വ്യക്തിവിവരം സംരക്ഷിക്കുന്ന നിയമം ഈ വര്‍ഷം തന്നെ നിലവില്‍ വരും

Posted on: October 12, 2016 7:57 pm | Last updated: October 12, 2016 at 7:57 pm
SHARE

djദോഹ: രാജ്യത്തെ താമസക്കാരുടെ ഇലക്‌ട്രോണിക് സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്ന ഇന്‍ഫര്‍മേഷന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ നിയമം അടുത്തുതന്നെ നിലവില്‍ വരുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ജനുവരിയില്‍ കരടുനിയമം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ആവശ്യപ്പെടാതെയുള്ള ഡയറക്ട് മാര്‍ക്കറ്റിംഗ് ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നുണ്ട്.
കൃത്യ തീയതി പറയാനാകില്ലെങ്കിലും ഈ വര്‍ഷം തന്നെ നിലവില്‍ വരുമെന്ന് ഗതാഗത, വിനിമയ മന്ത്രാലയത്തിലെ സൈബര്‍ സുരക്ഷ മേഖല അസി. അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഹശ്മി പറഞ്ഞു. കഴിഞ്ഞ ദിവസം ആരംഭിച്ച ഒമ്പതാമത് സൈബര്‍ പ്രതിരോധ ഉച്ചകോടിക്കിടെ ദി പെനിന്‍സുലയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്വറിലെയും ജി സി സിയിലെയും സൈബര്‍ സുരക്ഷ ദുര്‍ബലമല്ല. നിലവിലെ സൈബര്‍ സുരക്ഷ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍- സ്വകാര്യതലത്തില്‍ നടക്കുന്നത്. ഭീഷണികളും ആക്രമണങ്ങളഉം നിഷ്ഫലമാക്കാന്‍ ആശയവിനമയ സംവിധാനം കരുത്തുറ്റതും ശക്തവും പ്രതിരോധശേഷിയുള്ളതുമാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ അംഗീകരിച്ച കരടുനിയമം സ്വകാര്യ വിവരങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്നതാണ്. സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കാനുള്ള പൗരന്മാരുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതും വിവരങ്ങള്‍ നിയന്ത്രിക്കുന്നവരുടെ ഉത്തരവാദിത്തം കൃത്യമായി അടയാളപ്പെടുത്തുന്നതുമാണ്. അനുമതിയില്ലാതെ മാര്‍ക്കറ്റിംഗ് സന്ദേശങ്ങളും വിളികളും നിരോധിക്കുന്നതുമാണ്. സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും പരസ്യപ്പെടുത്തുന്തും നിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ലോകത്തെമ്പാടുമുള്ള സ്വകാര്യ വിവര സംരക്ഷണ നിയമങ്ങള്‍. രാജ്യത്ത് പുതിയ നിയമം നിലവില്‍ വന്നാല്‍ മുന്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. നേരിട്ടുള്ള മാര്‍ക്കറ്റിംഗിന് പെരുമാറ്റച്ചട്ടം രൂപവത്കരിക്കുമെന്ന് കമ്യൂനിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സി ആര്‍ എ) പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അനാവശ്യ ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നതിന് ഉരീദു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നുള്ള വിളി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉരീദു ഉപഭോക്താക്കള്‍ക്ക് 111 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി. അനാവശ്യ സന്ദേശം തടയുന്നതിന് Unsub ServiceName എന്ന് ടൈപ്പ് ചെയ്ത് 92600 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യണം. കൂട്ട സന്ദേശങ്ങള്‍ തടയുന്നതിന് Unsub all എന്ന് ടൈപ്പ് ചെയ്ത് 92600 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here