങളും കറികളും ഇപ്പോള്‍ പാക്ക് ചെയ്യുന്നത് തിളങ്ങുന്ന അലുമിനിയം ഫോയില്‍ പൗച്ചുകളിലാണ്. ഇതിന്റെ അപകടമറിയാതെ ഫോയില്‍ പൗച്ചില്‍ തരാന്‍ ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ പോലുമുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞ ഫോയില്‍ പൗച്ചുകള്‍ റോഡുവക്കിലും പറമ്പുകളിലുമൊക്കെ നിറയുകയാണിപ്പോള്‍. പെയിന്റ് എന്നിവ ലീക്ക് ചെയ്ത് മണ്ണിലൂടെ വെള്ളത്തിലെത്തുന്നതിലൂടെ ജല ജീവികളെ ദോഷകരമായി ബാധിക്കും. മണ്ണിന്റെ ഘടനക്ക് വ്യത്യാസമുണ്ടാകും. ഇത് കൃഷിയെ ബാധിക്കും. പൗച്ചില്‍ പ്ലാസ്റ്റിക്കും അലുമിനിയവും പെയിന്റുമുള്ളതിനാല്‍ റീ സൈക്കിളിംഗ് പറ്റില്ല.
അസിഡിക്കായ അച്ചാറുകള്‍ പോലുള്ളവ ഫോയില്‍ പൗച്ചില്‍ പാക്ക് ചെയ്യുന്നത് കൂടുതല്‍ ദോഷം ചെയ്യും. പ്ലാസ്റ്റിക്ക് ഉരുകി കെമിക്കലുകള്‍ ഭക്ഷണത്തില്‍ കലരുമെന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ ചൂടോടെ പൗച്ചില്‍ നിറയ്ക്കുന്നതും ദോഷമാണ്.
ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന അലുമിനിയം എല്ലുകളില്‍ നിക്ഷേപിക്കപ്പെടാം . ഇത് എല്ലുകള്‍ക്കാവശ്യമായ കാല്‍സ്യം ഡെപ്പോസിറ്റ് ചെയ്യുന്നതിനെ തടയുന്നു. തലച്ചോറിലും അലുമിനിയം നിക്ഷേപിക്കപ്പെടാം. ഇത്തരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് പ്ലാസ്റ്റിക്കിന്റെ പകരക്കാരനായ അലുമിനിയം ഫോയില്‍ പൗച്ചുകള്‍ കാരണമാകുന്നത്.
പ്ലാസ്റ്റിക് മാത്രം നിരോധിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം ദോഷകരമായ വസ്തുക്കള്‍ ഒന്നാകെ തുടച്ചു നീക്കേണ്ടതുണ്ട്. ദോഷകരമല്ലാത്ത ബദല്‍ സംവിധാനങ്ങള്‍ കണ്ടുപിടിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. എന്നാല്‍ പ്ലാസ്റ്റിക് നിയന്ത്രണം പോലും ഫലപ്രദമായി നടപ്പാക്കാനാകാത്ത നഗരസഭ പുതിയ സംവിധാനങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്നതാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
50 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗുകളില്‍ ഹോളോഗ്രാം പതിക്കല്‍ ചെറുകിട വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങിയ അവസ്ഥയിലാണ്. നഗരം പ്ലാസ്റ്റിക് മുക്തമാക്കുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ കച്ചവടത്തെ ബാധിക്കുന്ന പരിഷ്‌കാരങ്ങളോട് സഹകരിക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. വഴിവാണിഭക്കാരില്‍ ഭൂരിഭാഗം പേരും വിലകുറഞ്ഞ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഹോട്ടലുകളിലും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കവറുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്താതെ നഗരസഭയുടെ തീരുമാനത്തോട് സഹകരിക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ഹോളോഗ്രാം മുദ്ര പതിപ്പിക്കുന്ന ഒരു കവറിന് ഒമ്പത് രൂപയാണ് വില. അത്രയും വലിയ തുക നല്‍കി കവര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here