അമ്മായിയമ്മയെ കുത്തിക്കൊന്നു; മരുമകന്‍ അറസ്റ്റില്‍

Posted on: October 11, 2016 11:48 pm | Last updated: October 11, 2016 at 11:48 pm

പെരുമ്പാവൂര്‍: കുടുംബ കലഹത്തെ തുടര്‍ന്ന് അമ്മായിയമ്മയെ കുത്തി കൊന്നു. സംഭവത്തില്‍ മരുമകനെ അസ്റ്റ് ചെയ്തു. പ്രളയിക്കാട് പുലക്കുടി പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (73) ആണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.
സംഭവത്തില്‍ ഏലിയാമ്മയുടെ മകളുടെ ഭര്‍ത്താവ് പ്രളയിക്കട് കടുമ്പക്കാടന്‍ വീട്ടില്‍ പൗലോസ് (50)നെ പോലീസ് പിടികൂടി. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
വീടിന് സമീപത്തുള്ള കുരിശിന്‍തൊട്ടി വൃത്തിയാക്കുന്നതിനിടെയാണ് മരുമകന്‍ കത്തിയുമായി ഓടിയെത്തിയത്. ഇതു കണ്ട ഏലിയാമ്മ ഓടി സമീപത്തെ വീട്ടില്‍ കയറിയെങ്കിലും അടുക്കള വാതിക്കല്‍ വെച്ച് തന്നെ കഴുത്തിന് കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ ഏലിയാമ്മയെ ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൗലോസ് നിരന്തരം വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പലപ്പോഴും നാട്ടുകാരാണ് പ്രശ്‌നത്തില്‍ ഇടപെട്ട് പൗലോസിനെ തിരിച്ചയച്ചിരുന്നത്. ഏലിയാമ്മ എകമകളായ ലിസിയും മക്കളുമൊത്ത് വീട്ടിലായിരുന്നു താമസം. പ്രതി പാണ്ടിക്കാട് വാടക വീട്ടിലാണ് താമസം. പൗലോസ് നിരന്തരം മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ എട്ട് മാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കറുപ്പംപടി പോലീസില്‍ ഇത് സംബന്ധിച്ച് കേസ് നിലവിലുണ്ട്. ഭാര്യയുമായി മാറി താമസിക്കാന്‍ കാരണം അമ്മായിയമ്മയാണ് എന്നതാണ് ഏലിയാമ്മയോട് പ്രതിക്ക് വിദ്വേഷം തോന്നാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വാടക വീട്ടിലെത്തിയ പ്രതിയെ ഇവിടെ നിന്നുമാണ് പോലീസ് പിടികൂടിയത്.