Connect with us

Gulf

ക്യു സി ബി ഗവര്‍ണര്‍ക്ക് മിന ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്‌

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക (മിന) മേഖലയിലെ ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് (ക്യു സി ബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനിക്ക്. വാഷിംഗ്ടണില്‍ ഇന്റര്‍നാഷനല്‍ മോനിറ്ററി ഫണ്ടി(ഐ എം എഫ്)ന്റെ വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എമര്‍ജിംഗ് മാര്‍ക്കറ്റിംഗ് ലിമിറ്റഡ് അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും എണ്ണവില താഴ്ന്ന കാരണത്താലുണ്ടായ വെല്ലുവിളികളുടെയും ഘട്ടത്തില്‍ ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് സ്വീകരിച്ച നയങ്ങളുടെയും കര്‍മപദ്ധതികളുടെയും അംഗീകാരമായിട്ടാണ് അവാര്‍ഡ്. ഈ പ്രതികൂല കാലാവസ്ഥക്കിടയിലും ഖത്വറില്‍ വളര്‍ച്ചയും സാമ്പത്തിക സ്ഥിരതയും കൈവരിക്കാന്‍ സാധിച്ചതില്‍ സര്‍ക്കാറുമായും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമായും കാര്യക്ഷമമായ ഏകോപനമാണ് ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടത്തിയത്. ബെയ്‌റൂത്തില്‍ നടന്ന യൂനിയന്‍ ഓഫ് അറബ് ബേങ്ക്‌സ് വാര്‍ഷിക സമ്മേളനത്തില്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1993 മുതല്‍ യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കറന്‍സി ഇടപാട് കമ്പനിയാണ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ്. വ്യവസ്ഥാപിത ഇടപാടുകാര്‍ക്ക് മാത്രം വിദേശ നാണയ വിനിമയത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍, കോര്‍പറേറ്റ്, സര്‍ക്കാറിതര സ്ഥാപനങ്ങളെല്ലാം കമ്പനിയുടെ ഇടപാടുകാരാണ്.