കുട്ടികളുടെ പ്രായനിര്‍ണയം;  ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും മാത്രം അടിസ്ഥാനരേഖയാക്കണം: ബാലാവകാശകമ്മീഷന്‍

Posted on: October 7, 2016 5:32 am | Last updated: October 6, 2016 at 11:34 pm
SHARE

തിരുവനന്തപുരം: കുട്ടികളുടെ പ്രായ നിര്‍ണയത്തിനുളള അടിസ്ഥാനരേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും മാത്രമാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും തൊഴില്‍-നൈപുണ്യവകുപ്പ് സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ജനന സര്‍ട്ടിഫിക്കറ്റിന്റേയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റേയും അഭാവത്തിലുള്ളത് പ്രായനിര്‍ണയത്തിനായുളള ശാസ്ത്രീയപരിശോധന മാത്രമായിരിക്കും. 18 വയസ്സിനുതാഴെയുള്ളവരുടെ കാര്യത്തില്‍ പ്രായ നിര്‍ണയത്തിന് മറ്റ് രേഖകള്‍ ഒന്നുംതന്നെ സ്വീകരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കുപോലും പാന്‍ കാര്‍ഡ് കിട്ടുന്നതായി വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച നടപടിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, മീന സി യു എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, കാലടി തുടങ്ങിയ സ്ഥലങ്ങളില്‍ 20 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കി സ്വകാര്യ ഏജന്‍സികള്‍ മുഖന 14 വയസ്സ് പോലും തികയാത്ത കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതായി സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അറിയിച്ചത് കമ്മീഷന്‍ ഗൗരവത്തോടെ പരിഗണിച്ചു. പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഹാജരാക്കപ്പെടുന്ന രേഖകളുടെ നിജസ്ഥിതി സേവനദാതാക്കള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കി നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കൊച്ചിയിലെ ആദായനികുതിവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി.
കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്. ഇരുപത് രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കി സ്വകാര്യ ഏജന്‍സികള്‍ മുഖന കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംഭവം അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കുന്നതിന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here