ഈ വര്‍ഷം 22 ലക്ഷം സന്ദര്‍ശകരെത്തി

Posted on: October 7, 2016 8:30 pm | Last updated: October 7, 2016 at 8:30 pm

ദോഹ: ഈ വര്‍ഷം ഇതു വരെ 22 ലക്ഷം സന്ദര്‍ശകര്‍ രാജ്യത്തെത്തിയെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി. ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശനം വര്‍ധിക്കുന്നുവെന്നും ക്യു ടി എ റിപ്പോര്‍ട്ട് പറയുന്നു. ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് ജനുവരി- സെപ്തംബര്‍ കാലയളവില്‍ രാജ്യത്തെത്തിയവരിലേറെയും. സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം, എട്ട്, 15 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. ബഹ്‌റൈനില്‍ നിന്നുള്ള സന്ദര്‍ശകരില്‍ മൂന്നു ശതമാനവും കുവൈത്തുകാരില്‍ രണ്ടു ശതമാനവുമാണ് വര്‍ധന.
അതേസമയം ഒമാനില്‍ നിന്നുള്ള സന്ദര്‍ശകരില്‍ അഞ്ചു ശതമാനം കുറവു രേഖപ്പെടുത്തി. 2015നെക്കാള്‍ ഈ വര്‍ഷം ആദ്യ ഒമ്പതു മാസത്തിനിടെ അമേരിക്കയില്‍ നിന്നുളള സന്ദര്‍ശകരില്‍ അഞ്ചു ശതമാനം വര്‍ധനയുണ്ടായി.
സെപ്തംബര്‍ പകുതിയോടെ ആഴ്ച നീണ്ട പെരുന്നാള്‍ അവധിയില്‍ മേഖലയില്‍ നിന്നുള്ള സന്ദര്‍ശകര്‍ കുറഞ്ഞു. വിനോദ സഞ്ചാര സീസണ്‍ തുടങ്ങാനിരിക്കേ സഞ്ചാരികളുടെ എണ്ണം ഈ മാസത്തോടെ വര്‍ധിക്കുമെന്ന് ക്യു ടി എ പ്രതീക്ഷിക്കുന്നു.
45 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയുമായി ആദ്യ കപ്പല്‍ ഈ മാസം 18ന് ദോഹയിലെത്തുന്നതോടെ വിനോദ സഞ്ചാര മേഖല കൂടുതല്‍ ഉണര്‍വു രേഖപ്പെടുത്തും.