ശിഥിലമാക്കുകയല്ല; ഒരുമിപ്പിക്കുകയാണ്

ഇന്ത്യയെപ്പോലെ ആചാരാനുഷ്ഠാന വൈജാത്യങ്ങളാല്‍ സമ്പന്നമായ ഒരു രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുകയെന്ന ദൗത്യമാണ് പ്രത്യേക വ്യക്തി നിയമങ്ങള്‍ നിര്‍വഹിക്കുന്നത്. വിഘടന പ്രവണതകള്‍ക്ക് തടയിടുകയാണ് അവ ചെയ്യുന്നത്. കാരണം, രാജ്യത്തിന്റെ അഖണ്ഡതയുടെയും ഉദ്ഗ്രഥനത്തിന്റെയും ഐക്യത്തിന്റെയും അടിസ്ഥാന ഉപാധി വൈവിധ്യങ്ങളെ അംഗീകരിക്കുകയെന്നതാണ്. കേവലമായ ഐക്യപ്പെടുത്തലിന് ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ വിട്ടുപോകല്‍ പ്രവണതയാണ് ഉണ്ടാകുക. ഏഴ് പതിറ്റാണ്ട് നീണ്ട സ്വതന്ത്ര ഇന്ത്യയുടെ അനുഭവം ഈ വസ്തുതക്ക് തെളിവ് നില്‍ക്കുന്നു. രാഷ്ട്രത്തിന്റെ അടിസ്ഥാന യൂനിറ്റായി സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ അടയാളപ്പെടുത്തുന്ന കുടുംബത്തെ ഉദാഹരണമായെടുത്താല്‍ ഇത് വേഗം ബോധ്യമാകും.
ഏകസിവില്‍കോഡ് ഉന്നം വെക്കുന്നത് ആരെ - മൂന്ന്
Posted on: October 13, 2016 6:00 am | Last updated: October 14, 2016 at 11:22 am

judicialദേശീയോദ്ഗ്രഥനത്തിന് അനിവാര്യമെന്ന നിലയിലാണ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ അവതരിപ്പിക്കുന്നത്. വ്യക്തി നിയമങ്ങള്‍ രാജ്യത്തെ ശിഥിലമാക്കുന്നുവെന്ന് ഇവര്‍ വാദിക്കുന്നു. സ്വതവേ വൈജാത്യങ്ങളുടെ കൂടായ രാജ്യത്ത് ഓരോ മതസ്ഥര്‍ക്കും അവരുടെ വ്യക്തി നിയമങ്ങള്‍ കൂടിയായാല്‍ കഥ കഴിഞ്ഞുവെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധ അബദ്ധമാണ് ഇത്. യഥാര്‍ഥ്യം നേരെ വിപരീതമാണ്. ഇന്ത്യയെപ്പോലെ ആചാരാനുഷ്ഠാന വൈജാത്യങ്ങളാല്‍ സമ്പന്നമായ ഒരു രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുകയെന്ന ദൗത്യമാണ് പ്രത്യേക വ്യക്തി നിയമങ്ങള്‍ നിര്‍വഹിക്കുന്നത്. വിഘടന പ്രവണതകള്‍ക്ക് തടയിടുകയാണ് അവ ചെയ്യുന്നത്. കാരണം, രാജ്യത്തിന്റെ അഖണ്ഡതയുടെയും ഉദ്ഗ്രഥനത്തിന്റെയും ഐക്യത്തിന്റെയും അടിസ്ഥാന ഉപാധി വൈവിധ്യങ്ങളെ അംഗീകരിക്കുകയെന്നതാണ്. കേവലമായ ഐക്യപ്പെടുത്തലിന് ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ വിട്ടുപോകല്‍ പ്രവണതയാണ് ഉണ്ടാകുക. ഏഴ് പതിറ്റാണ്ട് നീണ്ട സ്വതന്ത്ര ഇന്ത്യയുടെ അനുഭവം ഈ വസ്തുതക്ക് തെളിവ് നില്‍ക്കുന്നു.
രാഷ്ട്രത്തിന്റെ അടിസ്ഥാന യൂനിറ്റായി സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ അടയാളപ്പെടുത്തുന്ന കുടുംബത്തെ ഉദാഹരണമായെടുക്കാം. ഓരോ കുടുംബത്തിനും ചില പൊതുചട്ടങ്ങള്‍ ഉണ്ട്. രാത്രി നിശ്ചിത സമയത്തിന് മുമ്പ് വീട്ടില്‍ വന്നു കൊള്ളണമെന്ന് മുതിര്‍ന്നുവരുന്ന മക്കള്‍ക്ക് പിതാവ്/മാതാവ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടാകും. അത് ലംഘിക്കുന്നവര്‍ ‘കുടുംബ കോടതി’യില്‍ ഉത്തരം പറയേണ്ടിവരും. കുടുംബത്തിന്റെ പൊതുമൂല്യങ്ങളില്‍ ഉറച്ച് നിന്നു കൊണ്ടേ അംഗങ്ങള്‍ സമൂഹവുമായി ഇടപെടാകൂ. ഒരു പക്ഷേ കുടുംബത്തില്‍ ഒരു ഡ്രസ് കോഡ് ഉണ്ടാകാം. ഭക്ഷണ കോഡ് ഉണ്ടാകാം. അംഗങ്ങള്‍ക്ക് മേല്‍ കുടുംബം ഭാഷാ കോഡ് പോലും നടപ്പാക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അംഗങ്ങളുടെ വ്യക്തിത്വത്തെ കുടുംബം അംഗീകരിക്കുന്നുണ്ട്. നേരത്തേ ഉറങ്ങുന്ന മകന് അതിനുള്ള സൗകര്യവും വൈകി ലൈറ്റിട്ട് വായിക്കുന്ന മകന് അതിനുള്ള സൗകര്യവും കുടുബം ഒരുക്കിക്കൊടുക്കുന്നു. അങ്ങനെയാകാതെ വരുമ്പോഴാണ് ‘തെറിച്ച സന്തതി’ ഉണ്ടാകുന്നത്. ഈ വീട്ടില്‍ എനിക്ക് ഒരു സ്ഥാനവുമില്ലെന്ന് പരിതപിച്ചും ശപിച്ചും ഇറങ്ങിപ്പോകുന്നത്.
അപ്പോള്‍ പൊതുകോഡിനൊപ്പം പ്രത്യേക വ്യക്തി നിയമങ്ങള്‍ ഉണ്ടാകുകയെന്നതാണ് ദേശീയോദ്ഗ്രഥനത്തിനുള്ള ഉപാധി. മറിച്ചാണെങ്കില്‍ അത് പൗരന്‍മാര്‍ക്കിടയില്‍ അപകര്‍ഷവും അന്യതയും ഉണ്ടാക്കും. സവിശേഷമായ വ്യക്തിത്വം അംഗീകരിക്കാതിരിക്കുന്നത് വിഘടനവാദ പ്രവണതകളാണ് സൃഷ്ടിക്കുക. തീവ്രവാദപരമായ ചെറുത്തുനില്‍പ്പുകള്‍ക്കും ഇത് വഴിവെച്ചേക്കാം. ഇക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഡോ. അംബേദ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായക്കാര്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ചില സമുദായക്കാര്‍ക്കും പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കുന്നതിനെച്ചൊല്ലി ഭരണഘടനാ നിര്‍മാണ സമിതിയില്‍ ചിലര്‍ രൂക്ഷമായ വിമര്‍ശമുന്നയിച്ചപ്പോഴായിരുന്നു അത്. അംബേദ്കര്‍ പറഞ്ഞു: ‘എന്നെ സംബന്ധിച്ചിടത്തോളം; ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിര്‍മാണസഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല. ന്യൂനപക്ഷം ഉണ്ടെന്നുള്ള കാര്യം തന്നെ ഭൂരിപക്ഷം നിഷേധിക്കുന്നത് ശരിയല്ല. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് അംഗീകരിച്ചേ പറ്റൂ. ഭരണഘടനാ നിര്‍മാണസഭ മുന്നോട്ട് വെച്ചിട്ടുള്ള പരിഹാരം ഈ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്നത് കൊണ്ട് സ്വാഗതാര്‍ഹമാണ്. ന്യൂനപക്ഷ സംരക്ഷണത്തിനെതിരായി ഒരു തരം മതഭ്രാന്ത് തന്നെ പ്രകടമാക്കിയിട്ടുള്ള യാഥാസ്ഥിതികരോട് രണ്ട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, ന്യൂനപക്ഷങ്ങള്‍ വികാരവിക്ഷുബ്ധരാണ്്. അതിന്റ പൊട്ടിത്തെറിക്കലില്‍ രാഷ്ട്രത്തിന്റെ ഊടും പാവും തകര്‍ന്നുപോയേക്കാം. യൂറോപ്പിന്റെ ചരിത്രം ഇതിന് വേണ്ടത്ര തെളിവ് നല്‍കുന്നു. രണ്ടാമത്തേത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അവരുടെ നിലനില്‍പ്പ് തന്നെ ഭൂരിപക്ഷത്തിന്റെ കൈകളില്‍ അര്‍പ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട് എന്ന വസ്തുതയാണ്’ (Constintuent Assembly Debates7 p44)
ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥ സംരക്ഷിത വിവേചന (ഡിസ്‌ക്രിമിനേറ്റീവ് പ്രൊട്ട്ക്ഷന്‍)ത്തില്‍ വിശ്വസിക്കുന്നു. സംവരണത്തിന്റെ അന്തസ്സത്ത അതാണ്. സമത്വം സാധ്യമാകണമെങ്കില്‍ ചില വിവേചനങ്ങള്‍ വേണമെന്നാണ് സംവരണത്തിന്റെ അടിസ്ഥാന തത്വം. പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ജനപ്രാതിനിധ്യത്തിലും പ്രത്യേക പരിഗണന നല്‍കുന്നത് തൊട്ട് ബസുകളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും സീറ്റ് സംവരണം ചെയ്യുന്നത് വരെ ഈ തത്വത്തിന്റെ വെളിച്ചത്തിലാണ്. എന്നു വെച്ചാല്‍ നമ്മുടെ ഭരണ ഘടന യൂനിഫോമിറ്റിക്കായി നിലകൊള്ളുന്നില്ല. യൂനിറ്റിയേ സാധ്യമാകൂ എന്ന് അത് ഉദ്‌ഘോഷിക്കുന്നു.
ഏകീകൃത സിവില്‍ കോഡ് ഒരു മതേതര സമൂഹനിര്‍മിതിക്ക് അനിവാര്യമാണെന്ന വാദമാണ് ചില കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും പ്രഖ്യാപിത മതേതരക്കാരും ഉയര്‍ത്താറുള്ളത്. മതേതരത്വത്തെ കുറിച്ചുള്ള നിര്‍വചനത്തിന്റെ പ്രശ്‌നമാണത്. പാശ്ചാത്യര്‍ മുന്നോട്ട് വെക്കുന്ന മതേതരത്വം, വ്യക്തിവാദം, പൗരത്വം തുടങ്ങിയ പരികല്‍പ്പനകള്‍ പൗരസ്ത്യ ദര്‍ശനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മതത്തെ പൊതുസമൂഹത്തില്‍ നിന്ന് അപ്പടി നിഷ്‌കാസനം ചെയ്യലാണ് പാശ്ചാത്യ മതേതരത്വം. അതാത്തുര്‍ക്കിന്റെ കീഴില്‍ തുര്‍ക്കിയില്‍ നടന്നത് അതാണല്ലോ. സമൂഹത്തില്‍ മത ചിഹ്നങ്ങളെ അപ്പാടെ തുടച്ചുനീക്കുകയും തികച്ചും ഗോപ്യമായി കൊണ്ടുനടക്കേണ്ട ഒന്നായി മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അധഃപതിപ്പിക്കുകയുമാണ് പാശ്ചാത്യ പരികല്‍പ്പന ചെയ്യുന്നത്. ഇന്ത്യയെപ്പോലെ അങ്ങേയറ്റം മതാധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ഇത് തികച്ചും അചിന്ത്യമാണ്. ഇന്ത്യന്‍ മേതതരത്വം മതവിശ്വാസങ്ങളെ അതിന്റെ എല്ലാ അര്‍ഥത്തിലും നിലനില്‍ക്കാന്‍ അനുവദിക്കുന്നു. എല്ലാ വിശ്വാസധാരകളുടെയും സഹവര്‍തിത്വമാണ് അത് വിഭാവനം ചെയ്യുന്നത്. മതം ഉപേക്ഷിക്കുന്നതല്ല ഇവിടെ മതേതരത്വം. മതങ്ങള്‍ ഇവിടെ സാമൂഹിക ക്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രം മതസമൂഹങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. രാഷ്ട്രക്രമം ഒരു മതത്തിന്റെയും അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് മാത്രം. അങ്ങനെ നോക്കുമ്പോള്‍ ഏകീകൃത സിവില്‍ കോഡ് ഇന്ത്യന്‍ മതേതരത്വ സങ്കല്‍പ്പങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന് വ്യക്തമാകും. മതമൂല്യാധിഷ്ഠിത വ്യക്തി നിയമങ്ങളാകട്ടെ യഥാര്‍ഥ മത നിരപേക്ഷതയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ സങ്കല്‍പ്പത്തെ ഭരണഘടനാ വിദഗ്ധനായ ഡോ. എം വി പൈലി ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്:
1 രാഷ്ട്രം ഏതെങ്കിലും ഒരു മതത്തെ പ്രത്യേകമായി പിന്താങ്ങുകയോ ഏതെങ്കിലും മതത്താല്‍ നിയന്ത്രിക്കപ്പെടുവാന്‍ സമ്മതിച്ചു കൊടുക്കുകയോ ചെയ്യുന്നതല്ല.
2 ഓരോരുത്തരും പിന്തുടരുവാന്‍ തിരഞ്ഞെടുക്കപ്പെടുന്ന മതമേതായാലും അത് പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അവകാശം രാഷ്ട്രം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നു. (ഏതെങ്കിലും പൗരന് നിര്‍മതവാദിയും നാസ്തികനും ആയിരിക്കുവാനുള്ള അവകാശവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്).
3 താന്താങ്ങള്‍ അവലംബിച്ചിരിക്കുന്ന മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ രാഷ്ട്രം യാതൊരു പൗരനോടും യാതൊരു വിവേചനവും കാട്ടുന്നതല്ല.
4 രാജ്യത്തെ പൊതുവ്യവസ്ഥകള്‍ക്കും പരിതസ്ഥിതികള്‍ക്കും വിധേയമായി, ഏതൊരു പൗരനും മറ്റു സഹപൗരന്‍മാരോടൊപ്പം രാഷ്ട്രത്തിന്റെ കീഴില്‍ ഏത് ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതിനും അവകാശമുണ്ടായിരിക്കും. ഏതൊരു ഇന്ത്യന്‍ പൗരനെയും രാജ്യത്തെ ഏറ്റവും ഔന്നത്യമേറിയ പദവിക്ക് അര്‍ഹനാക്കുന്ന രാഷ്ട്രീയ സമത്വമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന്റെ സത്തയും സാരാംശവും. ഒരു മതാധിപത്യ രാഷ്ട്രത്തിന് (തിയോക്രാറ്റിക് സ്റ്റേറ്റ്) പ്രതീക്ഷിച്ചു കൂടാത്തതും അതുതന്നെ.
അവസാനം പറഞ്ഞത് ഇത്തരുണത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. മതസ്വത്വങ്ങളെ ഉന്‍മൂലനം ചെയ്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമ്പോള്‍ ഏത് മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളുമാകും പിന്തുടരുകയെന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കേണ്ടത്. അത് ബ്രാഹ്മണിക്കല്‍ ഹിന്ദു മതമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്നത്തെ നിലക്ക് എല്ലാ പ്രതിരോധങ്ങളെയും അടിച്ചമര്‍ത്തി ഏകീകൃത കോഡ് കൊണ്ടുവരാന്‍ ഒരേയൊരു സാധ്യത ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ക്ക് പാര്‍ലിമെന്റിന്റെ ഇരുസഭകളിലും മൃഗീയ മേല്‍ക്കൈ ഉണ്ടാകുക എന്നത് മാത്രമാണ്. അന്ന് അവര്‍ മറ്റു സംഹിതകളോട് കാരുണ്യം കാണിക്കുമെന്നാണോ വിശ്വസിക്കേണ്ട്ത്? അതിനേക്കാള്‍ വലിയ മൗഢ്യം വേറെയുണ്ടാ? ഒറ്റ ഉദാഹരണം നോക്കൂ. 1954ല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വിവാഹ ബന്ധം നിഷിദ്ധമായ ബന്ധം പറഞ്ഞപ്പോള്‍ ഹിന്ദു നിയമം അനുസരിച്ചാണ് ‘ഫസ്റ്റ് കസിനെ’ നിര്‍ണയിച്ചത്. മുസ്‌ലിം നിയമത്തില്‍ അത് അനുവദനീയമാണ്. മാതൃപിതൃ സഹോദരന്മാരുടെ മക്കള്‍ മുസ്‌ലിംകള്‍ക്ക് വിവാഹിതരാകാവുന്ന പട്ടികയില്‍ വരുമല്ലോ. (തുടരും)