എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Posted on: October 8, 2016 5:04 am | Last updated: October 8, 2016 at 12:04 am

തിരുവനന്തപുരം: എ ഐ വൈ എഫിന്റെ 20-ാം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം. എ ഐ വൈ എഫിന്റെ സമ്മേളന പതാക പുത്തരിക്കണ്ടം മൈതാനിയിലെ എ പി സരിത് നഗറില്‍ ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഉയര്‍ത്തി.
വിവിധ സ്മൃതമണ്ഡപങ്ങളില്‍ നിന്ന് എത്തിച്ച പതാക, ബാനര്‍ കൊടിമരം, ദീപശിഖ ജാഥകള്‍ ഇന്നലെ വൈകുന്നേരത്തോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ചു. സംഘടനയുടെ മുന്‍കാല നേതാക്കള്‍ പതാക, ബാനര്‍ കൊടിമരം, ദീപശിഖ എന്നിവ ഏറ്റുവാങ്ങി. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും ചെണ്ടമേളത്തിന്റെയും നാടന്‍ കലാരൂപങ്ങളുടെയും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയില്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് ആനയിച്ചു.
തുടര്‍ന്ന് ദളിത് പീഡനങ്ങള്‍ക്കെതിരെയുള്ള ബഹുജന കൂട്ടായ്മ സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിനാല്‍ സ്വയം രക്തസാക്ഷിത്വം വരിച്ച രോഹിത് വെമൂലയുടെ സഹോദരന്‍ രാജവെമൂല സമ്മേളനത്തില്‍ സംബന്ധിച്ചു. എന്‍ രാജന്‍ അദ്ധ്യത വഹിച്ചു. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ, വിനയന്‍, പി പ്രസാദ്, ഇ എം സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രശാന്ത് രാജന്‍ സ്വാഗതവും പി മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
ഇന്നു വൈകുന്നേരം മൂന്ന് മണിക്ക് എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ റാലിയോടെ നടക്കും. സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജി കൃഷ്ണപ്രസാദ് സമ്മേളനത്തില്‍ അദ്ധ്യക്ഷനാകും. കെ ഇ ഇസ്മായില്‍, എ ഐ വൈ എഫ് ദേശീയ പ്രസിഡന്റ് അഫ്താഫ് ആലംഖാന്‍, സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, സി ദിവാകരന്‍ എം എല്‍ എ, കെ രാജന്‍ എം എല്‍ എ, വി വിനില്‍, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.