മദ്‌റസ അധ്യാപക ക്ഷേമനിധിക്കായി ബോര്‍ഡ് രൂപവത്കരിക്കും: മന്ത്രി

Posted on: October 10, 2016 9:50 am | Last updated: October 10, 2016 at 9:50 am

kt jaleelകോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധിക്കായി ബോര്‍ഡ് രൂപവത്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി തദ്ദേശ ഭരണ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മദ്‌റസ അധ്യാപക ഭവന വായ്പാ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി വഴി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ക്ഷേമനിധിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
കേരളത്തില്‍ ഒരു ലക്ഷത്തിലേറെ മദ്‌റസ അധ്യാപകരുണ്ടെങ്കിലും വെറും 16000 പേര്‍ മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ഇതിനൊരു മാറ്റം വരണം. മദ്‌റസ മാനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണം. ഇതിനായി അടുത്ത് തന്നെ മദ്‌റസ മാനേജ്‌മെന്റുകളുടെ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. വളരെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവരാണ് മദ്‌റസ അധ്യാപകര്‍. അത് കൊണ്ടാണ് പാലോളി കമ്മീഷന്റെ ശിപാര്‍ശ പ്രകാരം ഇത്തരമൊരു ക്ഷേമനിധി കൊണ്ടു വന്നത്. എന്നാല്‍ അധ്യാപകര്‍ ഇക്കാര്യത്തില്‍ മടിച്ചു നില്‍ക്കുകയാണ്. അവരുടെ സേവന വേതന വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തണമെന്നും ആഗ്രഹിക്കുന്നുണ്ട്.
മദ്‌റസ ക്ഷയിക്കുന്ന അവസ്ഥയുണ്ടാകുന്നത് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നവര്‍ക്ക് അനുകൂലമായി മാറും. മദ്‌റസ വിദ്യാഭ്യാസം കാരണമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംകളില്‍ വേരോട്ടം ലഭിക്കാതെ പോയത്. മറ്റ് മതവിശ്വാസികളോട് സ്‌നേഹം വളര്‍ത്തിയതും ദേശീയ ബോധം ഉണ്ടാക്കിയതും മദ്‌റസകളുടെ പ്രവര്‍ത്തന ഫലമാണ്. ഒരു ആരാധാനാലയങ്ങളും ആയുധ പരിശീലന കേന്ദ്രമായി മാറാന്‍ അനുവദിക്കരുത്.മതാന്ധതരുടെ പിടിയില്‍ നിന്ന് ആരാധനാലയങ്ങള്‍ മോചിപ്പിക്കപ്പെടണം. അന്യ മതസ്ഥരോട് വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള മത പഠനം എന്ന പേരില്‍ സംഘടിപ്പിക്കുന്നത് ആരായാലും അനുവദിക്കാന്‍ പാടില്ല. അത്തരം സമീപനങ്ങള്‍ സമൂഹത്തില്‍ വലിയ അകല്‍ച്ചയുണ്ടാക്കും. നല്ല ഇന്നലെകളെ ഓര്‍മപ്പെടുത്തി സമൂഹത്തില്‍ സ്‌നേഹം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.കോഴിക്കോട് അനുവദിച്ച വഖഫ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍ദേശിക്കപ്പെട്ട സദ്ഭാവനാ മണ്ഡപങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.