മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ റൂള്‍ ഉടന്‍

Posted on: October 12, 2016 10:57 pm | Last updated: October 12, 2016 at 10:57 pm

whatsapp-image-2016-10-09-at-5-21-10-pm-jpegഷാര്‍ജ: കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടസമില്ലാതെ പ്രവേശിക്കുന്നതിനും വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും സഹായകമാകുന്ന അക്രഡിറ്റേഷന്‍ റൂള്‍ ഹൈക്കോടതിയില്‍ താമസിയാതെ നിലവില്‍വരുമെന്ന് സംസ്ഥാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. രഞ്ജിത്ത് തമ്പാന്‍ വ്യക്തമാക്കി. ഈ റൂള്‍ ഹൈക്കോടതിയില്‍ നിലവിലില്ല.അതേ സമയം സുപ്രീം കോടതിയിലുണ്ട്. അതുകൊണ്ടുതന്നെ പരമോന്നത കോടതിയില്‍ പ്രവേശിക്കുന്നതിനും വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് തടസമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യമായി വാര്‍ത്തകള്‍ ശേഖരിക്കാന്‍ അവകാശമുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് മാധ്യമപ്രവര്‍ത്തനം. അതിനാല്‍ വിലക്കിനെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും ഇതുതന്നെയാണ്.
മുഴുവന്‍ മാധ്യമപ്രവര്‍ത്തകരോടും അഭിഭാഷകര്‍ക്ക് എതിര്‍പ്പില്ല. ചുരുക്കം ചിലരോട് മാത്രമാണ് വിരോധം. ചില തെറ്റിദ്ധാരണകളാണ് ഇടച്ചിലിനിടയാക്കിയത്. തെറ്റിദ്ധാരണ നീങ്ങുന്നതിലെ കാലതാമസമാണ് പ്രശ്‌നം നീളാന്‍ കാരണമാകുന്നത്. എങ്കിലും താമസിയാതെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇതിനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാറെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ നേരിട്ടിടപെട്ടതും പരിഹാരത്തിന് വേഗത കൂട്ടും. പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി സര്‍ക്കാറിനു പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടണമെന്നതിന്റെ വ്യക്തമായ തെളിവാണ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുണ്ടായിട്ടുള്ള തടസം നീക്കാന്‍ അടിയന്തര നടപടികളാണ് കൈകൊണ്ടുവരുന്നത്.
പ്രശ്‌നപരിഹാരത്തിന് അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളും മറ്റും ചേര്‍ന്ന് സമിതി രൂപവത്കരിച്ചിരുന്നു. അഭിഭാഷകരും അംഗങ്ങളാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. അതുകൊണ്ടുതന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലെ പ്രസ് റൂം തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റീസാണ്. കോടതികളില്‍ പ്രവേശിക്കാനും വാര്‍ത്തകള്‍ ശേഖരിക്കാനും നിഷ്പ്രയാസം സാധിക്കുമെന്നും ഷാര്‍ജയില്‍ സിറാജിനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.