ദോഹ- അബുദബി ഹൈപ്പര്‍ലൂപ് സാധ്യത അവതരിപ്പിച്ച് വിദഗ്ധര്‍

Posted on: October 8, 2016 7:28 pm | Last updated: October 8, 2016 at 7:28 pm
SHARE

hiper-loopദോഹ: സമുദ്രാന്തര്‍ തുരങ്കത്തിലൂടെ അബുദബിയെയും ദോഹയെയും ബന്ധിപ്പിച്ച് ഹൈപ്പര്‍ലൂപ് സേവനം നടത്താമെന്ന് പ്രമുഖ കമ്പനി. ഇത് സാധ്യമായാല്‍ 22 മിനുട്ടുകൊണ്ട് അബുദബിയില്‍ നിന്ന് ദോഹയിലെത്താം. സഊദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും ഈ ശൃംഖല വ്യാപിപ്പിക്കാവുന്നതാണെന്നും ലോസാഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ലൂപ് വണ്‍ കമ്പനി അധികൃതര്‍ നിര്‍ദേശിക്കുന്നു.
റിയാദില്‍ താമസവും ദുബൈയില്‍ ജോലിയും അബുദബിയില്‍ ഡിന്നറും ഖത്വറില്‍ നിന്ന് സിനിമയും കാണുന്ന ഒരു ജീവിതം അതിവിദൂരത്തല്ലെന്ന് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സി ഇ ഒ സെയ്ഫ് അല്‍ അലീലി പറയുന്നു.
ദുബൈയില്‍ 2020ന് മുമ്പായി ഹൈപ്പര്‍ലൂപ് സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2013ല്‍ ടെല്‍സ സഹസ്ഥാപകന്‍ എലോണ്‍ മസ്‌ക് ആണ് ഹൈപ്പര്‍ലൂപ് ആശയം മുന്നോട്ടുവെച്ചത്. ഇപ്പോഴും ഇത് പരീക്ഷണത്തിലാണ്. ഘര്‍ഷണം കുറഞ്ഞ കുഴലിലൂടെ കാന്തത്തിന്റെയും വൈദ്യുതിയുടെയും പിന്‍ബലത്തോടെ പോഡുകള്‍ ചലിക്കുന്ന സംവിധാനമാണിത്. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1220 കിലോമീറ്ററാണ്.
ദുബൈയില്‍ നിര്‍മിക്കുന്ന ഹൈപ്പര്‍ലൂപിന്റെ രൂപകല്പന തിരഞ്ഞെടുക്കല്‍ ചടങ്ങിലാണ് രാജ്യത്തിന് പുറത്തേക്കും ഈ സാധ്യതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഖത്വറിനെയും ദുബൈയെയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെയും ബന്ധിപ്പിച്ച് ഹൈപ്പര്‍ലൂപ് സംവിധാനം നിലവില്‍ വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here