പുടിന്‍ ഫ്രാന്‍സ് സന്ദര്‍ശനം റദ്ദാക്കി ; സിറിയ: ഫ്രാന്‍സ്-റഷ്യ ബന്ധം ഉലയുന്നു

Posted on: October 12, 2016 5:54 am | Last updated: October 11, 2016 at 11:55 pm

പാരീസ്: സിറിയന്‍ പ്രശ്‌നത്തില്‍ വന്‍ ശക്തികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തില്‍ നേരത്തേ നിശ്ചയിച്ച ഫ്രാന്‍സ് സന്ദര്‍ശനം റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ റദ്ദാക്കി. ഈ മാസം 19ന് നടക്കാനിരുന്ന സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡേയുമായി ചര്‍ച്ച നടത്താനും പുതിയ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനുമായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ സിറിയന്‍ വിഷയത്തിനായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കിയതോടെ യാത്ര റദ്ദാക്കാന്‍ പുടിന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ അലപ്പോയില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ഹോളന്‍ഡേ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സിറിയയില്‍ നടക്കുന്നത് പലതും യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ഇവ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ സി സി) വിചാരണ ചെയ്യുക തന്നെ വേണമെന്നും ഫ്രഞ്ച് ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഹോളന്‍ഡേ പറഞ്ഞിരുന്നു. ഇതാകാം പുടിനെ പ്രകോപിപ്പിച്ചത്. റഷ്യയും സിറിയയും ഐ സി സിയില്‍ അംഗങ്ങളല്ല. ഈ മാസം 19ന് പുടിനുമായി ഹോളന്‍ഡേ ചര്‍ച്ച നടത്തുമെന്നും അദ്ദേഹവുമായി മറ്റ് പരിപാടികള്‍ ഒന്നും ഉണ്ടാകില്ലെന്നുമായിരുന്നു ഫ്രഞ്ച് അധികാരികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനം മാറ്റിവെച്ച് കൊണ്ട് സന്ദേശമയക്കുകയാണ് റഷ്യ ചെയ്തത്. ഹോളന്‍ഡേക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് കൂടിക്കാഴ്ച മാറ്റി വെക്കാമെന്നാണ് ഒടുവില്‍ മോസ്‌കോ അറിയിച്ചത്. സമാധാന ശ്രമത്തിന്റെ ഭാഗമായി പുടിനുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയാകാമെന്ന് ഹോളന്‍ഡേയുടെ ഓഫീസ് മറുപടി നല്‍കുകയും ചെയ്തു.
അമേരിക്കയുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ച പൊളിഞ്ഞതോടെ വിമത കേന്ദ്രമായ അലപ്പോക്ക് നേരെ സിറിയ- റഷ്യ സംയുക്ത വ്യോമാക്രമണം ശക്തമായിരിക്കുകയാണ്. അലപ്പോ സമ്പൂര്‍ണ നാശത്തിന്റെ വക്കിലാണെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.