ബ്ലാസ്‌റ്റേഴ്‌സിന് സമനില; ജയത്തിനായി ഇനിയും കാത്തിരിക്കണം

Posted on: October 10, 2016 9:55 am | Last updated: October 10, 2016 at 9:55 am

blastersകൊച്ചി: ഐ എസ് എല്‍ മൂന്നാം പതിപ്പില്‍ ആദ്യ രണ്ട് കളികളും തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ഇന്നലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അരലക്ഷത്തിലേറെ കാണികളുടെ പിന്തുണയോടെ കളത്തിലെത്തിയ ബ്ലാസ്റ്റേഴ്‌സ് പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നുവെങ്കിലും സ്‌ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മ തിരിച്ചടിയായി. സമനിലയില്‍ കുടുങ്ങിയെങ്കിലും ടീമിന് ആശ്വസിക്കാം, ഒരു പോയിന്റ് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍.
കഴിഞ്ഞ കളിയില്‍ നിന്ന് വ്യത്യസ്തമായി മൈക്കല്‍ ചോപ്ര, അന്റോണിയോ ജര്‍മന്‍, ഡക്കന്‍സ് നാസണ്‍ എന്നീ വിദേശ താരങ്ങളെ സ്‌ട്രൈക്കര്‍മാരായി ഇറക്കിയിട്ടും ഒരിക്കല്‍ പോലും എതിര്‍വല കുലുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇന്നലെ നടത്തിയത്.
കളിയുടെ അഞ്ചാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് നല്ലൊരു അവസരം ലഭിച്ചു. ഹോസു തുടങ്ങിവെച്ച നീക്കത്തിനൊടുവില്‍ പന്ത് പ്രതിക് ചൗധരിക്ക്. പന്ത് കിട്ടിയ ചൗധരി വച്ചുതാമസിപ്പിക്കാതെ മൈക്കല്‍ ചോപ്രയെ ലക്ഷ്യമാക്കി മറിച്ചു കൊടുത്തു. ചോപ്ര തലകൊണ്ട് ഡല്‍ഹി ബോക്‌സിലേക്ക് പന്ത് മറിച്ചുകൊടുത്തെങ്കിലും മുഹമ്മദ് റഫീഖ് കണക്ട് ചെയ്യുന്നതിന് മുമ്പ് ഡല്‍ഹി ഗോള്‍കീപ്പര്‍ അന്റോണിയോ ഡൊബ്‌ലാസ് പന്ത് കൈയിലൊതുക്കി അപകടം ഒഴിവാക്കി.
അധികം കഴിയും മുമ്പേ സുന്ദരമായ നീക്കത്തിനൊടുവില്‍ ഹോസു നല്‍കിയ ക്രോസ് കണക്ട് ചെയ്യാനും ആരുമുണ്ടായില്ല. 10ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ മുതലാക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. രണ്ട് മിനുട്ടിന് ശേഷം നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ മൈക്കല്‍ ചോപ്ര ബോക്‌സിന് പുറത്തുനിന്ന് ഒരു ലോംഗ്‌റേഞ്ചര്‍ പറത്തിയെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലുടെ പറന്നു.
18ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക്. അന്റോണിയോ ജര്‍മനെ ഫൗള്‍ ചെയ്തതിന്. ഹോസു എടുത്ത ഫ്രീകിക്ക് കോര്‍ണര്‍ വഴങ്ങി ഡല്‍ഹി താരം രക്ഷപ്പെടുത്തി. തുടര്‍ന്ന് ഹോസു എടുത്ത കോര്‍ണറിനും അപകടഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
20ാം മിനുട്ടില്‍ ഡല്‍ഹിക്ക് ഫ്രീകിക്ക്. എന്നാല്‍ മലൂദ എടുത്ത കിക്ക് ഭീഷണി ഉയര്‍ത്താതെ കടന്നുപോയി. മലൂദയെ വിദഗ്ധമായി മധ്യനിരയില്‍ വച്ചുതന്നെ അസ്‌റാക്ക് പൂട്ടിയതോടെ ഡല്‍ഹി മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. 24ാം മിനുട്ടില്‍ കീന്‍ ലൂയിസ്, മിലന്‍ സിംഗിന്റെ പാസ് സ്വീകരിച്ച് ഒരു ലോംഗ് ഷോട്ട് പായിച്ചെങ്കിലും പന്ത് ലക്ഷ്യത്തില്‍ നിന്ന് ഏറെ അകലേക്കൂടി പറന്നു. കഴിഞ്ഞ കളിയിലെ ഹോറോ മാഴ്‌സെലോക്ക് ഹോസുവിനെ കബളിപ്പിച്ച് ഏറെ മുന്നേറാന്‍ കഴിയാതിരുന്നത് ഡല്‍ഹിക്ക് വിനയായി. 31ാം മിനുട്ടില്‍ പ്രതീക് ഹോസ് നല്‍കിയ ലോംഗ് ക്രോസ് പ്രതിക് ചൗധരിക്ക് കിട്ടുന്നതിന് മുന്‍പ് ഡല്‍ഹി ഗോളി ഡൊബ്‌ലാസ് പന്ത് കൈയിലൊതുക്കി.
34ാം മിനുട്ടില്‍ മിലന്‍ സിംഗിന്റെ ഷോട്ട് ലക്ഷ്യംതെറ്റി പറന്നതോടെ ഡല്‍ഹിയുടെ ദിനമല്ലെന്ന് തോന്നിച്ചു. ഹോസുവും ഹെംഗ്ബര്‍ട്ടും ജിംഗാനും പ്രതിരോധത്തില്‍ മികച്ചുനിന്നതോടെ ആദ്യപകുതിയില്‍ ആസൂത്രിതമായ ഒരു നീക്കം പോലും നടത്താന്‍ സന്ദര്‍ശകര്‍ക്കായില്ല. 40ാം മിനുട്ടില്‍ ഹോസു നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ജര്‍മന്. ജര്‍മന്‍ പന്ത് ഡക്കന്‍സ് നാസണ് മറിച്ചുകൊടുത്തെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ദുര്‍ബലമായിരുന്നു. തൊട്ടുപിന്നാലെ കേരളത്തിന് കോര്‍ണര്‍. എന്നാല്‍ ഹോസു എടുത്ത കിക്ക് അപകടഭീഷണി ഉയര്‍ത്താതെ കടന്നുപോയി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം. ആരാധകര്‍ ഗോളെന്നുറപ്പിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കേ മൈക്കല്‍ ചോപ്രായുടെ ഷോട്ട് ഇടതുപോസ്റ്റ് ഉരുമ്മി പുറത്ത്. പ്ലേ മേക്കര്‍ ഹോസുവായിരുന്നു ഈ സുവര്‍ണാവസരം ഒരുക്കിയത്. പരുക്ക് സമയത്ത് ഹോസു എടുത്ത ഫ്രീകിക്കും ലക്ഷ്യം കാണാതിരുന്നതോടെ ആദ്യ പകുതി ഗോള്‍രഹിതം. ചെന്നൈയിന്‍ എഫ് സിക്കെതിരെ നടത്തിയ പ്രകടനത്തിന്റെ ഏഴയലത്തുപോലും വരാത്ത കളിയായിരുന്നു ഡല്‍ഹി ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്. അവരെ തടഞ്ഞിട്ടതിന്റെ ഫുള്‍ ക്രഡിറ്റും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരക്ക് സ്വന്തം.
രണ്ടാം പകുതിയുടെ ആദ്യ മിനുട്ടില്‍ ഡല്‍ഹിക്ക് കോര്‍ണര്‍. എന്നാല്‍ മലൂദ എടുത്ത കിക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ കളംനിറഞ്ഞു കളിച്ച ഹോസു ഡല്‍ഹി ബോക്‌സിലേക്ക് എടുത്ത സുന്ദരമായ ഫ്രീ കിക്ക് ജിംഗാന് കിട്ടുന്നതിന് മുമ്പ് ഡൊബ്‌ലാസ് കുത്തിയകറ്റി രക്ഷപ്പെടുത്തി.
ഇതിനിടെ ജിംഗാനുമായി കൂട്ടിയിടിച്ച് ഡൊബ്‌ലാസിന് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഡൊബ്‌ലാസിനെ തിരിച്ചുവിളിച്ച് ഡല്‍ഹി പരിശീലകന്‍ സബ്രോട്ട മെയ്‌തേയി സോറത്തെ ഗോള്‍വലക്ക് മുന്നില്‍ എത്തിച്ചു. 59ാം മിനുട്ടില്‍ ഡല്‍ഹിക്ക് കോര്‍ണര്‍. മലൂദ എടുത്ത കിക്കും അപകടമുണ്ടാക്കാതെ പോയി. പിന്നീട് ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് ലഭിച്ച ഫ്രീകിക്കും അവര്‍ക്ക് ഗുണം ചെയ്തില്ല. 61ാം മിനുട്ടില്‍ സുന്ദരമായ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച ഡക്കന്‍സ് ബോക്‌സിനുള്ളില്‍ പ്രവേശിച്ച് ശേഷം ഷോട്ട് ഉതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹി പ്രതിരോധനിരതാരം കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന് ഹോസു എടുത്ത കോര്‍ണറും വിഫലമായി.
64ാം മിനുട്ടില്‍ പ്രതിരോധത്തിലെ കരുത്തന്‍ സെഡ്രിക് ഹെംഗ്ബര്‍ട്ടിനെ പിന്‍വലിച്ച് എല്‍ഹാദ്ജി നോയെ കോപ്പല്‍ കളത്തിലെത്തിച്ചു. 65ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലെ ഏറ്റവും നല്ല സുവര്‍ണാവസരം. ജര്‍മന്റെ ക്രോസ് അനായാസം വലയിലെത്തിക്കാമായിരുന്നിട്ടും മൈക്കല്‍ ചോപ്രയുടെ ഹെഡ്ഡര്‍ സൈഡ് നെറ്റില്‍ പതിച്ചു. രണ്ട് മിനുട്ടിന് ശേഷം കീന്‍ ലൂയിസിനെ പിന്‍വലിച്ച് ഡൈനാമോസ് ബ്രൂണോ പെല്ലിസ്സാറിയെ കളത്തിലിറക്കി. 75ാം മിനുട്ടില്‍ ഡക്കന്‍സ് നാസണെ പിന്‍വലിച്ച് ബല്‍ഫോര്‍ട്ടിനെ കളത്തിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറി. എന്നാല്‍ അവസരങ്ങള്‍ പാഴാക്കുന്നതിലായിരുന്നു ടീം മുന്നിട്ടുനിന്നത്. 80ാം മിനുട്ടില്‍ പന്തുമായി ഇടതുവിംഗിലൂടെ കുതിച്ചുകയറിയശേഷം ബെല്‍ഫോര്‍ട്ട് നല്‍കിയ സുന്ദരമായ ക്രോസിന് ചോപ്ര ഹെഡ്ഡറുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ചോപ്രക്ക് മഞ്ഞക്കാര്‍ഡ്. പന്തുമായി ബോക്‌സില്‍ പ്രവേശിച്ചശേഷം അനാവശ്യമായി വീണ് പെനാല്‍റ്റിക്ക് വേണ്ടി വാദിച്ചതാണ് കാരണം. രണ്ട് മിനുട്ടിന് ശേഷം ഡല്‍ഹിയുടെ ബ്രൂണോ പെലിസ്സാറിക്കും ബുക്കിംഗ്. തുടര്‍ന്ന് കളി പരിക്കുസമയത്തേക്ക്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കനപ്പെടുത്തുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും ലക്ഷ്യം അകന്നതോടെ കളി ഗോള്‍രഹിത സമനിലയില്‍. 14ന് മുംബൈ സിറ്റി എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.