തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പാക് അധീന കശ്മീരില്‍ ജനരോഷം

Posted on: October 7, 2016 6:00 am | Last updated: October 6, 2016 at 11:44 pm
SHARE
പാക് അധീന കശ്മീരില്‍ പ്രതിഷേധിക്കുന്നവര്‍
പാക് അധീന കശ്മീരില്‍ പ്രതിഷേധിക്കുന്നവര്‍

ജമ്മു: പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി, പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ തദ്ദേശീയരുടെ പ്രതിഷേധം. യാതൊരു നിയന്ത്രണവുമില്ലാതെ പ്രദേശമാകെ തീവ്രവാദികള്‍ താവളമാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഇത്തരം ക്യാമ്പുകളില്‍ പ്രദേശത്തെ ചിലര്‍ ഭക്ഷണം എത്തിച്ചുകൊടുക്കുകയാണെന്നും പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശി പറഞ്ഞു. തീവ്രവാദ ക്യാമ്പുകളിലെ ആയുധപരിശീലനം കാരണം മുസാഫറാബാദ്, കോത്‌ലി, ചിനാരി, മീര്‍പൂര്‍, ഗില്‍ഗിത്, ദിയാമര്‍, നീലും മേഖലകളിലെ ജീവിതം നരകപൂര്‍ണമായിരിക്കുകയാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. അടുത്തിടെ പാക് അധീന കശ്മീരിലെ ഗില്‍ഗിത്, ബാള്‍ട്ടിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോലീസ് നടത്തുന്ന ക്രൂരതകള്‍ സംബന്ധിച്ച് ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ജൂലൈ 21ന് നടന്ന പാക് അധീന കശ്മീര്‍ തിരഞ്ഞെടുപ്പിനെതിരെയും ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ ആകെയുള്ള 41 സീറ്റില്‍ 32ലും വിജയിച്ച് നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗാണ് അധികാരത്തിലെത്തിയത്. ഐ എസ് ഐയും പാക് സര്‍ക്കാറും ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുന്നു എന്നാരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
1947- 48ലെ ഇന്തോ പാക് യുദ്ധത്തിന് ശേഷമാണ് കശ്മീരിന്റെ മൂന്നിലൊന്ന് പ്രദേശം പാക്കിസ്ഥാന്‍ അധീനതയിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here