തൊടുപുഴ: കട്ടപ്പനക്ക് സമീപം പുഷ്പഗിരിയില്‍ സ്വകാര്യ ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡില്‍ കൊച്ചുപറമ്പില്‍ അച്ചാമ(70), മകന്‍ ഷാജി (45), ഷാജിയുടെ മകന്‍ ഇവാന്‍ (ഒന്നര വയസ്സ്), ജെയിന്‍ (34), വാഹനത്തിന്റെ ഡ്രൈവര്‍ സിജോ (26) എന്നിവരാണ് മരിച്ചത്. പുഷ്പഗിരി മുരിക്കാശേരിയിലെ ബന്ധുവീട്ടില്‍ എത്തിയ ശേഷം തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് മടങ്ങുകയായിരുന്നു ഇവര്‍. പതിനൊന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ആറു പേരില്‍ മൂന്നുകുട്ടികളുണ്ട്.
അമിതവേഗത്തില്‍ വരുന്ന ബസ് കണ്ട് വാഹനം ഹെഡ് ലൈറ്റ് തെളിയിച്ച് റോഡരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബസ് വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. െ്രെഡവര്‍ സിജോ തല്‍ക്ഷണം മരിച്ചു. അമിത വേഗതയും റോഡിന്റെ വീതിക്കുറവുമാണ് അപകട കാരണമായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.മരിച്ച ഷിജുവിന് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിന് സമീപം റേഷന്‍ കടയുണ്ട്.
മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കു മാറ്റി. നാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
അപകടം നടന്നയുടന്‍ തന്നെ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തി. വൈകീട്ട് നാലരയോടെയാണ് അപകടം നടന്നതെങ്കിലും ഉള്‍പ്രദേശമായതിനാലാണ് അപകട വിവരം പുറത്തറിയാന്‍ വൈകിയത്.