ലഹരിക്കടത്തില്‍ സംസ്ഥാനത്ത് പാലക്കാട് ഒന്നാമത്

Posted on: October 10, 2016 9:52 am | Last updated: October 10, 2016 at 10:49 am

drugsപാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ നാലുമാസത്തെ കണക്കെടുക്കുമ്പോള്‍ ലഹരിവസ്തുക്കള്‍ പിടികൂടിയ കേസുകളുടെ എണ്ണത്തില്‍ പാലക്കാട് ഒന്നാം സ്ഥാനത്താണ്. കോട്പ (സിഗരറ്റ്‌സ് ആന്‍ഡ് ടുബോക്കോ പ്രോഡക്ട് ആക്ട്) പ്രകാരം ജൂണില്‍ 485 കേസുകള്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തു. ജൂലൈയില്‍ 650, ആഗസ്റ്റില്‍ 722 എന്നിങ്ങനെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഈ മാസം ഇതുവരെ 695 കേസുകളും.
ലക്ഷക്കണക്കിനു പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് നാല് മാസത്തിനിടെ പിടികൂടിയത്. കഴിഞ്ഞ ഒന്നര ആഴ്ച ക്കിടെ മാത്രം മൂന്നര ലക്ഷം പാക്കറ്റ് ഉത്പന്നങ്ങള്‍ പിടിച്ചിട്ടുണ്ട്. ഇവയില്‍ പട്ടാമ്പിയില്‍ നിന്ന് ഒന്നരലക്ഷം പാക്കറ്റും ചന്ദ്രനഗറില്‍ നിന്ന് 75000, ഗോവിന്ദാപുരത്ത് 65000, ചെര്‍പ്പുളശേരിയില്‍ 78000 എന്നിങ്ങനെ വീതം പാക്കറ്റും ഉള്‍പ്പെടുന്നു. 425 കിലോ കഞ്ചാവും ജില്ലയില്‍ നിന്ന് എക്‌സൈസ് പിടികൂടി.
എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് സ്ഥാനമേറ്റെടുത്തതോടെ കേസുകളുടെ എണ്ണം നാലിരട്ടിയായി കൂടി. സ്ഥലപരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന എക്‌സൈസ് ഓഫിസുകള്‍ക്ക് പുകയില ഉത്ന്നങ്ങള്‍ കൂടി സൂക്ഷിക്കേണ്ടി വന്നതോടെ പല റേഞ്ച് ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്. പുകയിലയും മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും കോടതിയില്‍ ഹാജരാക്കാനുള്ള സാമ്പിളിനു ശേഷം നശിപ്പിച്ചു കളയാമെങ്കിലും പുകയില ഉത്പന്നങ്ങളില്‍ അതു സാധ്യമല്ല.
നേരത്തെ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയിലെത്തിച്ച് കുഴിയെടുത്തു മൂടാറുണ്ടെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. ഇതോടെ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് പാക്കറ്റ് ഉത്പന്നങ്ങള്‍ എപ്രകാരം നശിപ്പിക്കുമെന്നറിയാതെ എക്‌സൈസ് വെട്ടിലായി. പോലീസ് എ ആര്‍ ക്യാമ്പുകളിലെ ഗോഡൗണുകളില്‍ കഞ്ചാവ് സൂക്ഷിക്കുകയും നശിപ്പിച്ചു കളയുകയുമാണ് ചെയ്യുക.
ജില്ലയില്‍ വിവിധ ഓഫീസുകളിലായി കോടികള്‍ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നത്. ജില്ലയിലുള്ള ഒമ്പത് എക്‌സൈസ് ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനയില്‍ പിടികൂടുന്ന പുകയില ഉത്പന്നങ്ങള്‍ റേഞ്ച് ഓഫീസുകളിലാണ് സൂക്ഷിക്കുന്നത്.പിടിച്ചെടുത്ത് ലഹരിവസ്തുക്കള്‍ നശിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ALSO READ  നിരോധിത മരുന്നുകൾ കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു