മണല്‍ വാരല്‍ നിരോധത്തിന് മൂന്ന് വര്‍ഷം

Posted on: October 12, 2016 9:21 am | Last updated: October 12, 2016 at 9:21 am
SHARE

അരീക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുഴ സംരക്ഷണത്തിന്‍രെ പേരില്‍ മണല്‍ വാരല്‍ നിരോ ധിച്ചിട്ട് മൂന്ന് വര്‍ഷമാകുന്നു. മണല്‍ വാരല്‍, തോണി തൊഴിലാളികള്‍, ടിപ്പര്‍ തൊഴിലാളികള്‍ എന്നിവരുടെ തൊഴിലും ഇതോടെ ഇല്ലാതായി. മാത്രമല്ല ഗ്രാമ പഞ്ചായത്തുകള്‍ക്ക് ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍ ഇടിവും രേഖപ്പെടുത്തി.
മൂന്ന് വര്‍ഷത്തെ നിരോധനമായിരുന്നു അതാത് ജില്ലാ കല്കടര്‍മാര്‍ ഏര്‍പെടുത്തിയിരുന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും നിരോധനം നീക്കുന്നതിനെ കുറിച്ച് ചര്‍ച്ചപോലും നടക്കുന്നില്ല. വന്‍കിട ക്വാറി ഉടമകള്‍ എം സാന്റ് ഉത്പാദിപ്പിച്ച് വില്‍ക്കപെടുമ്പോഴും പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന മണല്‍ അറബിക്കടലിലേക്ക് ഒഴുകാനുള്ള അവസരം ഒരുക്കുകകയാണ് അധികൃതര്‍. നിരോധനത്തിന് പിന്നില്‍ വന്‍കിട എം സാന്റ് മാഫിയകളുടെ കണ്ണി ഇതിന് പിന്നില്‍ ഉണ്ടെന്ന് മണല്‍ തൊഴിലാളികള്‍ ആരോപിക്കുന്നു. മണല്‍ നിരോധനത്തെകുറിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പോലും എം എല്‍ എ മാര്‍ തയ്യാറാകുന്നില്ലെന്നും ജോലി നഷ്ടമായര്‍ക്ക് ബദല്‍ മാര്‍ഗം കണ്ടെത്താന്‍ സര്‍ക്കാറും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മണല്‍ തൊഴിലാളികള്‍ ഉള്ളത്. ഈ ജില്ലകലില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ എം സാന്റ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും. മലപ്പുറം ജില്ലയിലെ ചാലിയാര്‍, ഭാരതപുഴ, കടലുണ്ടി, ചെറുപുഴ, തൂത പുഴ എന്നിവിടങ്ങളിലും, കോഴിക്കോട് ജില്ലയില്‍ ചാലിയാര്‍, കടലുണ്ടി പുഴകളുടെ ഏതാനും ഭാഗങ്ങളും ഇരുവഴിഞ്ഞിപ്പുഴ, മാഹി പുഴ, കുറ്റിയാടി പുഴ, കോരപുഴ എന്നിവടങ്ങളില്‍ നിന്നാണ് മണല്‍ വാരുന്നത്. നിരോധനത്തോടെ പലകടവുകളിലും തോണികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വില വരുന്ന തോണികളുണ്ട്. ലോണെടുത്തും അല്ലാതെയുമായാണ് പലരും തോണി പുഴയില്‍ ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here