മകാനി മേല്‍വിലാസം പൊതുജനങ്ങള്‍ക്ക്

Posted on: October 7, 2016 7:28 pm | Last updated: October 7, 2016 at 7:28 pm

aaaദുബൈ: ദുബൈ നഗരസഭയുടെ മേല്‍വിലാസ പദ്ധതിയായ മകാനിയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നഗരസഭ അറിയിച്ചു. സ്വന്തമായി ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാന്‍ മകാനിയുടെ ഡാറ്റാബേസ് സൗജന്യമായി നല്‍കും. നഗരസഭയുടെ വെബ്‌സൈറ്റിലൂടെയായിരിക്കും ഡാറ്റാബേസ് ലഭ്യമാക്കുക. വ്യക്തികള്‍ക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇനി ഈ വിവരങ്ങള്‍ ഉപയോഗിച്ച് സ്വന്തം ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാം. ഡാറ്റാബേസില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ വെബ്‌സൈറ്റിലൂടെ അറിയിക്കും. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ദുബൈയിലെ എല്ലാ കെട്ടിടങ്ങള്‍ക്കും 10 അക്ക നമ്പര്‍ നല്‍കുന്നതാണ് മകാനി പദ്ധതി. നമ്പര്‍ അടങ്ങുന്ന ഫലകം എല്ലാ കെട്ടിടങ്ങളിലും സ്ഥാപിക്കും. മൊബൈല്‍ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും മകാനി നമ്പര്‍ രേഖപ്പെടുത്തിയാല്‍ അവിടേക്കുള്ള വഴി തെളിയും. ആദ്യമായി നഗരത്തിലത്തെുന്നവര്‍ക്ക് വഴിയറിയാതെ അലയേണ്ടി വരുന്ന അവസ്ഥ ഇതിലൂടെ ഒഴിവാകും. വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും സാധനങ്ങള്‍ കൃത്യമായി വീടുകളിലത്തെിക്കാനും പദ്ധതി സഹായകമാകും. മകാനി ഫലകം സ്ഥാപിക്കുന്ന രണ്ടാംഘട്ട പ്രവൃത്തി ഇപ്പോള്‍ നടന്നുവരികയാണ്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ 1.30 ലക്ഷം കെട്ടിടങ്ങള്‍ക്ക് മകാനി നമ്പര്‍ നല്‍കും.