Connect with us

Kerala

കേരള സാഹിത്യ അക്കാദമിക്ക് അറുപത് വയസ്സ്‌

Published

|

Last Updated

കേരള സാഹിത്യ അക്കാദമി

കേരള സാഹിത്യ അക്കാദമി

തൃശൂര്‍: മലയാള ഭാഷയുടെ ഉന്നമനത്തിനും സാഹിത്യത്തിന്റെ വളര്‍ച്ചക്കും വേണ്ടി രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമിക്ക് ശനിയാഴ്ചത്തേക്ക് അറുപത് വയസ്സ് പൂര്‍ത്തിയാകുന്നു. എഴുത്തിന്റെയും വായനയുടെയും പൊതുമണ്ഡലത്തില്‍ സാധാരണക്കാര്‍ക്ക് കൂടി ഇടം നല്‍കി അക്കാദമി പ്രവര്‍ത്തനം ജനകീയവത്കരിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണിപ്പോള്‍ ഭരണസമിതി.——
തിരുകൊച്ചി ഗവണ്‍മെന്റ് 1956 ആഗസ്റ്റ് 15നാണ് അക്കാദമി രൂപവത്കരിച്ചതെങ്കിലും അതേവര്‍ഷം ഒക്ടോബര്‍ 15ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പ്രഥമ പ്രാദേശിക അക്കാദമികൂടിയായ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം 1958 മുതല്‍ തൃശൂരിലേക്ക് മാറ്റി.
വിപണി സാധ്യത നോക്കാതെ ഗവേഷണ മൂല്യം കൂടിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അതി വിപുലമായ പ്രസിദ്ധീകരണ വിഭാഗം അക്കാദമിയുടെ പ്രത്യേകതയാണ്. ഗൗരവവും നിലവാരവുമുള്ള നിരവധി സാഹിത്യ കൃതികളും ചരിത്ര ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും അറുപത് വര്‍ഷത്തിനിടെ അക്കാദമി സാഹിത്യ കേരളത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അക്കാദമി ഹാളില്‍ ഇവയുടെ സ്ഥിരം പ്രദര്‍ശനവും വില്‍പ്പനയുമുണ്ടെന്നതിനാല്‍ വിജ്ഞാന കുതുകികള്‍ക്ക് ഏത് നമിഷവും പുസ്തകങ്ങള്‍ തേടി ഇവിടെയെത്താം. കേരള ഭാഷാ ഗാനങ്ങള്‍, 19-ാം നൂറ്റാണ്ടിലെ കേരളം, നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം, മലയാളം- അറബി- ഫ്രഞ്ച്- ഇംഗ്ലീഷ് സാഹിത്യ ചരിത്രങ്ങള്‍ എന്നിവ അക്കാദമി പുറത്തിറക്കിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്. ഇതിനുപുറമെ, സാഹിത്യ ലോകം ദൈ്വമാസിക, സാഹിത്യ ചക്രവാളം മാസിക, മലയാളം ലിറ്റററി സര്‍വേ ഇംഗ്ലീഷ് ത്രൈമാസിക എന്നീ ആനുകാലികങ്ങളും അക്കാദമി പ്രസിദ്ധീകരിക്കുന്നുണ്ട്.——
ഗവേഷകരുടെയും സാഹിത്യ വിദ്യാര്‍ഥികളുടെയും സങ്കേതമായ അക്കാദമിയുടെ ലൈബ്രറി സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളും അംഗീകരിച്ച പഠന ഗവേഷണാണ്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങളുടെയും നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ ബുക്ക് ഡെപ്പോസിറ്റി, മലയാളത്തില്‍ പ്രസിദ്ധീകൃതമായ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി മലയാള ഗ്രന്ഥസൂചി, അച്ചടിയുടെ ആരംഭം മുതല്‍ 2000 വരെയുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ഞൊടിയിടയില്‍ കണ്ടെത്തുന്നതിന് മലയാള ഗ്രന്ഥസൂചി സി ഡി എന്നിവ ലൈബ്രറിയിലുണ്ട്. ഏകദേശം ഒന്നരലക്ഷത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്.
ഇതിന് പുറമെ, സാഹിത്യകാരുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഓഡിയോ കാസറ്റ് ലൈബ്രറി, 1950ന് മുമ്പ് പ്രസിദ്ധീകൃതമായ സാഹിത്യ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൈക്രോഫിലിം ലൈബ്രറി, താളിയോല ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരവുമായി മാനുമൈക്രോഫിലിം ലൈബ്രറി എന്നിവയും അക്കാദമിയുടെ വിശാലമായ ലൈബ്രറിയുടെ ഭാഗമാണ്.
കാലപ്പഴക്കം മൂലം നശിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ഡോക്യുമെന്റുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ഫോമിലാക്കി സംരക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ ലൈബ്രറിയും അക്കാദമിയിലുണ്ട്. പുസ്തകങ്ങള്‍ക്കും ഡോക്യുമെന്റുകള്‍ക്കും യാതൊരു കേടും സംഭവിക്കാതെ മണിക്കൂറില്‍ 60 പേജുകള്‍ വരെ സ്‌കാന്‍ ചെയ്യാവുന്ന പ്ലാനറ്ററി സ്‌കാനുകളും ഫഌറ്റ് സെഡ് സ്‌കാനുകളും ഉപയോഗിച്ചാണ് ഇവയൊക്കെ സ്‌കാന്‍ ചെയ്യുന്നത്.
അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കമാകും. വൈശാഖന്‍ പ്രസിഡന്റും ഡോ. കെ പി മോഹനന്‍ സെക്രട്ടറിയും തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍ അക്കാദമിക്ക് ചുക്കാന്‍ പിടിക്കുന്നത്.